ന്യൂനമർദ്ദം കേരള തീരത്ത്, കർണാടകയിലേക്ക് നീങ്ങാൻ സാധ്യത
March 13, 2018, 10:18 pm
തിരുവനന്തപുരം: ശ്രീലങ്കയ്‌ക്ക് തെക്ക് പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമർദ്ദം ദിശ മാറുന്നു. ലക്ഷദ്വീപിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം ഇപ്പോൾ കേരള തീരം വഴി കർണാടകയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തിരുവനന്തപുരത്തിന് തെക്ക്പടിഞ്ഞാറ് 380 കിലോ മീറ്റർ ദൂരത്താണ് ന്യൂനമർദ്ദമുള്ളത്. അടുത്ത 24 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യതയില്ലെന്നാണ് വിവരം. എന്നാൽ കേരള - തമിഴ്നാട് തീരങ്ങളിൽ അതിശക്തമായ കടലാക്രമണം ഉണ്ടായേക്കാം. തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരത്തിൽ അടിക്കാൻ ഇടയുണ്ട്. ലക്ഷദ്വീപ് തീരത്ത് ചെറിയ രീതിയിൽ നാശനഷ്‌ടങ്ങളുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് എത്രയും വേഗം മടങ്ങിയെത്താൻ നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികൾ ആരും കടലിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ കോസ്റ്റ് ഗാർഡിന്റെ ആറ് കപ്പലുകളും നാല് വിമാനങ്ങളും തിരച്ചിൽ നടത്തുകയാണ്. കേരളത്തിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 41 ബോട്ടുകൾ ലക്ഷദ്വീപിൽ അഭയം തേടി. കൽപേനി ദ്വീപിൽ 36 ബോട്ടുകളും 382 തൊഴിലാളികളുമാണെത്തിയത്. ബിത്രയിൽ അഞ്ച് ബോട്ടുകൾ എത്തി. കൊച്ചിയിൽ നിന്നും കൊല്ലത്ത് നിന്നും മൽസ്യബന്ധനത്തിന് പോയവരാണ് ബോട്ടിലുള്ളതെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ