അജിത്തിന് സിനിമ നൽകിയത്
April 15, 2018, 8:16 am
വി.എസ്. രാജേഷ്
കൊല്ലം കടപ്പാക്കട സ്‌പോർട്സ് ക്ലബ്ബിന്റെ അങ്കണം.2018 ഏപ്രിൽ അഞ്ച് , വൈകുന്നേരം 5.30. ആഡിറ്റോറിയത്തിൽ കൊല്ലം അജിത് എന്ന നടന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചിരിക്കുന്നു. ക്ലബ്ബിന്റെ സംഘാടകർ, ബന്ധുക്കൾ, പിന്നെ കുറേ ആളുകളും മാത്രം. പൂവിട്ടു അന്തിമോപചാരം അർപ്പിച്ചവരിൽ മനുവർമ്മയും പിന്നെ സീരിയലിലൊക്കെ കണ്ടിട്ടുള്ള മറ്റൊരു നടനും ഉണ്ടായിരുന്നു. നേരത്തെ കടപ്പാക്കടയിലുള്ള തറവാട് വീട്ടിൽ എം.എൽ.എയും നടനുമായ മുകേഷ് വന്ന് റീത്ത് വച്ചിരുന്നു. മരണവിവരമറിഞ്ഞ് കൊച്ചിയിലെ ആശുപത്രിയിൽ മമ്മൂട്ടിയും മറ്റു ചില ചലച്ചിത്ര പ്രവർത്തകരും എത്തിയിരുന്നു. സ്‌പോർട്സ് ക്ലബ്ബിൽ നടൻ കുണ്ടറ ജോണി വരുമെന്ന് കേട്ടു. സമയം വൈകിയപ്പോൾ പോളയത്തോട് ശ്മശാനത്തിലേക്ക് അജിത്തിന്റെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയി. ജോണി അവിടെ വന്നിരിക്കും. അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു നടന്റെ ജീവിതയാത്രയുടെ അവസാന സീൻ ആയിരുന്നുവത്.

1980 കളുടെ തുടക്കം
കടപ്പാക്കട സ്‌പോർട്സ് ക്ലബ്ബിലെ വോളിബോൾ കോർട്ട്. നെറ്റ് കെട്ടുന്ന കമ്പിയിൽ ചാരി നിന്ന് വൈകുന്നേരങ്ങളിൽ ഞങ്ങൾ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഞങ്ങളെന്നാൽ അന്ന് കോളേജിൽ പഠിക്കുകയായിരുന്ന ഇതെഴുതുന്നയാളും സുകുവും(കൊല്ലം അജിത്)ബാബുവെന്ന മറ്റൊരു സുഹൃത്തും. സംവിധായകൻ പദ്മരാജനെ കാണാൻ പോയതിന്റെ വിശേഷങ്ങളും സിനിമാ മോഹങ്ങളുമൊക്കെ ആ സായാഹ്നങ്ങളിലെ നേരംപോക്കുകൾക്കൊപ്പം സുകു പങ്കുവച്ചിരുന്നു. പദ്മരാജന്റെ സംവിധാന സഹായിയാവുകയും അതിലൂടെ സ്വതന്ത്ര സംവിധായകനായി മാറുകയും ചെയ്യുകയായിരുന്നു സ്വപ്നം. സിനിമയെക്കുറിച്ച് ഒട്ടേറെ ചിന്തകൾ പുലർത്തിയ ഒരു യുവാവിന്റെ ആവേശം ആ വാക്കുകളിൽ തിളങ്ങി നിന്നിരുന്നു.

1984 ഫെബ്രുവരി 25
പദ്മരാജൻ സംവിധാനം ചെയ്ത 'പറന്ന് പറന്ന് പറന്ന് ' എന്ന സിനിമയുടെ റിലീസ്. ഞങ്ങൾ കൊല്ലം പ്രിൻസിലെ മാറ്റിനി കാണാൻ പോയി. അജിത് അഭിനയിച്ച ആദ്യ ചിത്രമായിരുന്നു അത്. അജിതിനെ കാണാൻ കുറേനേരം കാത്തിരിക്കേണ്ടി വന്നു. ഒടുവിലതാ സ്‌ക്രീനിൽ ആ മുഖം തെളിഞ്ഞു. പാർലറിൽ മസാജിംഗിനെത്തുന്നയാളുടെ വേഷം. മസാജ് ചെയ്യുന്നതിനിടയിൽ നായിക(രോഹിണി)യെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും അവിടെ നിന്ന് ഇറക്കിവിടപ്പെടുകയും ചെയ്യുന്നതാണ് സീൻ. ഏതാനും മിനിറ്റുകൾ മാത്രമായിരുന്നെങ്കിലും അജിതിനെ സിനിമയിൽ കണ്ടതിന്റെ ആഹ്ളാദം അടക്കാനാകുമായിരുന്നില്ല. വില്ലനായുള്ള കഥാപാത്രമായിരുന്നു. സഹസംവിധായകനാകേണ്ട നടനായാൽ മതിയെന്ന് അജിത്തിനോട് പദ്മരാജനാണ് പറഞ്ഞത്. പദ്മരാജന്റെയൊപ്പം അന്ന് പത്തുപേർ സഹസംവിധായകരായി ഉണ്ടായിരുന്നു.

പദ്മരാജനെ അജിത് എന്നും ഗുരുവായിട്ടാണ് കണ്ടത്. ആ തുടക്കം മോശമായില്ല. ചെറുതും താരതമ്യേന വലുതുമായ ഒട്ടേറെ ചിത്രങ്ങളിൽ അജിത്തിന് വേഷങ്ങൾ കിട്ടി. സത്യൻ അന്തിക്കാട്, പ്രിയദർശൻ, ജോഷി, വേണുനാഗവള്ളി തുടങ്ങി മുൻനിര സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ അജിത്തിന്റെ മുഖം കണ്ടുതുടങ്ങി. നാടോടിക്കാറ്റ്, ലാൽസലാം തുടങ്ങിയ ചിത്രങ്ങളിൽ നല്ല വേഷമായിരുന്നു. ഹിന്ദിയുൾപ്പെടെ അന്യഭാഷാ ചിത്രങ്ങളിലും വേഷങ്ങൾ ചെയ്തു. വല്ലപ്പോഴും കാണുമ്പോൾ നല്ല റോളുകൾ കിട്ടുന്നില്ലെന്ന പരിഭവങ്ങൾ അജിത് പങ്കുവച്ചു. ചില ഒതുക്കലുകളെക്കുറിച്ചും പറയാതിരുന്നില്ല. നമുക്ക് ഒരു ദിവസം ഇരിക്കണം കുറേ കാര്യങ്ങൾ പറയാനുണ്ടെന്നും സൂചിപ്പിച്ചു. അജിത്തുമായുള്ള കൂടിക്കാഴ്ചകളുടെ ഇടവേളകൾ വർദ്ധിച്ചു കൊണ്ടേയിരുന്നു. ഒരിക്കൽ തിരുവനന്തപുരത്ത് വന്നപ്പോൾ മാഞ്ഞാലിക്കുളത്ത് വ്യാപാരി അസോസിയേഷന്റെ ലോഡ്ജിൽ നിന്ന് (ദേശാഭിമാനി പത്രത്തിന്റെ പഴയ ഓഫീസിനു മുന്നിൽ)ഫോണിൽ വിളിച്ചു. രണ്ടുമണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. നഷ്ടമായ അവസരങ്ങളെക്കുറിച്ചും കുതികാൽവെട്ടുകളെക്കുറിച്ചുമെല്ലാം അജിത് പറഞ്ഞുകൊണ്ടേയിരുന്നു. കാരണങ്ങളും വിശദീകരിച്ചു.അവസരം ഇല്ലാത്തവർക്കെല്ലാം ചാൻസ് നൽകി ഒരു സിനിമ സംവിധാനം ചെയ്യുകയാണെന്നും പറഞ്ഞു. എന്തോ ആ അഭിമുഖം എഴുതാനായില്ല.

കാളിംഗ് ബെൽ
പിന്നീട് ഒരുതവണ തിരുവനന്തപുരത്ത് വന്നപ്പോൾ അജിത് വീണ്ടും വിളിച്ചു. 'കാളിംഗ്‌ബെൽ' എന്നൊരു ചിത്രം സംവിധാനം ചെയ്തുവെന്നും അതിനെ പ്രൊമോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചില സീനുകളും കാണിച്ചുതന്നു. പിന്നീട് 'പകൽ പോലെ' എന്നൊരു ചിത്രം കൂടി എടുത്തു. മൂന്നാമത്തെ ചിത്രമായ ഒരു കടലിനപ്പുറം എടുക്കാനുള്ള പുറപ്പാടിലായിരുന്നു. വാട്സ് അപ്പ് വന്നതോടെ അജിത്തിന്റെ വിശേഷങ്ങൾ അതിലൂടെ കൃത്യമായി അയച്ചുകൊണ്ടിരുന്നു. മമ്മൂട്ടിയോടും മോഹൻലാലിനോടുമുള്ള ആദരവ് പ്രകടമാക്കുന്ന സന്ദേശങ്ങളും അതിലുണ്ടായിരുന്നു. കഴിഞ്ഞ പെരുന്നാളിന് അജിത് മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പ് ഹൃദയസ്പർശിയായിരുന്നു. മാർച്ച് 14 നായിരുന്നു അജിത്തിന്റെ അവസാന വാട്സ് അപ്പ് സന്ദേശം ഇതെഴുതുന്നയാളിന്റെ മൊബൈലിലേക്ക് വന്നത്. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാർസിൽ പങ്കെടുത്തതിന്റെ വീഡിയോ ക്ലിപ്പായിരുന്നു അത്. ഏറ്റവുമൊടുവിൽ കണ്ടത് കഴിഞ്ഞ ടി.എം.ജേക്കബ്ബ് അനുസ്മരണ ചടങ്ങിനിടെയാണ്. പ്രസ്‌ക്ലബ്ബിൽ നിൽക്കുമ്പോൾ അജിത് പെട്ടെന്ന് കയറി വന്നു. ഫോട്ടോഗ്രാഫർമാർ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചു. തന്റെ ഒരു സി.ഡി പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ താഴത്തെ ഹാളിൽ വരുന്നുണ്ടെന്ന് പറഞ്ഞു. അധികം ആളൊന്നും ഇല്ലായിരുന്നുവെങ്കിലും മുഖ്യമന്ത്രി കൃത്യസമയത്തെത്തി അത് പ്രകാശനം ചെയ്തു. മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്ന ഒരു കാമ്പയിന്റെ ഭാഗമായിരുന്നു അതെന്ന് തോന്നുന്നു.

ഒന്നും നേടാതെ
കഴിഞ്ഞ ദിവസം അജിത്തിന്റെ ഭാര്യ പ്രമീളയുമായി സംസാരിച്ചപ്പോൾ അജിത്തെന്ന നന്മനിറഞ്ഞ മനുഷ്യന്റെ ചിത്രം ഒരിക്കൽക്കൂടി തെളിഞ്ഞു. ' വയറുവേദനയുണ്ടായിരുന്നു അജിത്തേട്ടന്. നേരത്തേ കിഡ്നിസ്റ്റോണിന്റെ പ്രശ്നവുമുണ്ടായിരുന്നു. കീഹോൾ സർജറിയിലൂടെ അത് മാറ്റാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. വയറുവേദന കലശലായപ്പോഴാണ് അജിത്തേട്ടൻ തന്നെ രാവിലെ ആശുപത്രിയിലേക്ക് പോകാമെന്ന് എന്നോട് പറഞ്ഞത്. രാവിലെ വ്യായാമമൊക്കെ ചെയ്ത് നടന്ന് വണ്ടിയിൽ കയറിയാണ് ആശുപത്രിയിൽ പോയതും. അവിടെ ചെന്ന് സ്‌കാൻ ചെയ്തപ്പോൾ അപ്പൻഡിസൈറ്റിസ് പഴുത്ത് പൊട്ടിയെന്നും സ്റ്റോണിന്റെ പ്രശ്നമുണ്ടെന്നും ഡോക്ടർ പറഞ്ഞു. ഇത്തരം കേസുകളിൽ അടിയന്തിര ശസ്ത്രക്രിയയാണ് ആവശ്യമെന്ന് പിന്നീട് പല ഡോക്ടർമാരും പറയുകയുണ്ടായി. എന്നാൽ ആശുപത്രിക്കാർ മൂന്നുദിവസം കഴിഞ്ഞാണ് ശസ്ത്രക്രിയ ചെയ്തത്. ഒരുദിവസം തന്നെ രണ്ട് ശസ്ത്രക്രിയ ചെയ്തു. അതും അപകടമായി. അപ്പോഴേക്കും അണുബാധ വ്യാപിച്ചിരുന്നു. എന്തിനിത്ര വൈകിച്ചുവെന്ന് മനസ്സിലാകുന്നില്ല. ആരോട് ചോദിക്കാനാണെന്നു പറഞ്ഞ് പ്രമീള വിതുമ്പി.

ചങ്ങനാശേരി സ്വദേശിനിയായ പ്രമീളയെ അജിത് വിവാഹം ചെയ്തത് നല്ലൊരു കുടുംബജീവിതം പ്രതീക്ഷിച്ചായിരുന്നു. ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു പ്രമീള. അജിത് ആഗ്രഹിച്ചതുപോലെ സ്‌നേഹസമ്പന്നയായ ഒരു കുടുംബിനിയായി അവർ മാറി. ആ ദാമ്പത്യവല്ലരിയിൽ രണ്ടു കുട്ടികൾ പിറന്നു. മകൾ ഗായത്രിയും മകൻ ശ്രീഹരിയും. സിനിമയിൽ അവസരം നഷ്ടപ്പെടുമ്പോഴും അജിത്തിന്റെ ഏക ആശ്വാസം സന്തോഷം നിറഞ്ഞ കുടുംബ ജീവിതമായിരുന്നു. നന്നായി പഠിക്കുന്ന കുട്ടികൾ. മകൾ ഗായത്രി ബി.എ ലിറ്ററേച്ചർ ഫൈനൽ ഇയറും മകൻ ശ്രീഹരി പ്ലസ്ടു പരീക്ഷയും എഴുതി. ഗായത്രി കോളേജിൽ തന്നെ ഫസ്റ്റാണ്. ഈ മക്കൾക്ക് തുടർന്ന് പഠിക്കണമെന്നുണ്ട്.

ആശുപത്രിയിലെ ബില്ല് ഏഴുലക്ഷത്തോളമായിരുന്നു. 'അമ്മ'സംഘടനയുടെ ക്‌ളെയിം മൂന്ന് ലക്ഷമുണ്ടായിരുന്നു. 'മമ്മൂക്ക വലിയ രീതിയിൽ സഹായിച്ചു. ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് മമ്മൂക്ക സംസാരിച്ചിരുന്നു. അവനെ രക്ഷപ്പെടുത്തണം, അതിനെന്ത് ചികിത്സയായാലും നൽകണമെന്നും മമ്മൂക്ക ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. മമ്മൂക്ക നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല.' പ്രമീള കണ്ണീരിനിടെ പറഞ്ഞു.

എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങണം. ഒരു വീടുവയ്ക്കണം. മക്കളെ പഠിപ്പിച്ച് ഒരു നിലയിലാക്കണം. ഇങ്ങനെ ചെറിയ മോഹങ്ങൾ മാത്രമേ അജിത്തിനുണ്ടായിരുന്നുള്ളു. കൊച്ചിയിലേത് വാടക വീടായിരുന്നു. അതൊഴിഞ്ഞ് കൊടുക്കേണ്ട സമയമാകുന്നു. സിനിമയിൽ അവസരം കുറഞ്ഞപ്പോഴാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ചില ലോ ബഡ്ജറ്റ് ചിത്രങ്ങൾ അജിത് നിർമ്മിച്ചത്. ഉണ്ടായിരുന്ന സമ്പാദ്യം അങ്ങനേയുംപോയി. ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് ചാനലധികൃതരുമായി ചില ചർച്ചകൾ നടത്തിവരികയായിരുന്നു. അത് ശരിയാകുമെന്ന് അജിത് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയാൽ അടുത്ത പടം ആരംഭിക്കാമെന്നും പറഞ്ഞിരുന്നു. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഹരിദാസിന്റേയും ദേവകിയമ്മയുടേയും മകനാണ് അജിത്. ചലച്ചിത്ര സംവിധായകൻ അനിൽദാസ് അടക്കം അഞ്ച് സഹോദരങ്ങളുണ്ട്. സഹോദരങ്ങൾ കുടുംബവും ഉത്തരവാദിത്ത്വങ്ങളും ഉള്ളവരായതിനാൽ പരിമിതികളുണ്ട്.

പ്രമീളയുടെ മുന്നിൽ ജീവിതം ഒരു ചോദ്യചിഹ്നമാവുകയാണ്. ഒരു വീട്ടമ്മയായ അവർക്കു മുന്നിൽ വീടൊരു സ്വപ്നം മാത്രമാണ്. മക്കളുടെ ഭാവി എന്താകും.ജീവിതം സിനിമയ്ക്ക് സമർപ്പിച്ച ഒരാളിന്റെ കുടുംബം അനാഥമാകാതിരിക്കണമെങ്കിൽ സിനിമാരംഗത്തുള്ളവരും സംഘടനകളും സർക്കാരും ചിന്തിക്കണം. അജിത് ഒരു നല്ല മനുഷ്യനായിരുന്നു. മറ്റുള്ളവരിൽ നന്മകണ്ടെത്താൻ എന്നും ശ്രമിച്ച വ്യക്തി. 535 ചിത്രങ്ങളിൽ അജിത് അഭിനയിച്ചു. സാമ്പത്തികമായി എന്ത് നേടിയെന്ന് ചോദിച്ചാൽ ഉത്തരമില്ല. പ്രതിഫലം കിട്ടിയതും കിട്ടാത്തതുമായ ചിത്രങ്ങൾ. വലിയ പ്രതിഫലം ആരും നൽകിയിട്ടുണ്ടാവില്ല. കടപ്പാക്കട സ്‌പോർട്സ് ക്ലബ്ബിന്റെ വേദിയിൽ അജിത് സ്വീകരിക്കപ്പെട്ടിരുന്നോയെന്ന് അറിയില്ല. സജീവമായ ക്ലബ്ബിൽ വർഷംതോറും വലിയ പരിപാടികൾ നടക്കാറുണ്ട്. 500ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടനെ ആ വേദിയിലേക്ക് ആനയിക്കാൻ മരണത്തിന് മുമ്പ് കഴിഞ്ഞിട്ടുണ്ടോയെന്നും അറിയില്ല. ജീവിച്ചിരുന്നപ്പോൾ ഒന്നും എഴുതാൻ കഴിയാത്തതിൽ ഇനി മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം. എങ്കിലും അജിത്, മാപ്പ് ...
(ബന്ധപ്പെടേണ്ട നമ്പർ: 8075363940)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ