അങ്ങനങ്ങ് നന്നാവാൻ ഞങ്ങളില്ല!
April 12, 2018, 8:30 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: ''എന്നെ നന്നാക്കാൻ നോക്കണ്ട'' എന്ന് ഏതെങ്കിലും പൊലീസുകാരൻ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഏതായാലും പൊലീസിന്റെ ചീത്തപ്പേര് കുറയ്ക്കാൻ നാല് നിർദ്ദേശങ്ങളടങ്ങിയ ഒരു റിപ്പോർട്ട്‌ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ‌ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന് സമർപ്പിച്ചിരുന്നു. നടപ്പിലാക്കാൻ കാൽ കാശ് ചെലവില്ലാത്ത റിപ്പോർട്ടാണത്. പക്ഷേ, അതിലൊന്നും ഭരണാധികാരികൾക്ക് താത്പര്യമില്ല. മൂന്നുവർഷമായി സെക്രട്ടേറിയറ്റിലെ ഫയൽക്കൂനയിലെവിടെയോ പൊടിപിടിച്ചു കിടപ്പാണത്. പൊലീസിന്റെ ചീത്തപ്പേര് മാറ്റാനുള്ള ആ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു:

''55,000 പൊലീസുകാരിൽ പകുതിയിലേറെ ബറ്റാലിയനുകളിലും സ്പെഷ്യൽ യൂണിറ്റുകളിലുമാണ്. സ്വാധീനമുള്ളവർ സ്റ്റേഷനുകളിലെ പണി ഒഴിവാക്കി 'സുഖകേന്ദ്രങ്ങളിൽ' എത്തും. 506 സ്റ്റേഷനുകളിലായി ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനുമായി 25,000 പൊലീസുകാരേയുള്ളൂ. പതിമ്മൂന്നര ലക്ഷം പരാതികളാണ് ഓരോ വർഷവും പൊലീസ് കൈകാര്യം ചെയ്യുന്നത്. 7.36 ലക്ഷം കേസെടുക്കുന്നു. 5.95 ലക്ഷം പേരെ അറസ്റ്റുചെയ്യുന്നു. അന്വേഷണം തീരാത്ത 18 ലക്ഷം കേസുകളുണ്ടെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. അതായത് രണ്ടരക്കൊല്ലത്തെ കേസുകൾ ബാക്കിയിരിപ്പാണ്. ക്രമസമാധാനം, ഗതാഗതനിയന്ത്രണം, വി.ഐ.പി സുരക്ഷ എന്നിങ്ങനെ ദൈനംദിന ചുമതലകളുമുണ്ട്.''

ഇതിനു പുറമെയാണ്, ബിരുദാനന്തരബിരുദവും എൻജിനിയറിംഗുമൊക്കെയുള്ള പുതിയ എസ്.ഐമാർ 'ആക്‌ഷൻ ഹീറോമാർ' ആയിത്തുടങ്ങിയത്. ഇതോടെ ലോക്കപ്പുകളിൽ ചോരയുടെയും എല്ലൊടിയലിന്റെയും മറ്റൊരു അദ്ധ്യായംകൂടി എഴുതപ്പെട്ടുതുടങ്ങി. ബ്രിട്ടീഷുകാലത്തെ പൊലീസ് ആക്ട് ഭേദഗതി ചെയ്തത് നിയമസഭ 2010ൽ നിയമം പാസാക്കിയെങ്കിലും ഇതുവരെ ചട്ടങ്ങളുണ്ടാക്കിയിട്ടില്ല. ഇതിന് നാലുമാസം മുൻപ് ഡി.ജി.പി ലോക്നാഥ് ബെഹ്റ 65 പേരുടെ ജംബോകമ്മിറ്റിയെ ചുമതലപ്പെടുത്തിയെങ്കിലും ഒരുയോഗം പോലും ചേരാനായില്ല.

പരണത്തായ 4 നിർദ്ദേശങ്ങൾ
1. ബറ്റാലിയൻ
തൃശൂരിലെ ഒന്നാം സായുധ ബറ്റാലിയൻ എറണാകുളത്തേക്ക് മാറ്റി, കൊച്ചി നഗരത്തിന്റെ ക്രമസമാധാനച്ചുമതല നൽകണം. എറണാകുളത്തിനുവേണ്ടി രൂപീകരിച്ചതാണീ ബറ്റാലിയൻ. മലപ്പുറം പാണ്ടിക്കാട്ടെ സ്റ്റേറ്റ് റാപ്പിഡ് ആക്‌ഷൻ ഫോഴ്സിനെ തിരുവനന്തപുരത്തേക്ക് മാറ്റി വി.വി.ഐ.പി സുരക്ഷയും നഗരത്തിന്റെ ക്രമസമാധാനവും കൈമാറണം. തൃശൂരിലെ ഇന്ത്യാ റിസർവ് ബറ്റാലിയനെ മാവോയിസ്റ്റ് മേഖലകളിൽ വിന്യസിക്കണം.

2. സ്പെഷ്യൽ ഡ്യൂട്ടി
സ്വാധീനമുള്ള 6600 പൊലീസുകാർ സ്പെഷ്യൽ ഡ്യൂട്ടിയിലാണിപ്പോൾ. തിരുവനന്തപുരം സിറ്റിയിൽ മാത്രം 400 പേർ. പൊലീസ് ക്ലബുകളിൽ എട്ടുപേർ വീതമുണ്ട്. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ 16 പേരുണ്ട്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിലുമുണ്ട് നിരവധിപേർ. സ്പെഷ്യൽ ഡ്യൂട്ടി പകുതിയാക്കി ഇവരെ സ്റ്റേഷനുകളിൽ വിന്യസിക്കണം. സ്റ്റേഷനുകളിൽ ഇപ്പോഴുള്ളവർ 18 മണിക്കൂർ വരെ പണിയെടുക്കുന്നു. ജോലിഭാരം ശാസ്ത്രീയമായി വിഭജിക്കണം.

3. പൊലീസ്‌ ലയനം
ക്രമസമാധാനവും കുറ്റാന്വേഷണവും വേർതിരിക്കാൻ ആറുവർഷം മുൻപ് സുപ്രീംകോടതി ഉത്തരവിട്ടതാണ്. ഇതിനായി ആംഡ്‌ പൊലീസ്, ആം‌ഡ്‌ റിസർവ് എന്നിവ ലയിപ്പിക്കണം. സ്റ്റേഷനുകളിൽ ജോലിക്ക് 20,000 പൊലീസിനെ കിട്ടും. അധികച്ചെലവില്ലാതെ ഇവ വേർതിരിക്കാം.

4. ശാസ്ത്രീയ അന്വേഷണം
ശാസ്ത്രീയ അന്വേഷണത്തിന് ഫോറൻസിക്‌ ലാബുകൾ നന്നാക്കണം. തൃശൂരും കണ്ണൂരും പുതിയ ലാബും തസ്തികയുമുണ്ടാക്കി നിയമനം നേടിയവർ സ്വന്തം സൗകര്യത്തിന് തിരുവനന്തപുരത്തെത്തി. 14 ജില്ലകളിലെയും മൊബൈൽലാബുകൾ പ്രവർത്തിക്കുന്നില്ല.

''അരുതാത്ത പ്രവൃത്തികളിലേക്ക് പൊലീസിനെ നയിക്കുന്നത് പലപ്പോഴും അമിതമായ ജോലിഭാരമാണ്. സ്റ്റേഷനുകളിൽ ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഉടൻ പരിഹാരമുണ്ടാക്കണം.''
ഡോ. അലക്സാണ്ടർ ജേക്കബ്
മുൻ ഡി.ജി.പി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ