ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; 9 ജവാൻമാർക്ക് വീരമൃത്യു
March 14, 2018, 1:41 am
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്നലെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 9 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. 10 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹെലികോപ്ടറിൽ റായ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
മാവോയിസ്റ്റ് മേഖലയായ ബസ്തർ ഡിവിഷനിൽ സുക്മ ജില്ലയിലെ കിസ്തരാം പ്രദേശത്ത് വച്ച് ജവാന്മാർ സഞ്ചരിച്ചിരുന്ന കവചിത വാഹനം സ്‌ഫോടനത്തിൽ തകർക്കുകയായിരുന്നു. മൈൻ ഉൾപ്പെടെയുള്ള സ്ഫോടനത്തെ അതിജീവിക്കാൻ ശേഷിയുള്ള വാഹനം ഉഗ്രശേഷിയുള്ള നിരവധി കുഴിബോംബുകൾ ഒരുമിച്ച് പൊട്ടിച്ചാണ് തകർത്തത്.
ഇന്നലെ രാവിലെ എട്ടുമണിയോടെ മാവോയിസ്റ്റ് വിരുദ്ധ സേനയായ 208 കോബ്ര ബറ്റാലിയനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. സേന തിരിച്ചടിച്ചതോടെ മാവോയിസ്റ്റുകൾ പിൻവാങ്ങി. പിന്നീട് 12.30 ഓടെ കിസ്‌തരാം - പലോഡി റോഡിൽ വച്ചാണ് പതിവ് പട്രോളിംഗിന് ഇറങ്ങിയ ജവാന്മാരുടെ വാഹനം ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചു.
സൈനികരും മാവോയിസ്റ്റുകളും തമ്മിൽ കാലങ്ങളായി ഏറ്റുമുട്ടലുകൾ നടക്കുന്ന പ്രദേശമാണ് സുക്മ.
ഇവിടെ 11 ദിവസം മുൻപ് സൈന്യം 10 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഈ മാസം ആദ്യം 4000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അബുജ്മധ് (അജ്ഞാത മലകൾ) വനമേഖലയിൽ മൂന്ന് സ്ഥിരം സൈനിക ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു. ഇവിടെ നക്സലുകൾക്കെതിരെ സൈന്യം വർഷങ്ങളായി തുടരുന്ന 'ഓപ്പറേഷൻ മധി'ന്റെ ഭാഗമായി മിന്നലാക്രമണങ്ങൾ നടത്താനാണ് ക്യാമ്പുകൾ സ്ഥാപിച്ചത്. ഇതുവരെ സൈന്യം ഈ മേഖലയിൽ ഏതാനും ദിവസങ്ങൾ തങ്ങിയ ശേഷം അവശ്യസാധനങ്ങൾ തീരുമ്പോൾ തിരിച്ചു പോരുകയായിരുന്നു പതിവ്. സ്ഥിരം ക്യാമ്പായതോടെ എല്ലാ സന്നാഹങ്ങളുമായി സൈന്യത്തിന് വനത്തിൽ കഴിയാം. കഴിഞ്ഞ വർഷം സുക്‌മയിൽ രണ്ട് ആക്രമണങ്ങളിലായി 36 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.

രാജ്നാഥ് സിംഗ്
രാജ്യ സേവനത്തിനിടെ വീരമൃത്യു വരിച്ച ജവാൻമാർക്കു മുന്നിൽ വണങ്ങുന്നു. ജവാൻമാരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ