മെഡിക്കൽ കൗൺസിൽ വിട്ടുവീഴ്ച ചെയ്താൽ 44 കുട്ടികൾ രക്ഷപ്പെടും
April 10, 2018, 1:40 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽകോളേജുകളിലെ നീറ്റ് മെരിറ്റുള്ള 44 കുട്ടികളുടെ കാര്യത്തിൽ മെഡിക്കൽ കൗൺസിൽ അനുകൂലനിലപാട് കൈക്കൊള്ളാൻ സാദ്ധ്യത. 13നു കൗൺസിൽയോഗം ചേരുന്നുണ്ട്.

യോഗ്യതയുള്ളവരുടെ കാര്യത്തിൽ വിട്ടുവീഴ്‌ച കാട്ടണമെന്ന് സർക്കാരും കേരളത്തിൽ നിന്നുള്ള കൗൺസിൽ അംഗങ്ങളും ആവശ്യപ്പെടും. നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിനെ ഡൽഹിയിലയച്ച് സർക്കാർ ഇതിനുള്ള നീക്കം തുടങ്ങി. മാനേജ്മെന്റിന്റെ തെറ്റിന് സമർത്ഥരായ കുട്ടികളെ ശിക്ഷിക്കരുതെന്നും പുനഃപരിശോധന വേണമെന്നും കേരളത്തിലെ 4 അംഗങ്ങളും മെഡിക്കൽകൗൺസിൽ പ്രസിഡന്റിനെ നേരിൽകണ്ട് ഉന്നയിക്കുമെന്ന് കൗൺസിൽഅംഗം ഡോ. ഫസൽഗഫൂർ കേരളകൗമുദിയോട് പറഞ്ഞു.

രണ്ടിടത്തുമായി 44 കുട്ടികൾക്ക് യോഗ്യതയുണ്ടെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബി. ശ്രീനിവാസ് കണ്ടെത്തിയത്. കുട്ടികളുടെ മെരിറ്റ് പരിശോധിച്ച് പഠനത്തിന് അനുമതി നൽകണം. മാനേജ്മെന്റിനുള്ള ശിക്ഷയായി, ഇത്രയും സീറ്റുകൾ അടുത്തവർഷത്തെ സീറ്റുകളിൽ നിന്ന് സർക്കാർ മെരിറ്റിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെടുക. ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കണമെന്ന് കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെടും.

മേയ് ഏഴിനാണ് ഇനി സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. രണ്ടിടത്തെയും നീറ്റിൽ 90 ശതമാനം മാർക്കുള്ള അഞ്ച് കുട്ടികൾ പ്രത്യേകഹർജി കോടതിയിൽ സമർപ്പിക്കും. സർക്കാരിന്റെ ഓർഡിനൻസിനും ബില്ലിനും സാധുത നഷ്ടപ്പെട്ട സാഹചര്യത്തിൽ, ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരമുപയോഗിച്ച് തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ഈ അധികാരമുപയോഗിച്ച് യോഗ്യരായവരെ സംരക്ഷിക്കാൻ സുപ്രീംകോടതിക്ക് സ്കീം ഉണ്ടാക്കുകയോ സർക്കാരിനെ ചുമതലപ്പെടുത്തുകയോ ചെയ്യാം.

''കുട്ടികളുടെ വാദത്തെ സർക്കാരും പിന്തുണയ്ക്കും. നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടില്ല.''
ആരോഗ്യമന്ത്രിയുടെ ഓഫീസ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ