എൻജിൻ തകരാർ: 11 വിമാനങ്ങൾക്ക് വിലക്ക് , 70 ഇൻഡിഗോ, ഗോ എയർ സർവീസുകൾ റദ്ദാക്കി
March 14, 2018, 12:03 am
ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു
തകരാർ അമേരിക്കൻ എൻജിന്

ന്യൂഡൽഹി: നിരന്തരം എൻജിൻ തകരാറുകൾ ഉണ്ടാകുന്ന പതിനൊന്ന് എ - 320 നിയോ വിമാനങ്ങൾക്ക് സുരക്ഷാ കാരണത്താൽ സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ 'പറക്കൽ വിലക്ക് ' ഏർപ്പെടുത്തിയതിനെ തുടർന്ന് ഇൻഡിഗോ, ഗോ എയർ കമ്പനികൾ ഇന്നലെ 70 സർവീസുകൾ റദ്ദാക്കി.
ഈ വിമാനങ്ങളുടെ രണ്ട് എൻജിനുകളിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്‌നി നിർമ്മിച്ച എൻജിനിലാണ് തകരാർ കണ്ടത്.
അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയതിനാൽ ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങൾക്കാണ് വിലക്ക്. ഇൻഡിഗോ അൻപതും ഗോ എയർ ഇരുപതും സർവീസുകളാണ് റദ്ദാക്കിയത്.
തിങ്കളാഴ്‌ച അഹമ്മദാബാദിൽ നിന്ന് ലക്‌നൗവിലേക്ക് പോയ ഇൻഡിഗോയുടെ എ - 320 നിയോ വിമാനം പറന്നുയർന്ന് 40 മിനിട്ടിനകം എൻജിൻ തകരാർ മൂലം തിരിച്ചിറക്കിയിരുന്നു. ഇതോടെയാണ് ഈ വിമാനങ്ങളെ ഡി.ജി.സി.എ വിലക്കിയത്. ഇൻഡിഗോയുടെ ഇതേ സിരീസിലെ മൂന്നു വിമാനങ്ങൾ എൻജിൻ തകരാർ മൂലം ഫെബ്രുവരി മുതൽ സർവീസ് നടത്തുന്നില്ല. സുരക്ഷാ കാരണങ്ങളാൽ മൊത്തം 14 വിമാനങ്ങളാണ് ഇതോടെ കട്ടപ്പുറത്തായത്.
ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, പാട്ന, ശ്രീനഗർ, ഭുവനേശ്വർ, ഗോഹട്ടി, അമൃത‌്സർ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
എല്ലാ നഗരങ്ങളിലേക്കും തങ്ങൾക്ക് നിരവധി സർവീസുകളുണ്ടെന്നും റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാരെ മറ്റു വിമാനങ്ങളിൽ ഉൾക്കൊള്ളാനാകുമെന്നും ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് അധികഫീസ് ഈടാക്കില്ലെന്നും മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. മാർച്ച് 25ന് പുതിയ സർവീസ് ഷെഡ്യൂൾ വരുന്നതുവരെ സർവീസ് റദ്ദാക്കൽ തുടരുമെന്നാണ് സൂചന.

ഇൻഡിഗോ
ആഭ്യന്തര സർവീസിന്റെ 40%
 ഒന്നാം സ്ഥാനം
 ദിവസം 1000 സർവീസ്

ഗോ എയർ
വിഹിതം 10%
ദിവസം 230 സർവീസ്
പ്രൊമോട്ടർ വാഡിയ ഗ്രൂപ്പ്

ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള ഇരട്ട എൻജിൻ യാത്രാവിമാനമാണ് എയർബസ് കമ്പനിയുടെ എ 320 വിമാനം
അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് പ്രാറ്റ് ആൻഡ് വിറ്റ്‌നി എൻജിൻ ഉപയോഗിക്കുന്ന എ 320 നിയോ
ലോകത്തെ 18 വിമാനക്കമ്പനികൾക്കായി ഇത്തരം 113 വിമാനങ്ങളുണ്ട്.
അതിൽ 45 എണ്ണവും ഇൻഡിഗോ, ഗോ എയർ എന്നിവയ്‌ക്കാണ്

തകരാറുകൾ
ഫെബ്രുവരി 24: ലേയിൽ നിന്ന് ടേക്കോഫ് ചെയ്ത ഗോ എയർ വിമാനത്തിന്റെ എൻജിൻ നിലച്ചു
മാർച്ച് 5: മുംബയിൽ നിന്ന് ടേക്കോഫ് ചെയ്‌ത ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാറ്
മാർച്ച് 12: അഹമ്മദാബാദിൽ നിന്ന് ടേക്കോഫ് ചെയ്ത ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാറ്
ഫെബ്രുവരിയിൽ യൂറോപ്പിലും എ 320 നിയോ വിമാനങ്ങളെ വിലക്കിയിരുന്നു
crr256words
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ