കാറ്റുകൾ ഇനിയും വരും, പ്രതി കാലാവസ്ഥാ മാറ്റം
March 14, 2018, 12:10 am
എസ് . രാധാകൃഷ്ണൻ
തലവയ്ക്കാൻ സഹ്യനിലിന്ന് പച്ച വിരിപ്പില്ല, കാൽ നീട്ടാൻ സ്വഛാബ്ധിയിൽ മണൽതിട്ടയുമില്ല. വള്ളത്തോൾ പറയുന്നതുപോലെ സ്വന്തം മാതാവിനെ എങ്ങനെ വന്ദിക്കുമെന്ന് മലയാളിക്ക് നിശ്ചയമില്ലാത്ത ദിനങ്ങളാണ് വരാൻ പോകുന്നത്. വള്ളത്തോൾ പിന്നെയും പറയുന്നു, ആഴി വീചികളാണ് മാതാവിന്റെ കാലിൽ തൂവെള്ളച്ചിലമ്പുകളിടുവിക്കുന്നതെന്ന്. പക്ഷേ ആ
ആഴിവീചികൾക്ക് വരും ദിവസങ്ങളിൽ രൌദ്രഭാവമാണ്. കാലാവസ്ഥാ നിരീക്ഷകർ അതിന് കിലോമീറ്ററുകളുടെ കണക്കു പറയുന്നു. അറുപതിനുമേൽ വേഗമുണ്ടാകുമെന്നാണ് പ്രവചനം.
കേരളത്തിൽ ഒരു കാറ്റു വീശി മാസങ്ങൾ അധികം കഴിഞ്ഞിട്ടില്ല. അടുത്തതിന്റെ ഹുങ്കാരമിങ്ങെത്തി. ഇനി മലയാളിയുടെ മനസിൽ
കാറും കോളും സൃഷ്ടിച്ച് അറബിക്കടലിൽനിന്ന് ഇങ്ങനെ തുടരെ കാറ്റുവീശുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കാരണം? കാലാവസ്ഥാ
മാറ്റവും മനുഷ്യൻ സൃഷ്ടിക്കുന്ന മലിനീകരണവും.
ഭൂമിയിൽ കാലാവസ്ഥാ മാറ്റം തുടങ്ങുന്നതും അവസാനിക്കുന്നതും
കടലിലാണ്. അതുകൊണ്ടുതന്നെ കടലിനെ പുണർന്നു കിടക്കുന്ന കരയും
അവിടത്തെ മനുഷ്യരും അസ്വസ്ഥരാകും. അത്തരമൊരു അസ്ഥിരമായ
കരയായി മാറുകയാണ് കേരളം. മൂന്നുമാസംമുമ്പ് ഓഖി വന്നപ്പോൾ അത്
നാം അനുഭവിച്ചു. ആ കണ്ണീർ ഇനിയും വറ്റിയിട്ടില്ല. ഇപ്പോഴത്തെ കാറ്റിന് രൌദ്രഭാവമുണ്ടാവുകയില്ലായിരിക്കാം. പക്ഷേ ഈ കാറ്റ് വീശുന്ന സമയം നോക്കുക. മീനമാസത്തിലെ സൂര്യനെ കൊടുങ്കാറ്റും
മഴയും അകമ്പടി സേവിക്കാറില്ല. കടലിൽ കരുതിവച്ചിരിക്കുന്ന
ഈർപ്പത്തെ കേരളക്കരയിലെത്തിക്കുന്നത് ഇടവം മുതലാണ്. പക്ഷേ
കുംഭത്തിലെ കണിക്കൊന്ന പോലെ ഇപ്പോൾ കാണുന്നതിനൊന്നും മാസക്കണക്കില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. അതുകൊണ്ട് കാലം തെറ്റി
മഴ പെയ്യുകയും പിന്നാലെ വരുന്ന സൂര്യൻ മണ്ണിനെ ഉണക്കി മനുഷ്യനെ
വറചട്ടിയിലാക്കുകയും ചെയ്യുന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങൾ
പോകുന്നത്. കാലത്തിന്റെ അവസ്ഥ ഭൂമിയിലെങ്ങും പിഴയ്ക്കുമ്പോൾ അതിന്
കേരളീയരുടെ ജീവിതത്തിന്റെ ഭാഗമായ അറബിക്കടലും
സാക്ഷിയാകുമെന്ന് വിദഗ്ധ പഠനങ്ങൾ പറയുന്നു.
ഓഖിയ്ക്കു പിന്നാലെ അറബിക്കടലിലെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പ്രിൻസ്ടൺ സർവകലാശാല കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച പ്രബന്ധം
ശ്രദ്ധേയമാണ്. 2014ൽ അറബിക്കടലിലുണ്ടായ ചുഴലിക്കാറ്റിനെ
ആധാരമാക്കി നടത്തിയ പഠനം പറയുന്നത് നാശം വിതയ്ക്കുന്ന
കൊടുങ്കാറ്റുകൾ സമയത്തും അസമയത്തുമൊക്കെ ഇനിയും വരുമെന്നാണ്. ഇത് അറബിക്കടലിന്റെ കാര്യത്തിൽ മാത്രമുള്ളതല്ല. ലോകമെങ്ങും അങ്ങനെയായിരിക്കും. പക്ഷേ താരതമ്യേന ശാന്തമെന്ന് നാം കരുതുകയും കവികൾ പാടുകയും ചെയ്ത ഒരു കടലിന്റെ കഥയാണ് നമുക്ക്
മുന്നിലുള്ളത്. ഓഖിയ്ക്കുപിന്നാലെ മറ്റൊരു കാറ്റു കൂടി വിളിക്കാതെ
വിരുന്നു വരികയും ഇനി കൂടുതൽ വരാനിരിക്കുകയും ചെയ്യുമ്പോൾ മാറാൻ പോകുന്നത് നമ്മുടെ ജീവിതരീതികളാണ്. ഈയിടെ അമേരിക്കയിൽ വലിയൊരു നിർമാണ കമ്പനി ഒരു സ്റ്റാർട്ടപ് സ്ഥാപനത്തിന്റെ സഹായം തേടി. എന്തിനാണെന്നോ? തങ്ങളുടെ പ്രോജക്ടുകളിൽ കാലാവസ്ഥാമാറ്റം വരുംവർഷങ്ങളിൽ ചെലുത്താൻ പോകുന്ന സ്വാധീനം എന്തായിരിക്കും എന്നറിയാൻ.
നമ്മുടെ കടലോരത്തും കുന്നിൻചെരുവുകളിലുമുള്ളവർ കാതോർക്കുക. ഇവിടെയും ഇത്തരം പഠനങ്ങൾ വേണ്ടിവരും. കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുകയും കടൽവെള്ളം കയറിവരികയും ചെയ്യുമ്പോൾ മലയാളിക്ക് പോകാൻ സ്ഥലമില്ല. തൊട്ടപ്പുറത്തുള്ള മാലിക്കാരെ പോലെ എല്ലാം വിറ്റുപെറുക്കി
നാടുവിടുന്ന കാലം അതിവിദൂരമല്ലെന്ന വസ്തുത ഇപ്പോഴത്തെ
തലമുറകളെ അലട്ടുന്നില്ല. പക്ഷേ... വരുംകാലത്തേയ്ക്ക് അതൊരു വലിയ
പക്ഷേ തന്നെയാണ്. അറബിക്കടലിൽ2014നു പിന്നാലെ 2015ന്റെ അവസാനം തുടരെ രണ്ടു ചുഴലിക്കാറ്റുകളാണ് വീശിയടിച്ചത്. തുടർന്ന് ശാസ്ത്രജ്ഞർ സൃഷ്ടിച്ചെടുത്ത ഒരു മോഡൽ പ്രകാരം കണ്ടെത്തിയത് മൺസൂണിന്റെ ഇടവേളകളിൽ ഇത്തരം പ്രകൃതിക്ഷോഭങ്ങൾക്ക് സാധ്യതയേറിയിട്ടുണ്ടെന്നാണ്. പക്ഷേ
ഇപ്പോഴും കൃത്യമായ ഒരു മോഡലിനുവേണ്ടിയുള്ള ശ്രമം തുടരുകയാണ്.
അതിനു വിഘാതമാകുന്നതാകട്ടെ കാലാവസ്ഥയിൽ അപ്രതീക്ഷിതമായ
വ്യതിയാനങ്ങളും.
ഓഖി ചില സന്ദർഭങ്ങളിൽ എവിടെയൊക്കെയോ വച്ച് മണിക്കൂറിൽ
185 കിലോമീറ്റർ വരെ വേഗം ആർജിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അവിടെയൊക്കെ വച്ചിട്ടായിരിക്കണം പി.ഭാസ്‌കരൻ എഴുതിയതുപോലെ 'കരളിലെ മോഹക്കളിയോടങ്ങൾ
കണ്ണീർച്ചുഴിയിൽ' താഴ്ന്നത്. ആ കണ്ണീർ വറ്റുന്നതിനുമുമ്പ്
കളിയോടങ്ങൾ മുക്കാൻ അടുത്ത കാറ്റുമെത്തി. കേരളത്തിൽ ശരാശരി
ശക്തിയുള്ള കാറ്റിന് 55 കിലോമീറ്റർ വേഗമേയുള്ളു. കടലിൽ പോയാൽ മുഴുവൻ ജീവൻ പോകും. പോയില്ലെങ്കിൽ പട്ടിണിയുമായി പകുതി
ജീവൻ മാത്രം. ഒരു ചുഴലിക്കാറ്റിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ആടിയുലഞ്ഞത് നാം കണ്ടതാണ്. നഷ്ടപപരിഹാരം കൊടുക്കാനുള്ള കാശ് ഇനിയും കണ്ടെത്തിയിട്ടില്ല. അതിന്റെ ആഘാതം ഭരണാധികാരികളിലുണ്ടാക്കിയ അലോസരവും മാറിയിട്ടില്ല. ഒന്നിനുപുറകെ ഒന്നായി വിവാദങ്ങളും മന:മരണക്കണക്കുപോലെതന്നെ കോടികളുടെ കണക്കിന്മേലുള്ള തർക്കം തീരാതിരിക്കെ ഒരു കാറ്റും അതിനു പിന്നാലെ ശാസ്ത്രജ്ഞർ പറയുന്നതുപോലെ പല കാറ്റുകളും വന്നാൽ കേരളത്തിന്
പിടിച്ചുനിൽക്കാനാവില്ല. തീർത്തും അപരിചിതമായ പ്രകൃതിദുരന്തങ്ങളിലേയ്ക്കാണ് നാം പോകുന്നത്. അറബിക്കടലിലെ കാറ്റ് ബാധിക്കുന്നത് ലോകത്തിലെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥകളെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഗൾഫിൽ കാറ്റ്
ശക്തമായാൽ കേരളത്തെയാണ് അത് ബാധിക്കുക. ഇതിനുമുമ്പ് ഒമാനിലും മറ്റും വീശിയ കാറ്റുകൾ നഷ്ടക്കണക്കുകളുടെ കഥ പറഞ്ഞിട്ടുണ്ട്. പക്ഷേ കാലാവസ്ഥാമാറ്റം സൃഷ്ടിക്കാൻ പോകുന്ന നഷ്ടങ്ങളെക്കുറിച്ച് ഇപ്പോഴും നാം ബോധവാന്മാരായിട്ടില്ല. കാറ്റിനെ വരവേൽക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്ന് വർദ്ധിക്കുന്ന താപനിലയാണ്. പ്രിൻസ്ടൺ സർവകലാശാല പറയുന്നത് അറബിക്കടലിനെ കൊടുങ്കാറ്റിനെക്കുറിച്ചുള്ള മോഡലിലെ പഠനത്തിൽകണ്ടെത്തിയത് അന്തരീക്ഷത്തിൽ കാർബണിന്റെ അംശം വളരെ കൂടുതലായിരുന്നുവെന്നാണ്. പെട്രോളിയവും കൽക്കരിയും പോലുള്ള ഫോസിൽ ഇന്ധനങ്ങൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നതിന്റെ
ഫലമാണത്രെ ഇത്. ഇതിനുമുമ്പ് നടന്ന മറ്റൊരു പഠനത്തിലും ഇക്കാര്യം
തെളിയിക്കപ്പെട്ടിരുന്നു. ഇത് അന്തരീക്ഷ താപനില വർദ്ധിക്കുന്നതിനു
കാരണമാകുന്നു. രണ്ടു ഡിഗ്രി താപനില വർദ്ധിച്ചാൽ കൊടുങ്കാറ്റുകളുടെ എണ്ണം ഇന്നത്തേതിന്റെ പത്തിരട്ടിയാകുമെന്ന് അമേരിക്കയിലെ നീൽസ് ബോർ
ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. മനോഹരമായ പേരുമായെത്തുന്ന
ഇത്തരം ചുഴലികളുണ്ടാക്കുന്ന നാശം നാം അമേരിക്കയിൽ കണ്ടതാണ്.
ഇന്ന് ലോകത്തിൽ വീശുന്ന ചുഴലിക്കാറ്റുകളുടെ പകുതിയും കാലാവസ്ഥാ
മാറ്റത്തിലൂടെ ഉണ്ടാകുന്നതാണ് എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കാലാവസ്ഥാ പഠന മാതൃകയുള്ള പ്രിൻസ്ടൺ സർവകലാശാലയുടെ പഠനത്തെ മുഖവിലയ്ക്ക്
എടുക്കുന്നതിനോട് ചില ശാസ്ത്രജ്ഞർക്ക് എതിർപ്പുണ്ട്.
അറബിക്കടലിലെ താപനില വർദ്ധിക്കുന്നതല്ല കാറ്റിന്റെ ശക്തി

വർദ്ധിക്കാനുള്ള കാരണമായി അവർ പറയുന്നത് വായുപ്രവാഹം
സ്ഥിരമായി നിൽനിൽക്കുന്നതും അന്തരീക്ഷ മലിനീകരണവുമാണ്.
അറബിക്കടലിനു മുകളിലെ വായുപ്രവാഹത്തിലുള്ള അസ്ഥിരത
ചുഴലിക്കാറ്റിന് തടസമാണെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരടങ്ങുന്ന ആഗോള
പഠനസംഘം വ്യക്തമാക്കിയിട്ടുണ്ട്. ഈ അസ്ഥിരത ഇല്ലാതാകുന്നതും
മനുഷ്യസൃഷ്ടിയായ മലിനീകരണവുമാണ് അറബിക്കടലിൽ കൂടുതൽ
ചുഴലിക്കാറ്റുകൾക്ക് കാരണമാക്കുന്നത്. കഴിഞ്ഞ 30 വർഷത്തെ ചരിത്രം
ഇതു തെളിയിക്കുന്നു. ദക്ഷിണേഷ്യയിൽ മൂന്നു കിലോമീറ്റർ കനത്തിൽ
തവിട്ടു നിറത്തിലുള്ള മാലിന്യ മേഘപാളിയുണ്ടെന്നാണ് കാലാവസ്ഥാ
ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. ഇത് താപനില വർദ്ധിപ്പിക്കുകയും
കാറ്റിനെ ആകർഷിക്കുകയും ചെയ്യുന്നു. ചുറ്റും കരയാണെന്നത് ഈ
ചുഴലിക്കാറ്റുകളെ മാരകമാക്കുന്നു.
വീണ്ടും വള്ളത്തോൾ കവിതയിലേയ്ക്കുപോകാം:
വന്ദിപ്പിൻ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ...
സമുദ്രം തന്നത് സമുദ്രം തന്നെ തിരിച്ചെടുക്കുമോ എന്ന് ഇനി കാലം
തെളിയിക്കും. ഒരു മഴുവുമായി ഇനിയൊരു ഭാർഗവരാമൻ വരികയില്ല.
മഴുവേന്തി മലമുകളിൽ നിൽക്കുന്നവരോടു പോരാടി ഒരു രാമനും
വിജയൻ ആകാനാവില്ലെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. കടലിലെ മഴയും
ജപ്പാനിലെ കാറ്റുമൊക്കെയാണ് അവരുടെ പുതിയ വിചിത്രമായ
ആയുധങ്ങൾ. (ലേഖകന്റെ ഫോൺ:9846349296)

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ