വിദേശികൾക്ക് തൊഴിൽ വിസ യോഗ്യരായ യു.എ.ഇ പൗരന്മാർ ഇല്ലെങ്കിൽ മാത്രം
March 13, 2018, 11:11 pm
ദുബായ്: യു.എ.ഇയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭരണകൂടം കൂടുതൽ നടപടികളിലേക്ക് കടക്കുന്നു. യു.എ.ഇ പൗരന്മാർ ഇല്ലെങ്കിൽ മാത്രമേ ഇനി വിദേശികൾക്ക് തൊഴിൽ വിസ അനുവദിക്കൂ. വിദേശ തൊഴിലാളികൾക്ക് തൊഴിൽവിസ അനുവദിക്കണമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.

പൊതു, സ്വകാര്യ മേഖലകളിൽ വിദേശികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നതിന് മുമ്പ് ഇതേ ജോലിക്ക് അനുയോജ്യരായ യു.എ.ഇ പൗരന്മാർ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഫെഡറൽ നാഷണൽ കൗൺസിലിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു തൊഴിലവസരമുണ്ടായാൽ യു.എ.ഇ പൗരനായ അപേക്ഷകന് പ്രഥമ പരിഗണന കൊടുക്കണമെന്നും ആവശ്യമുയർന്നു. എമിറാത്തി യുവാക്കൾ രാജ്യത്ത് തൊഴിൽ അന്വേഷിച്ച് അലയുന്നത് നല്ല പ്രവണതയല്ലെന്നും കൗൺസിൽ അംഗമായ ഹമദ് അൽ റഹൂമി പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ യു.എ.ഇ പൗരന്മാർക്ക് പരമാവധി ഉപയോഗപ്പെടുത്താൻ ഡാറ്റാബേസ് രൂപീകരിക്കണം. ഒരു വിദേശിക്ക് ജോലി നൽകുന്നതിന് മുമ്പ് സമാന യോഗ്യതയുള്ള യു.എ.ഇ പൗരന്മാർ ഈ ഡാറ്റാബേസിൽ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തിൽ റഹൂമി ആവശ്യപ്പെട്ടു.

എന്നാൽ സർക്കാർ ഇക്കാര്യത്തിൽ അനുഭാവ പൂർവമായ നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത ഒരു മന്ത്രി മറുപടി നൽകി. യു.എ.ഇ പൗരന്മാരുടെ തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. നാഷണൽ റിക്രൂട്ടിംഗ് പ്രോഗ്രാം ഇതിന് ഒരു ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ