സിന്ധു നദീതട സംസ്‌കാരത്തെ തുടച്ചു മാറ്റിയത് 900 വർഷം നീണ്ട കൊടും വരൾച്ച
April 16, 2018, 12:05 pm
ഖരഗ്പുർ: 4350 വർഷം പഴക്കമുള്ള സിന്ധു നദീതട സംസ്‌കാരത്തെ നാമാവശേഷമാക്കിയത് 900 വർഷം നീണ്ടു നിന്ന കൊടും വരൾച്ചയാണെന്ന് കണ്ടെത്തൽ. ഖരഗ്പുർ ഐ.ഐ.ടിയിലെ ശാസ്‌ത്രഞ്ജരാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകളും ഗവേഷകർക്ക് ലഭിച്ചു കഴിഞ്ഞു. 200 വർഷം നീണ്ട വരൾച്ചയാണ് സിന്ധു നദീതട സംസ്‌കാരത്തെ കടപുഴക്കിയതെന്ന നിലവിലുള്ള വാദമാണ് ഇതോടുകൂടി അവസാനിക്കുന്നത്.

ഐ.ഐ.ടിയിലെ ഭൂതത്വശാസ്‌ത്ര ഗവേഷകർ കഴിഞ്ഞ 5000 വർഷത്തിനിടയിലെ മൺസൂൺ വ്യതിയാനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിനിടെയാണ് സിന്ധു നദീതടത്തെക്കുറിച്ചുള്ള നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചത്. ഇതു പ്രകാരം വടക്കു പടിഞ്ഞാറൻ ഹിമാലയ സാനുക്കളിൽ 900 വർഷത്തിലധികം മഴ ലഭിച്ചിരുന്നില്ലെന്നും, ഇതുവഴി നദികൾ വറ്റിവരണ്ടതാണ് സിന്ധു സംസ്‌കാരം നാമാവശേഷമാകാൻ കാരണമെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതുപ്രകാരം ബി.സി 2350 മുതൽ ബി.സി 1450 വരെ സിന്ധു നദീതട സംസ്‌കാരത്തിന് മേൽ മഴ കനിഞ്ഞിട്ടില്ല. തുടർന്ന് ജീവന്റെ നാമ്പുതേടി തങ്ങളുടെ അധിവസിത ദേശം ഉപേക്ഷിക്കുകയായിരുന്നു സിന്ധു നദീതട വാസികളെന്ന് ഗവേഷക മേധാവിയും ഐ.ഐ.ടിയിലെ മുതിർന്ന അദ്ധ്യാപകനുമായ അനിൽ കുമാർ ഗുപ്‌ത പറഞ്ഞു. ഇവിടെ നിന്ന് പലായനം ചെയ്‌തവരാണ് പിന്നീട് ഗംഗാ - യമുനാ സമതല പ്രദേശങ്ങളായിരുന്ന ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, മദ്ധ്യപ്രദേശ്, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് ചേക്കേറിയതെന്ന് അനിൽ കുമാർ വ്യക്തമാക്കി. പ്രമുഖ ജേണലായ എൽസെവിയറിൽ ഈ മാസം തന്നെ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ