മലയാളത്തിന്റെ 'വിശ്വഗുരു' വിന് ലോക റെക്കാഡ്
March 26, 2018, 12:00 pm
നവതി ആഘോഷിക്കുന്ന മലയാള സിനിമയ്ക്ക് അഭിമാനമായി ഗിന്നസ് റെക്കാഡ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ കോർത്തിണക്കി എ.വി.അനൂപ് നിർമ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത 'വിശ്വഗുരു' ആണ് ചരിത്രം സൃഷ്ടിച്ചത്. സ്‌ക്രിപ്ട് മുതൽ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു തീർന്നു എന്നതാണ് റെക്കാഡിന് അർഹമായത്. 51 മണിക്കൂറും രണ്ടു സെക്കൻഡുമാണ് റെക്കാഡ് സമയം. നിലവിലുണ്ടായിരുന്ന 71 മണിക്കൂറും 19 മിനിട്ടും കൊണ്ട് പൂർത്തിയാക്കിയ 'മംഗളഗമന'എന്ന ശ്രീലങ്കൻ ചിത്രത്തിന്റെ റെക്കാഡാണ് വിശ്വ ഗുരു തിരുത്തിയത്.

കഴിഞ്ഞ വർഷം ഡിസംബർ 27 ന് രാത്രി തിരക്കഥ രചിച്ച് ഷൂട്ടിംഗ് തുടങ്ങിയ ചിത്രം പിറ്റേന്ന് രാത്രി 11.30 ന് തിരുവനന്തപുരം നിള തിയേറ്ററിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗിന് പുറമെ ടൈറ്റിൽ രജിസ്‌ട്രേഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ, പോസ്റ്റർ ഡിസൈനിംഗ്, സെൻസറിംഗ് തുടങ്ങി പ്രദർശനം വരെയുള്ള എല്ലാ സംഗതികളും ഈ സമയപരിധിക്കുള്ളിൽ ചെയ്തു തീർത്തു. ശ്രീനാരായണഗുരുവിന്റെ ജീവിതദർശനങ്ങളും ശിവഗിരി മഠത്തിലെ ജീവിതസന്ദർഭങ്ങളും തന്മയത്വത്തോടെ വിളക്കിച്ചേർത്താണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രം ഒരുക്കിയത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ഡോ.പല്പു, മഹാകവി കുമാരനാശാൻ, വിനോബഭാവെ തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളും ചലച്ചിത്രത്തിലുണ്ട്. പുരുഷോത്തമൻ കൈനകരിയാണ് ഗുരുദേവനായത്. ഗാന്ധിയൻ ചാച്ചാ ശിവരാജൻ, കലാധരൻ, കലാനിലയം രാമചന്ദ്രൻ, ഹരികൃഷ്ണൻ, ലീലാകൃഷ്ണൻ, റോജി പി.കുര്യൻ, ഷെജിൻ, ബേബി പവിത്ര, മാസ്റ്റർ ശരൺ എന്നിവരുംഅ ഭിനയിച്ചു. ശിവഗിരി മഠവും അനുബന്ധ സ്ഥലങ്ങളുമായിരുന്നു ലൊക്കേഷൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ