പ്രവാസിയുടെ ആത്മഹത്യ: ജാമ്യത്തിലിറങ്ങിയ എ.ഐ.വൈ.എഫ് പ്രവർത്തകർക്ക് സ്വീകരണം
March 13, 2018, 8:04 pm
തിരുവനന്തപുരം: കൊല്ലം പുനലൂരിൽ പ്രവാസി സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ മൂന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർക്ക് സ്വീകരണം നൽകിയത് വിവാദമാകുന്നു. പുനലൂർ ടൗണിൽ വച്ചാണ് എ.ഐ.വൈ.എഫ് നേതൃത്വം ഇവർക്ക് സ്വീകരണം ഒരുക്കിയത്. കേസിൽ അറസ്റ്റിലായ കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് ഉൾപ്പെയുള്ളവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നിർമ്മിക്കുന്നതിനെതിരെ എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് പ്രവാസി സംരംഭകനായ പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതനാണ് ആത്മഹത്യ ചെയ്തത്. കൊല്ലം തിരുമംഗലം ദേശീയപാതയ്ക്കരികിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷന് സമീപം വർക്ക് ഷോപ്പ് നടത്താനായി സുഗതൻ പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് നിർമ്മിക്കുന്നതിനെതിരെയാണ് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടികുത്തിയത്.

40 വർഷത്തോളം ഗൾഫിൽ വർക്ക്‌ഷോപ്പ് നടത്തി വന്ന സുഗതൻ രണ്ടുമാസം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തി വർക്ക്‌ഷോപ്പ് നടത്താൻ തീരുമാനിച്ചത്. വിളക്കുടി പഞ്ചായത്തിലെ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിൽ സമീപവാസിയായ ഒരാളുടെ നികത്തിയ വയൽ പാട്ടത്തിനെടുത്ത് വർക്ക്‌ഷോപ്പിനുള്ള ഷെഡിന്റെ നിർമ്മാണം ആരംഭിച്ചതോടെ എ.ഐ.വൈ.എഫ് നേതാക്കൾ തടസവാദവുമായി രംഗത്തെത്തി. പണം നൽകിയില്ലെങ്കിൽ നിർമ്മാണം അനുവദിക്കില്ലെന്നാരോപിച്ച് കൊടികുത്തുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെ പരാതി. 15 വർഷം മുൻപ് നികത്തിയ വയലാണ് സുഗതൻ പാട്ടത്തിനെടുത്തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ