പുഴയിലിറങ്ങിയതിന് വനപാലകർ വെടിവച്ചു, ആദിവാസി യുവാവ് ജീവനൊടുക്കി
March 13, 2018, 11:53 pm
കോഴിക്കോട്: പുൽപ്പള്ളി കന്നാരംപുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ വനപാലകരുടെ വെടിവയ്‌‌പിനിരയായ ആദിവാസി യുവാവ് ജീവനൊടുക്കി. വണ്ടിക്കടവ് പണിയ കോളനിയിലെ നാരായണന്റെ മകൻ വിനോദ് (25)ആണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്‌തത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയ വിനോദിന് നേരെ കർണാടക വനപാലകർ വെടിവച്ചത്. കൂലിപ്പണി കഴിഞ്ഞ് പഴശ്ശി സ്മൃതി മണ്ഡപത്തിനടുത്തുള്ള കന്നാരംപുഴയിൽ കുളിക്കാൻ പോയതായിരുന്നു. കേരള കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി പങ്കുവച്ച് ഒഴുകുന്ന ജലസ്രോതസാണ് കന്നാരംപുഴ. കുളിക്കാനിറങ്ങിയ വിനോദ് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനായി പുഴയോരത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പുഴ വറ്റിക്കിടക്കുന്നതിനാൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളം കെട്ടിക്കിടക്കുന്നത്. വനാതിർത്തിയിൽ കാട്ടുതീയും മറ്റും തടയാൻ നിന്നിരുന്ന രണ്ട് ഫോറസ്റ്റ് ഗാർഡുമാരാണ് വെടിവച്ചതെന്ന് വിനോദ് നാട്ടുകാരോട് പറഞ്ഞിരുന്നു. വെടിയൊച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വനപാലകർ ഇവിടെനിന്നും മാറിയിരുന്നു. വനപാലകരെ ഭയന്ന് വിനോദും ഓടി രക്ഷപ്പെട്ടു. കോളനിയോട് ചേർന്നുള്ള പാറയിൽ തട്ടി വീണ് വിനോദിനും പരിക്കേറ്റിരുന്നു. തുടർന്ന് വീട്ടിലെത്തിയ വിനോദ് ഏറെ വിഷണ്ണനായാണ് കഴിഞ്ഞിരുന്നത്.

വെടിയുതിർത്ത ഗാർഡിനെ സ്ഥലം മാറ്റി
സംഭവത്തിൽ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിനുകീഴിലെ വെള്ള റെയ്ഞ്ചിന്റെ കീഴിൽ ജോലി നോക്കിയിരുന്ന മഞ്ജുനാഥിനെതിരെ കർണാടക വനംവകുപ്പ് നടപടിയെടുത്തു. ഇയാളെ ബേഗൂർ റെയിഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അതേസമയം യുവാവ് വനത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് ഗാർഡ് വനംവകുപ്പിന് നൽകിയ റിപ്പോർട്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ