അന്യഗ്രഹ ജീവികൾ സത്യമാണ്, അമേരിക്കൻ നേവിയുടെ ഈ വീഡിയോ തെളിവ്
March 13, 2018, 9:46 pm
വാഷിങ്‌ടൺ: അന്യഗ്രഹ ജീവികളെക്കുറിച്ചും ഭൂമിയ്‌ക്ക് പുറത്ത് ജീവനുണ്ടോയെന്ന ചോദ്യവും ലോകത്ത് എല്ലാകാലങ്ങളിലും വാദപ്രതിവാദങ്ങൾക്ക് കാരണമായിട്ടുള്ള വിഷയമാണ്. പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത കോണുകളിൽ വസിക്കുന്ന അന്യഗ്രഹ ജീവികൾ ഭൂമിയിലേക്കെത്തുമെന്നും മനുഷ്യരെ അടിമകളാക്കുമെന്നും വിശ്വാസിക്കുന്നവരും ഏറെയുണ്ട്. എന്നാൽ ഇതെല്ലാം കെട്ടുകഥകളാണെന്നാണ് മറുഭാഗത്തിന്റെ വാദം. അന്യഗ്രഹ ജീവികളെ കണ്ടെത്താൻ വിവിധ രാജ്യങ്ങളിലെ ഏജൻസികൾ ഗവേഷണം നടത്തുന്നുണ്ടെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ അടുത്തിടെ വരെ പ്രതികരിക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ അമേരിക്കൻ നാവിക സേന അടുത്തിടെ പുറത്തുവിട്ട വീഡിയോയാണ് അന്യഗ്രഹ ജീവികൾ സത്യമാണെന്ന സംശയം ബലപ്പെടുത്തിയത്.

മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അമേരിക്ക അതീവ രഹസ്യ പട്ടികയിൽ പെടുത്തിയിരിക്കുന്ന ഇത്തരം വീഡിയോകൾ പുറത്ത് വിടുന്നത്. പതിവ് പരീശീലന പറക്കലിനിടെ 2015ൽ ആകാശത്ത് വച്ച് യു.എഫ്.ഒ അഥവാ തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്‌തുവിനെ കണ്ടെത്തുന്നതാണ് വീഡിയോയിലുള്ളത്. ഒരാഴ്‌ചക്കിടെ ഇതേ രീതിയിലുള്ള ഒരു ഡസനിലധികം വസ്‌തുക്കളെ നാവിക സേന വിമാനങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ അടുത്തെത്തുമ്പോഴേക്കും ഇവ അപ്രത്യക്ഷമാവുകയാണ്. വെളുത്ത നിറത്തിൽ 40 അടി നീളമുള്ള വസ്‌തുവിനെയാണ് ആകാശത്ത് കണ്ടതെന്നും സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.എല്ലാം ഭൂമിയുടെ സുരക്ഷയ്‌ക്ക് വേണ്ടി
പ്രപഞ്ചത്തിൽ മനുഷ്യർ മാത്രമല്ല ജീവിക്കുന്നതെന്നും അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്താനുള്ള സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രതിരോധ ഗവേഷണ കേന്ദ്രം (പെന്റഗൺ) ഉദ്യോഗസ്ഥൻ ലൂയിസ് എലിസാണ്ടോ കഴിഞ്ഞ ഡിസംബറിൽ വെളിപ്പെടുത്തിയിരുന്നു. 2014ൽ കാലിഫോർണിയയിലെ ആകാശത്ത് കണ്ട തിരിച്ചറിയപ്പെടാത്ത വസ്‌തുവിനോട് പ്രതികരിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടർന്നാണ് ലൂയിസിന്റെ വെളിപ്പെടുത്തൽ. അന്യഗ്രഹ ജീവികളെ തിരിച്ചറിയുന്നതിനും അവയിൽ നിന്നുള്ള ഭീഷണി തടയുന്നതിനുമായി പെന്റഗൺ രഹസ്യ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അഡ്‌വാൻസ്ഡ് ഏവിയേഷൻ ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം എന്ന് പേരിട്ട ഈ ദൗത്യം അഞ്ച് വർഷം മുമ്പ് നിറുത്തി. എന്നാൽ ഈ പരീക്ഷണത്തിൽ പ്രപഞ്ചത്തിൽ മനുഷ്യർ തനിച്ചല്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തുന്നതും ആളുകൾ കണ്ടതായി പറയപ്പെടുന്നതുമായ തിരിച്ചറിയപ്പെടാത്ത വസ്‌തുക്കളെ നിരീക്ഷിച്ച് അവ ഭൂമിക്ക് ഭീഷണിയാണോ എന്ന് പരിശോധിക്കുന്നതായിരുന്നു തങ്ങളുടെ ജോലിയെന്ന് അദ്ദേഹം പറഞ്ഞു. ഈ പരീക്ഷണത്തിൽ നിരവധി കാര്യങ്ങളാണ് കണ്ടെത്താൻ കഴിഞ്ഞത്. എന്നാൽ ഇതിൽ എല്ലാ കാര്യങ്ങളും കൃത്യമായി വിശദീകരിക്കാൻ കഴിയാത്തതാണ്. ഈ സാഹചര്യങ്ങളിൽ യുക്തിക്കനുസരിച്ചാണ് നിഗമനങ്ങളിലെത്തിയത്. പക്ഷേ ഇപ്പോഴും പല കാര്യങ്ങളെക്കുറിച്ചും തങ്ങൾക്ക് വ്യക്തതയില്ല. പ്രപഞ്ചത്തിന്റെ ഏതോ കോണിൽ നിന്നുള്ള വിമാനം ഭൂമിയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരത്തിലുള്ള പല വസ്‌തുക്കളും തങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു രാജ്യത്തിന്റെയും ഉടമസ്ഥതയിലുള്ള വിമാനമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം വിമാനങ്ങൾ ഭൂമിയുടെ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാണ്. ഇവ നമുക്ക് പരിചിതമായ ചലന നിയമങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ