ദുരന്തഭൂമിയായി സിറിയ
April 13, 2018, 12:15 am
ഡോ. ജോസുകുട്ടി സി.എ
ലോകത്തിലെ നരകമെന്നാണ് സിറിയൻ തലസ്‌ഥാനമായ ദമാസ്‌കസിന്റെ പ്രാന്തപ്രദേശം ഗുട്ടോയെ യു.എൻ സെക്രട്ടറി ജനറൽ വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18 മുതൽ റഷ്യൻ സഹായത്തോടുകൂടി സിറിയൻ സേന വിമതർക്കെതിരെ നടത്തുന്ന അതിരൂക്ഷമായ യുദ്ധത്തിൽ 250 ൽപരം കുട്ടികളുൾപ്പടെ 1500 ൽപരം പേരാണ് കൊല്ലപ്പെട്ടത്. രൂക്ഷമായ ബോംബിംഗിലും രാസായുധ പ്രയോഗത്തിലുമാണ് ഭൂരിപക്ഷവും കൊല്ലപ്പെട്ടത്. ' രക്‌തത്തിലും പൊടിയിലും കുതിർന്ന് മാതാപിതാക്കൾക്കും ഉറ്രവർക്കും വേണ്ടി നിലവിളിക്കുന്ന പിഞ്ചുകുട്ടികളുടെ കരളലിയിക്കുന്ന കാഴ്‌ചകളാണ് ' ഗുട്ടോയിലെവിടെയുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. 2011 ലെ അറബ് വസന്തത്തോടനുബന്‌ധിച്ച് ആരംഭിച്ച ആഭ്യന്തര യുദ്ധത്തിന്റെ പുതിയ മുഖമാണ് ഗുട്ടോയിൽ അരങ്ങേറുന്നത്. 21 -ാം നൂറ്റാണ്ടിലെ ദുരന്തഭൂമിയാണ് ഇന്ന് സിറിയ . രണ്ട് കോടിയിൽപരം വരുന്ന ജനസംഖ്യയുടെ പകുതിയലധികം അഭയാർത്ഥികളാണ്. അഞ്ച് ലക്ഷത്തിൽപ്പരം ആൾക്കാർ കൊല്ലപ്പെട്ടു കഴിഞ്ഞു. അഭയാർത്ഥികളിൽ 48 ശതമാനവും കുട്ടികളാണ്. ഇത് കൂടാതെ അടിസ്‌ഥാന സൗകര്യങ്ങളെല്ലാം തന്നെ നിഷേധിക്കപ്പെട്ടവരാണ് സിറിയയിൽ ഇപ്പോൾ താമസിക്കുന്നത്. 50 ശതമാനത്തിലധികം വിദ്യാഭ്യാസ മെഡിക്കൽ സൗകര്യങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഒരുകോടിയിലധികം ആൾക്കാർ അടിയന്തരമായ ദൈനദിന ജീവിത സഹായങ്ങൾ ആവശ്യമുള്ളവരാണ്. താരതമ്യേന സമ്പന്നമായ ഒരു രാഷ്‌ട്രത്തിൽ അധികാരക്കൊതിയും ഏകാധിപത്യവും ബാഹ്യശക്‌തികളുടെ താത്‌പര്യവും ചേർന്ന് സൃഷ്‌ടിച്ച മനുഷ്യദുരന്തമാണിത്. യുദ്ധത്തിൽ ഇപ്പോൾ മേൽക്കൈ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് നയിക്കുന്ന ഔദ്യോഗിക സേനയ്‌ക്കാണ്. ' യാതൊരു ദയയും ദാക്ഷണ്യവും ഇല്ലാതെ ഉപരോധിച്ച് പട്ടിണിക്കിട്ട് കീഴ്‌പ്പെടുത്തുക എന്ന തന്ത്രമാണ് ' സിറിയൻ സേന ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. റഷ്യ നൽകുന്ന സഹായവും വിമതസേനയുടെ ദൗർബല്യങ്ങളും ഐഎസ് ദുർബലമായതും അമേരിക്ക സിറിയയിൽ ഇടപെടാത്തതുമൊക്കെയാണ് ആസാദിനെ ശക്‌തനാക്കുന്നത്.
2011 ൽ യുദ്ധം ആരംഭിക്കുന്ന സമയത്ത് 20 ലക്ഷമായിരുന്നു ഗുട്ടോയിലെ ജനസംഖ്യ. ഇപ്പോൾ ഇത് വെറും നാല് ലക്ഷമാണ്. തുടക്കം മുതൽ ഗുട്ടോ വിമതരുടെ ശക്‌തി കേന്ദ്രമായിരുന്നു. 2013 ൽ സിറിയൻ സേന ഇവിടെ രാസായുധം ഉപയോഗിച്ചിരുന്നു. എന്നാൽ പട്ടണം പിടിച്ചടക്കാൻ കഴിഞ്ഞില്ല. 2017 ൽ തിരിച്ചടി നേരിട്ടപ്പോൾ അൽ ഖ്വായിദയും ഐഎസും മറ്റ് വിമതരും ഗുട്ടോയിലേക്ക് കേന്ദ്രീകരിച്ചു. ഇവരെ തുരത്താനാണ് ഇപ്പോഴത്തെ യുദ്ധം. കഴിഞ്ഞ ഏഴ് വർഷത്തെ അപേക്ഷിച്ച് ഏറ്റവും രക്‌ത രൂക്ഷിതമായ സംഘർഷമാണ് നടക്കുന്നത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്‌ത്രീകളും കുട്ടികളുമാണ്. സന്നദ്ധസംഘടനകളുടെ സഹായം ലഭിക്കണമെങ്കിൽ പോലും സ്‌ത്രീകൾ ലൈംഗിക ചൂഷണത്തിന് വിധേയമാകണം എന്ന അവസ്‌ഥയാണുള്ളത് ! സഹായം ലഭിച്ചതിൽ 40 ശതമാനവും ഇത്തരം ചൂഷണങ്ങൾക്ക് വിധേയമായെന്ന് കണക്കുകൾ കാണിക്കുന്നു. ഐക്യരാഷ്‌ട്ര സംഘടന ഉൾപ്പടെയുള്ള ആഗോള സംവിധാനങ്ങളും പ്രമുഖ രാഷ്‌ട്രങ്ങളും യുദ്ധം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുവെങ്കിലും ഉടനെയെങ്ങും പ്രശ്‌നം അവസാനിക്കുമെന്ന് കരുതുക വയ്യ. വിമതസേനയുടെ അവശേഷിക്കുന്ന തുരുത്ത് വിട്ടു നൽകാൻ അവർ തയാറല്ല.

രാസായുധം എന്ന അറ്റകൈ
സർവ യുദ്ധനിയമങ്ങളുടെയും മാനുഷികതയുടെയും ലംഘനമാണ് രാസായുധ പ്രയോഗം. അതുകൊണ്ടാണ് 1997 ലെ രാസായുധ നിരോധന നിയമം എല്ലാത്തരം രാസായുധങ്ങളുടെ ഉത്‌പാദനവും സൂക്ഷിപ്പും നിരോധിച്ചിരിക്കുന്നത്. എന്നാൽ ഈ അന്താരാഷ്‌ട്ര കരാറിന്റെ നഗ്നമായ ലംഘനമാണ് സിറിയൻ ഭരണകൂടം റഷ്യയുടെ പിന്തുണയോടുകൂടി ഗുട്ടോയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ പെട്ടെന്ന് വിമതരെ കീഴ്‌പ്പെടുത്താനുള്ള അറ്റകൈ പ്രയോഗമാണ് രാസായുധ അക്രമത്തിലൂടെ സിറിയൻ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതാദ്യമായിട്ടല്ല സിറിയൻ ഭരണകൂടം വിമതരായ സ്വന്തം ജനതയ്‌ക്കെതിരെ രാസായുധം ഉപയോഗിക്കുന്നത്. ഏഴ് വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭരണകൂടം മാത്രമല്ല വിമതരും രാസായുധം പ്രയോഗിച്ചിട്ടുണ്ട്. കഴി‌ഞ്ഞ ദിവസം നടന്ന രാസായുധ അക്രമത്തിൽ 59 പേരാണ് നിമിഷങ്ങൾക്കുള്ളിൽ ശ്വാസം കിട്ടാതെ മരിച്ചത്. കുട്ടികളുൾപ്പടെ ആയിരക്കണക്കിന് പേർ മൃതപ്രായരായി കഴിയുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും വംശനാശം സംഭവിക്കുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് അവിടെ നിന്നും വരുന്നത്. ഐക്യരാഷ്‌ട്രസഭയും ലോകരാഷ്‌ട്രങ്ങളും ശക്‌തമായ ഭാഷയിലാണ് ഈ കാടത്തത്തെ അപലപിച്ചത്. എന്നാൽ സിറിയൻ ഭരണകൂടം രാസായുധം പ്രയോഗിച്ചിട്ടില്ല എന്ന നിലപാടിലാണ്. മാത്രമല്ല, വിമതരാണ് രാസായുധം ഉപയോഗിച്ചതെന്ന് ആരോപിക്കുന്നു. എന്നാൽ മനുഷ്യാവകാശ ഏജൻസികളെയോ സന്നദ്ധ സംഘടനകളെയോ നിജസ്‌ഥിതി പരിശോധിക്കാൻ അനുവദിക്കുന്നതുമില്ല. എന്ത് ലക്ഷ്യം മുന്നിൽക്കണ്ടാണോ രാസായുധം ഉപയോഗിച്ചത് അത് നേടുമെന്ന അവസ്‌ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് . ഗത്യന്തരമില്ലാതെ വിമതസേന ഗുട്ടോ വിട്ടുപോകുവാൻ സർക്കാരുമായി ധാരണയിലെത്താൻ നിർബന്‌ധിതരായിരിക്കുകയാണ്. രാസായുധ പ്രയോഗത്തിലൂടെ സിറിയ ലക്ഷ്യമിട്ടതും വിമതരുടെ പാലായനമാണ്.

ബാഹ്യശക്‌തികളുടെ ഇടപെടൽ
ബാഹ്യശക്‌തികളുടെ ഇടപെടൽ പശ്‌ചിമേഷ്യയുടെ ശാപമാണ്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ കഥയും വ്യത്യസ്‌തമല്ല. റഷ്യ , ഇറാൻ, ഒരു പരിധിവരെ ചൈന തുടങ്ങിയ രാജ്യങ്ങൾ ഔദ്യോഗിക സിറിയൻ പക്ഷത്തിന് വേണ്ടി ഇടപെടുമ്പോൾ അമേരിക്ക, മറ്റ് പാശ്‌ചാത്യ രാജ്യങ്ങൾ, സൗദി അറേബ്യ, ഇസ്രായേൽ തുടങ്ങിയവർ വിമതർക്കും മറ്റ് വിഭാഗങ്ങൾക്കും വേണ്ടി നിലകൊള്ളുന്നു. ഇതിന് പുറമെയാണ് ഇസ്ളാമിക ഷിയ - സുന്നി സംഘർഷങ്ങൾ, ഐഎസ് , കുർദ്ദിഷുകൾ, മറ്റ് തീവ്രവാദ സംഘങ്ങൾ ഉയർത്തുന്ന വിഘടനവാദം ഇതിന്റയെല്ലാം ഇടയിൽപ്പെട്ട് മനുഷ്യത്വവും സമാധാനവും മാത്രമാണ് സിറിയയിൽ ലഭ്യമല്ലാത്തത്
അമേരിക്ക സിറിയയിൽ നിന്ന് തങ്ങളുടെ രണ്ടായിരത്തോളം വരുന്ന സൈന്യത്തെ പിൻവലിക്കാൻ ആലോചിക്കുന്ന സമയത്താണ് രാസായുധ പ്രയോഗം നടന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനെ മൃഗമെന്നും രാസായുധ പ്രയോഗത്തെ കാടത്തമെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. മാത്രവുമല്ല, റഷ്യൻ പ്രസിഡന്റ് പുട്ടിനെ ആദ്യമായി പേരെടുത്ത് പറഞ്ഞുകൊണ്ടാണ് പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയിരിക്കുന്നത്. അമേരിക്ക സൈനികമായി , കുറഞ്ഞത് മിസൈൽ ആക്രമണം എങ്കിലും നടത്തുമെന്ന് വിലയിരുത്താം.
ഇസ്രായേൽ ഇപ്പോൾത്തന്നെ സൈനികമായി ഇടപെട്ടു കഴിഞ്ഞു. ഇറാനിയൻ തീവ്രവാദികൾ സിറിയയിൽ താവളമായി ഉപയോഗിക്കുന്ന വ്യോമകേന്ദ്രത്തിലേക്ക് നടത്തിയ മിസൈൽ അക്രമത്തിൽ പതിന്നാല് പേരാണ് മരിച്ചത്. പ്രശ്‌നം കത്തിച്ച് നിറുത്താനാണ് ഇസ്രായേൽ ഇഷ്‌ടപ്പെടുന്നത്. ശക്‌തമായ നടപടി വേണമെന്നാണ് ഫ്രാൻസും ബ്രിട്ടനും ആവശ്യപ്പെടുന്നത്. റഷ്യയെ പേരെടുത്ത് പറഞ്ഞാണ് ബ്രിട്ടൻ വിമർശിച്ചത്. പശ്‌ചിമേഷ്യയിലെ സംഘർഷത്തിന് നവശീതയുദ്ധത്തിന്റെ മാനം കൈവരുന്നു എന്ന് വേണം കരുതാൻ. അമേരിക്ക ഇക്കാര്യത്തിൽ ഇടപെരുതെന്നാണ് റഷ്യൻ നിലപാട്. രാസായുധപ്രയോഗം നടത്തിയിട്ടില്ലെന്ന് അവർ പറയുന്നു. യു.എൻ സുരക്ഷാ സമിതിയുടെ ഇടപെടൽ റഷ്യൻ വീറ്റോയിൽ നിഷ്‌ഫലമാകാനാണ് സാദ്ധ്യത. ചുരുക്കത്തിൽ വൻശക്‌തികളുടെ ഭൗമരാഷ്‌ട്രീയ താത്‌പര്യങ്ങളും പശ്‌ചിമേഷ്യയിലെ അധികാര രാഷ്‌ട്രീയ വടംവലിയും , വംശീയ കുടിപ്പകയും തീവ്രവാദ അതിലംഘനങ്ങളും ചേർന്ന് മനുഷ്യജീവന് യാതൊരു വിലയുമില്ലാത്ത ദുരന്തഭൂമിയാണിന്ന് സിറിയ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ