ദിലീപിന് നായിക ഉർവശി
March 13, 2018, 12:03 pm
ചെറുപ്പക്കാരികളായ നായികമാരെ തേടി നടക്കുന്നവരാണ് നായക താരങ്ങളിൽ അധികവും. സമകാലീനരായ നടിമാരായാൽ പോലും കുറച്ചു കാലം കഴിഞ്ഞാൽ അമ്മ സഹോദരി വേഷങ്ങളിലൊതുങ്ങാനാകും വിധി. എന്നാൽ, അതിനെല്ലാം അപവാദമായി ഒരു സിനിമ വരുന്നു. അതും മലയാളത്തിൽ. ജനപ്രിയ നായകനായ ദിലീപിന്റെ അടുത്ത ചിത്രത്തിൽ നായികയാകുന്നത് ആരാണെന്നോ മലയാളികളുടെ പ്രിയ നടി ഉർവശി. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥനി'ലാണ് ഈ താര ജോടികൾ ആദ്യമായി ഒന്നിക്കുന്നത്. ഇതിൽ ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവും എത്തുന്നു. എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഷഷ്ഠിപൂർത്തി കഴിഞ്ഞ കേശു എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ദിലീപിന് ചെറുപ്പക്കാരനായ ഗെറ്റപ്പും ഉണ്ടെന്നാണ് അറിയുന്നത്.

മലയാള മാസം ചിങ്ങം ഒന്നിന് എന്ന ചിത്രത്തിൽ ഉർവശിയുടെ സഹോദരിയും മലയാള സിനിമയുടെ ചിരിയുമായിരുന്ന നടി കൽപ്പന ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. കേശുവിലൂടെ സഹോദരിമാരുടെ നായകനായി എത്തിയ നടന്മാരുടെ പട്ടികയിൽ ദിലീപും. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്റെ തമിഴ് പതിപ്പായ അജിത്ത് ഫ്രം അറപ്പുക്കോട്ടൈയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് സംവിധായകൻ നാദിർഷ. അതിനു ശേഷമായിരിക്കും ഉറ്റസുഹൃത്തു കൂടിയായ ദിലീപിനെ നായകനാക്കിയുള്ള പ്രോജക്ടിലേക്ക് സംവിധായകൻ കടക്കുക. രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവമാണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് പൂർത്തിയാക്കിയത്. ക്യാമറമാൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭമായ പ്രൊഫ. ഡിങ്കനാണ് ദിലീപിന്റെ അടുത്ത പ്രോജക്ട്. അതിനു ശേഷമായിരിക്കും നാദിർഷയുടെ ചിത്രത്തിലെത്തുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ