കത്വ കേസ് ചണ്ഡീഗഡിലേക്ക് മാറ്റണമെന്ന് കുടുംബം: വിചാരണ മാറ്റി
April 16, 2018, 11:37 am
ശ്രീനഗർ: കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കേസുമായി ബന്ധപ്പെട്ട വിചാരണ മാറ്റിവച്ചു. ഈ മാസം 28ലേക്കാണ് വിചാരണ മാറ്റിവച്ചത്. കേസിന്റെ വിചാരണ ജമ്മുവിൽ നിന്നും ചണ്ഡീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. പിതാവിനും കുടുംബാംഗങ്ങൾക്കും കേസ് ഏറ്റെടുത്ത അഭിഭാഷകയ്‌ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് പിതാവ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പെൺകുട്ടിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകയുടെ ജീവന് ഭീഷണിയുള്ളതായി റിപ്പോർട്ട്. അഭിഭാഷകയായ ദീപിക രജാവത് തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യം സുപ്രീം കോടതിയിൽ അറിയിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി.

കേസിൽ രണ്ട് പൊലീസുകാർ അടക്കം എട്ടു പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഇതിൽ പ്രായപൂർത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ ബാലാവകാശ നിയമപ്രകാരം പിന്നീട് നടക്കും. ബാക്കിയുള്ള ഏഴ് പ്രതികൾക്കെതിരെയുള്ള വിചാരണയാണ് സെഷൻസ് കോടതിയിൽ ഇന്ന് നടക്കാനിരുന്നത്. രാഷ്ട്രീയ സ്വാധീനം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്.

കേസ് നടപടികൾക്കായി ജമ്മു കാശ്മീർ സർക്കാർ രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു–മുസ്ലിം വർഗീയ പ്രശ്‌നം രൂക്ഷമായതിനാൽ നിഷ്‌പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ബഖർവാല നാടോടിഗോത്ര വിഭാഗത്തിൽപ്പെട്ടവരെ പ്രദേശത്ത് നിന്ന് ഓടിക്കുന്നതിനായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ