മണിയടിക്കും വളയവും പിടിക്കും: ടോമിൻ തച്ചങ്കരി
April 16, 2018, 12:50 pm
തിരുവനന്തപുരം: മുകളിൽ ഇരുന്ന് ഭരിക്കുന്ന എം.ഡിയായിരിക്കില്ല താൻ എന്ന് കെ.എസ്.ആർ.ടി.സി എം.ഡിയായി ഇന്ന് ചുമതലയേറ്റ ടോമിൻ തച്ചങ്കരി. താഴെതട്ടിലെ പ്രശ്നങ്ങൾ മനസിലാക്കിയാകും സ്ഥാപനത്തെ നയിക്കുക. ഡ്രൈവറും കണ്ടക്ടറും ഡിപ്പോകളുമൊക്കെയാകും പ്രധാന ശ്രദ്ധാകേന്ദ്രമെന്നും തച്ചങ്കരി 'ഫ്ളാഷി'നോട് പറഞ്ഞു. തിരുവനന്തപുരത്ത് ഇരുന്ന് മാത്രമായിരിക്കില്ല ഭരണം. കെ.എസ്.ആർ.ടി.സിയിൽ താൻ കണ്ടക്ടറായും ഡ്രൈവറായും വേഷമിടും. ഒരോ വിഭാഗത്തിലും ജോലി ചെയ്യും. ഒരു ദിവസം കണ്ടക്ടറുടെ ഡ്യൂട്ടി നോക്കും. ഒരു ദിവസം ഡ്രൈവർ. മറ്റൊരു ദിവസം ചെക്കർ. മെക്കാനിക്കൽ വിഭാഗത്തിലും അക്കൗണ്ട്സിലുമൊക്കെ ഇങ്ങനെ ജോലി നോക്കും. ഇതിലൂടെ ജീവനക്കാരുടെ ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് പഠിക്കാം. ഓരോ വിഭാഗത്തിലും നടത്തുന്ന കാര്യങ്ങൾ മനസിലാക്കാം. അങ്ങനെ എല്ലായിടത്തേയും ജോലി എന്താണെന്ന് അറിഞ്ഞാലേ കാര്യക്ഷമമായി സ്ഥാപനത്തെ നയിക്കാൻ കഴിയൂ. സ്റ്റേറ്ര് ക്രൈം റെക്കാഡ്സ് ബ്യൂറോ മേധാവിയായി ചുമതലയേറ്റ ശേഷമാണ് അധികചുമതലയായി ലഭിച്ച കെ.എസ്.ആർ.ടി.സിയിൽ തച്ചങ്കരി എം.ഡിയായി സ്ഥാനമേറ്റത്.

ഫയർഫോഴ്സ് മേധാവി സ്ഥാനത്തുനിന്നാണ് ട്രാൻസ് പോർട്ട് തലപ്പത്ത് അദ്ദേഹം എത്തുന്നത്. അഭിമുഖത്തിൽ നിന്ന്:

കട്ടപ്പുറം ഒഴിവാക്കും
കട്ടപ്പുറത്തിരിക്കുന്ന ബസുകളെ പരമാവധി ഓടിക്കാൻ ശ്രമിക്കും. 6000 ഷെഡ്യൂളുകൾ ഉണ്ടെങ്കിൽ 4000ത്തിന് താഴെ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 23 ശതമാനം കട്ട് ആണ്. അഞ്ച് ശതമാനത്തിനപ്പുറം പാടില്ല എന്ന നയം സ്വീകരിക്കും. ഡ്രൈവറും കണ്ടക്ടറും ഇല്ല എന്ന കാരണത്താൽ ബസുകൾ ഓടാതിരിക്കരുത്. മിഡിൽ ലെവൽ മാനേജ്‌മെന്റ് കർശനമാക്കും.

വരുമാനം കൂട്ടും
വരുമാനം കൂട്ടുകയായിരിക്കും ലക്ഷ്യം. ബസ് ഓടിക്കിട്ടുമ്പോഴുള്ള കളക്ഷൻ വരുമാനവും (ഓപ്പറേറ്റിംഗ്), പരസ്യം, കെട്ടിടങ്ങളുടെ വാടക, കൊറിയർ തുടങ്ങി നോൺ ഓപ്പറേറ്റിംഗ് വരുമാനവും കൂട്ടാൻ ശ്രമിക്കും. അനാവശ്യ ചെലവ് ഒഴിവാക്കും. ബസുകളുടെ ഉപയോഗക്ഷമത കൂട്ടും.

ഡീസൽ ചെലവ് കുറയ്ക്കും
ബസുകളിൽ ഇന്ധനക്ഷമത കൂട്ടി ഡീസൽ ചെലവ് കുറയ്ക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ഒരു ലിറ്ററിന് 4.2 കിലോമീറ്ററാണ് കിട്ടുന്നത്. തമിഴ്നാട്ടിൽ ഇത് 5.8 ആണ്. മറ്റ് ഒരു സംസ്ഥാനങ്ങളിലും 4.8ൽ കുറവില്ല. ഇതിന്റെ കാരണം എന്തെന്ന് പഠിക്കും. സ്ഥാപനത്തിന് ലഭിക്കുന്ന ഡീസലിന്റെ ഗുണനിലവാരം ശരിയാണോ എന്ന് പരിശോധിക്കും. ഡിസൽ മോഷ്ടിക്കുന്നുണ്ടോ, ലീക്കേജ് ഉണ്ടോ, ഫൈൻ ട്യൂണിംഗ് ആണോ, ശരിയായ ഡ്രൈവിംഗ് രീതിയാണോ എന്നതടക്കം നോക്കും. ശരിയായ മേൽനോട്ടം ഉണ്ടാകും. നേരിട്ട് കാര്യങ്ങൾ പരിശോധിക്കും.

ഉഴപ്പൻമാരെ പിടിക്കും
ജോലി ചെയ്യുന്നവർക്കും ജോലി ചെയ്യാത്തവർക്കും ഒരേ ശമ്പളം എന്ന സമ്പ്രദായം നടക്കില്ല. ഉഴപ്പൻമാരെ പിടിക്കും. അത്തരക്കാർക്ക് ആദ്യം ഉപദേശം, പിന്നെ ശാസന, അടുത്തത് കടുത്ത ശിക്ഷ എന്നതാകും രീതി. തൊഴിലാളികൾ ഒപ്പം നിൽക്കുമെന്ന് ഉറപ്പുണ്ട്. ട്രേഡ് യൂണിയനുകളും സഹകരിക്കുമെന്നാണ് വിശ്വാസം.

വാശിയോടെ
കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ വാശിയോടെ പ്രവർത്തിക്കും. അതൊരു വെല്ലുവിളിയായിതന്നെ എടുക്കുന്നു. സ്ഥാപനത്തിന്റെ ദുഷ്‌പേര് മാറ്റിയെടുക്കും. ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ ചുമതല കൂടി ഉണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയിൽ ഇരട്ടി ജോലി ചെയ്യും. 90 ശതമാനം സമയവും ഇവിടെ ചെലവിടും. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഒരു പൈസപോലും ശമ്പളമോ അലവൻസോ ആയി എടുക്കില്ല.

മന്ത്രിയുമായി പ്രശ്നമില്ല
ട്രാൻസ് പോർട്ട് കമ്മിഷണറായിരിക്കെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ സത്യത്തിൽ അന്ന് മന്ത്രിയുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് മറുപടി നൽകി. മന്ത്രി പറഞ്ഞിട്ടല്ല തന്നെ അന്ന് ആ സ്ഥാനത്തുനിന്ന് മാറ്റിയത്. കെ.എസ്.ആർ.ടി.സിയിൽ മന്ത്രിയെ വിശ്വാസത്തിലെടുത്തുതന്നെ മുന്നോട്ടുപോകും.

സംതൃപ്തിയോടെ സ്ഥാനമൊഴിയുന്നു
കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തികമായി കുറച്ച് അടിത്തറ ഒരുക്കാൻ കഴിഞ്ഞുവെന്ന് എം.ഡി സ്ഥാനമൊഴിഞ്ഞ ഡി.ജി.പി എ. ഹേമചന്ദ്രൻ 'ഫ്ളാഷി'നോട് പറഞ്ഞു. സാമ്പത്തിക ഭദ്രതയോടെ ദീർഘകാലാടിസ്ഥാനത്തിൽ സ്ഥാപനത്തിന് നേട്ടം ഉണ്ടാക്കാനുള്ള അവസരം ഇപ്പോൾ സംജാതമായി. സംതൃപ്തിയോടെയാണ് സ്ഥാനമൊഴിയുന്നത്. ഇത്രയും ജനകീയ സ്വഭാവമുള്ള സ്ഥാപനത്തിന് നേതൃത്വം കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറു മാസത്തോളം കെ.എസ്.ആർ.ടി.സിയെ നയിച്ച ശേഷമാണ് ഹേമചന്ദ്രൻ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നത്. നിർണായക ഘട്ടമായിരുന്നുവെന്നാണ് ഇതേപ്പറ്റി അദ്ദേഹം പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ