ദളിതർ വേട്ടയാടപ്പെടുമ്പോൾ
April 12, 2018, 12:56 am
രമേശ് ചെന്നിത്തല
നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതു മുതൽ ദളിത് വിഭാഗങ്ങളെ തങ്ങളുടെ വർഗ ശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ട് അവർക്കെതിരെ രാജ്യത്താകമാനം അക്രമങ്ങൾ അഴിച്ചുവിടുകയാണ്. ഹിന്ദുത്വ അജണ്ടയുടെ നിലനിൽപ്പിനും പരിപാലനത്തിനും, അതിൽനിന്നുണ്ടാകുന്ന രാഷ്ട്രീയ നേട്ടങ്ങൾക്കും ഏറ്റവും വലിയ പ്രതിബന്ധമായി സംഘപരിവാർ കാണുന്നത് ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. ദലിതർക്കെതിരെയുള്ള അക്രമങ്ങളും, ക്രൂരതകളും സംഘപരിവാറിന്റെ രാഷ്‌ട്രീയ അതിജീവനത്തിന്റെ ഭാഗം കൂടിയാണ്. പട്ടികജാതി പട്ടികവർഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തടയാൻ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ കൊണ്ടുവന്ന നിയമത്തിൽ വെള്ളം ചേർത്തുള്ള സുപ്രീം കോടതി വിധിക്ക് ഓശാന പാടുകയായിരുന്നു മോദി സർക്കാർ. നിയമത്തിൽ ഒരു ലഘൂകരണവും സമ്മതിക്കില്ലന്ന് കേന്ദ്രം നിലപാട് എടുത്തിരുന്നെങ്കിൽ ഇന്ത്യയിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ മാഗ്നാകാർട്ടയായ നിയമം ഇത്തരത്തിൽ നിറം മങ്ങില്ലായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ശക്തമായ ഇടപെടൽ കൊണ്ടു മാത്രമാണ് റിവ്യു പെറ്റിഷൻ നൽകാൻ കേന്ദ്രം തയ്യാറായത്.
നാല് പ്രമുഖ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈ വർഷമാണ്. അതിൽ മൂന്നെണ്ണവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ദളിത് വോട്ടുകൾക്ക് നിർണായക സ്വാധീനമാണുള്ളത്.
സംഘപരിവാറിന്റെ നിരന്തരമായ ദളിത് പീഡനങ്ങളിൽ മനംമടുത്ത പട്ടികജാതി പട്ടികവർഗവിഭാഗങ്ങൾ വരുന്ന തിരഞ്ഞെടുപ്പുകളിൽ ചുട്ടമറുപടി നൽകുമെന്ന് ഭയന്ന ബി.ജെ.പിയും സംഘപരിവാറും അവരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത് സംഘടനകൾ പ്രതിഷേധിച്ചപ്പോൾ യു.പിയിലെയും മദ്ധ്യപ്രദേശിലെയും ബി.ജെ.പി സർക്കാരുകൾ അതിക്രൂരമായാണ് അവരെ കൈകാര്യം ചെയ്തത്. പൊലീസ് വെടിവെപ്പിൽ 21 പേർ കൊല്ലപ്പെട്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ വെടിവച്ചത് പൊലീസല്ല മറിച്ച് ആയുധധാരികളായ സംഘപരിവാർ പ്രവർത്തകരായിരുന്നുവെന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. ദളിത് വിഭാഗത്തിൽപ്പെട്ട അഞ്ച് ബി.ജെ.പി എം.പിമാർ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതുകയുണ്ടായി. നാല് വർഷത്തെ ഭരണം ദളിത് വിഭാഗങ്ങൾക്ക് എന്ത് നൽകിയെന്ന് നരേന്ദ്രമോദി പറയണമെന്നാണ് അവർ ആവശ്യപ്പെട്ടത്. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങൾക്ക് സർക്കാർ ഒന്നും ചെയ്തില്ലന്ന വസ്തുത അവരെ നോവിക്കുന്നുണ്ടാകണം.
ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള ക്രൂരതകളുമായി ബന്ധപ്പെട്ട് 2016 ൽ മാത്രം 40, 801 കേസുകളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലാണ് ദളിതർക്കെതിരെയുള്ള അക്രമങ്ങൾ ഏറ്റവുമധികം . കഴിഞ്ഞ വർഷം മാത്രം 4922 ദളിത് പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2016- 17 ൽ രാജ്യത്താകമാനം ദളിതർക്കെതിരെ നടന്ന അക്രമങ്ങളുടെ പന്ത്രണ്ട് ശതമാനവും മധ്യപ്രദേശിലായിരുന്നു. രാജസ്ഥാനിലും നാലായിരത്തിലധികം കേസുകൾ 2016 - 17 കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ ദളിത് പീഡനങ്ങളുടെ പന്ത്രണ്ട് ശതമാനവും രാജസ്ഥാനിലാണ്. ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളും ദളിതരെ ക്രൂരമായി വേട്ടയാടുകയായിരുന്നു എന്ന് ഇതിൽ നിന്നും മനസിലാക്കാം. രാജ്യത്ത് ഓരോ പതിനഞ്ച് മിനിറ്റിലും ഓരോ ദളിതൻ ആക്രമിക്കപ്പെടുകയാണ്. ഓരോ ദിവസവും രാജ്യത്ത് ആറ് ദളിത് സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു.
രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിലും, ഉനയിലെ നിരപരാധികളായ ദളിത് യുവാക്കൾ പശുവിന്റെ പേരിൽ സംഘപരിവാറുകാരുടെ ചാട്ടയടി ഏറ്റവാങ്ങിപ്പോഴും രാജ്യത്താകമാനം ഉണ്ടായ പ്രതിഷേധം ബി.ജെ.പി. സംഘപരിവാർ നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന് നമ്മൾ കരുതിയെങ്കിലും അവരുടെ ദളിത് വിരുദ്ധ പ്രവർത്തനങ്ങൾ ശക്‌തിയാർജ്ജിക്കുകയാണ്.
ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം അടിമുടി ദളിത് വിരുദ്ധമാണ്. ഹിന്ദുത്വരാഷ്ട്രീയത്തിൽ ദളിത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പിന്നാമ്പുറത്ത് പോലും സ്ഥാനമില്ല.
1920 കളിൽ മഹാത്മാഗാന്ധി കോൺഗ്രസിന്റെയും, ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെയും സമുന്നത നേതാവായി മാറിയതോടുകൂടി കോൺഗ്രസിന്റെ നയങ്ങളിലും പരിപാടികളിലും സമൂല മാറ്റങ്ങൾ വന്നു. അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, ന്യൂനപക്ഷങ്ങളെ ദേശീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരൽ ഇതെല്ലാം കോൺഗ്രസ് നയപരിപാടിയുടെ ഭാഗമായി മാറി.
എന്നാൽ ദളിതരെയും, ന്യൂനപക്ഷങ്ങളെയും ദേശീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനോട് ശക്തമായ എതിർപ്പുണ്ടായിരുന്ന അന്നത്തെ വരേണ്യവിഭാഗമാണ് ഇന്ത്യയിൽ സംഘപരിവാറിന്റെ ആശയങ്ങൾക്ക് അടിത്തറയിട്ടത്. ആ ആശയധാരയിൽ പ്രവർത്തിക്കുന്ന ബി.ജെ.പി അടിസ്ഥാനപരമായി തന്നെ ദളിത് വിരുദ്ധവുമാണ്.
ഖരഗ്പൂരിലും, ഫുൽപ്പൂരിലും നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഏറ്റുവാങ്ങിയ വമ്പൻ പരാജയം അവരെ ഞെട്ടിച്ചിരിക്കുകയാണ്. അതോടൊപ്പം രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലെ ഫലം അവർക്ക് സമ്മാനിച്ചത് അത്ര പെട്ടെന്നൊന്നും മുക്തമാകാൻ കഴിയാത്ത തിരിച്ചടികളുമാണ്. ജനങ്ങൾ തങ്ങൾക്കെതിരാണ് എന്ന് മനസിലാകുമ്പോൾ എന്നും ബി.ജെ.പി തന്ത്രമാണ് കലാപങ്ങൾ അഴിച്ചുവിടൽ. അവർ തന്നെ ശത്രുവിനെയും ഇരയെയും സൃഷ്ടിക്കും. ആദ്യം ന്യൂനപക്ഷങ്ങളായിരുന്നു ശത്രുക്കളും ഇരകളും. ഇപ്പോൾ ദളിതരായി.
ദളിത് പീഡനങ്ങളിൽ നിന്ന് കേരളവും മുക്തമല്ലന്നത് നമ്മളെ വേദനിപ്പിക്കുകയും, ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം സർക്കാർ ദളിത് പീഡനവും കൊലപാതകങ്ങളും അവരുടെ മുഖമുദ്രാ വാക്യമായിരിക്കുകയാണ്. ഇക്കാര്യത്തിൽ മോദിയും വിജയനും ഒരമ്മ പെറ്റ മക്കൾ തന്നെയാണ്. പിണറായി വിജയൻ തന്റെ ഭരണം ആരംഭിച്ചത് തന്നെ കണ്ണൂരിലെ കുട്ടിമാക്കൂലിൽ കൈക്കുഞ്ഞുമായി രണ്ട് ദളിത് യുവതികളെ ജയിലിലടച്ചു കൊണ്ടായിരുന്നു. ആ സ്ഥലത്തെ സി.പി.എം പ്രവർത്തകരുടെ പീഡനത്തെ ചോദ്യം ചെയ്തതാണ് ആ പെൺകുട്ടികൾ ചെയ്ത കുറ്റം. വാളയാറിൽ മൃഗീയമായ പീഡനത്തെത്തുടർന്ന് സഹോദരികളായ രണ്ട് ചെറിയ പെൺകുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. ആ കേസ് സ്വാഭാവിക മരണമെന്ന് കാണിച്ച് പൊലീസ് എഴുതത്തിത്തള്ളുകയായിരുന്നു. തൃശൂരിലെ പൊലീസ് മർദ്ദനെത്തത്തുടർന്ന് വിനായകൻ എന്ന ദളിത് യുവാവിന് ആത്മഹത്യ ചെയ്യേണ്ടി വന്നു. മുടിവളർത്തിയതിനാണ് ആ ചെറുപ്പക്കാരനെ പൊലീസ് പിടിച്ച് കൊണ്ട് പോയത്. ഭക്ഷണം എടുത്തെന്നാരോപിച്ച് അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം നിഷ്ഠൂരമായി തല്ലിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആദിവാസി യുവാവ് ഭൂവന ചന്ദ്രൻ കാണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ കൈക്കൊണ്ട നിലപാട് മോദിയെയും യോഗി ആദിത്യനാഥിനെയും പിന്നിലാക്കും വിധമാണ്. സി. പി. എം. പ്രവർത്തകരുടെ പീഡനത്തിൽ ജീവിതം വഴിമുട്ടിയ കണ്ണൂരിലെ ചിത്രലേഖയ്‌ക്ക് യു.ഡി.എഫ് സർക്കാർ നൽകിയ ഭൂമി തിരിച്ചു പിടിച്ചുകൊണ്ടാണ് സർക്കാർ സി. പി. എമ്മിന്റെ ദളിത് വിരോധത്തിന് അടിവരയിട്ടത് . ദളിതർക്ക് നേരെയുള്ള ആക്രമങ്ങളിലും അവകാശ നിഷേധങ്ങളിലും ബി.ജെ.പി യും സി.പി .എമ്മും അഹമഹമിഹയാ എന്നമട്ടിലാണ് മുമ്പോട്ടു പോകുന്നത്. ബി.ജെ.പിക്കാണെങ്കിൽ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ദളിതർ വഴിമുടക്കികളാണ്. സി.പി. എമ്മിനാണെങ്കിൽ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുള്ള വെറും ഉപകരണങ്ങളായി ദളിതരെ കിട്ടണം. ഈ രണ്ട് നിലപാടുകളും ദളിത് വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഉത്തരേന്ത്യയിലും, കേരളത്തിലുമടക്കം നടക്കുന്ന ദളിത് ആദിവാസി പീഡനങ്ങൾക്കും ക്രൂരതകൾക്കുമെതിരെ ജനാധിപത്യ മതേതര ചേരിയുടെ ചെറുത്ത് നിൽപ്പ് അനിവാര്യമാണ്. ഇതിലൂടെ മാത്രമേ ഇന്ത്യയിലെയും കേരളത്തിലെയും ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷിതത്വവും അന്തസും ഉറപ്പുവരുത്താനാവൂ.
( പ്രതിപക്ഷനേതാവാണ് ലേഖകൻ )
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ