മൂന്നാം ലോകയുദ്ധം സിറിയയിൽ നിന്നോ ?
April 17, 2018, 12:37 am
ഡോ. ജോസുകുട്ടി എ
ഇക്കഴിഞ്ഞ ദിവസം അമേരിക്കയുടെ നേതൃത്വത്തിൽ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ കടുത്ത ആശങ്കയും പ്രതികരണവുമാണ് ലോക രാജ്യങ്ങളിൽ നിന്നുയരുന്നത്. ചിലർ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോൾ മറ്റു ചിലർ അത്യാവശ്യ നടപടിയെന്നാണ് വിലയിരുത്തിയത്.
റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഇത് അതിക്രമമാണെന്നും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും പ്രതികരിച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി ഇതിനെ സൈനിക കുറ്റകൃത്യമെന്നാണ് വിമർശിച്ചത് . അക്രമം നടത്തിയ അമേരിക്കൻ- ബ്രീട്ടീഷ്- ഫ്രഞ്ച് രാഷ്‌ട്രത്തലവന്മാർ കുറ്റവാളികളാണെന്നും പറഞ്ഞു. ഏകപക്ഷീയമായ അക്രമം അംഗീകരിക്കുകയില്ല എന്നതാണ് ചൈനയുടെ നിലപാട്. എന്നാൽ ജർമ്മനി, കാനഡ, ടർക്കി , യൂറോപ്യൻ യൂണിയൻ , ഇസ്രായേൽ തുടങ്ങിയവർ അക്രമത്തെ ന്യായീകരിച്ചു. ആക്രമണം നടന്നയുടനേ തന്നെ ഇത് മൂന്നാംലോക യുദ്ധത്തിലേക്ക് നയിക്കുമെന്ന തരത്തിൽ പല വിലയിരുത്തലുകളുമുണ്ടായി.
എന്തുകൊണ്ടാണ് ഇത്തരമൊരു അക്രമമുണ്ടാകുമ്പോൾ മൂന്നാംലോക മഹായുദ്ധത്തെക്കുറിച്ച് മനുഷ്യൻ ചിന്തിക്കുന്നത് ? ഈ അക്രമത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്താണ് ? ഇതൊരു ലോക യുദ്ധത്തിലേക്ക് നയിക്കപ്പെടുമോ എന്ന് പരിശോധിക്കുകയാണിവിടെ.

എന്തുകൊണ്ട് യുദ്ധചിന്ത

ദേശീയ രാഷ്‌ട്രീയം പോലെ ലോക രാഷ്‌ട്രീയവും അധികാര വടംവലിയുടേയും ശാക്‌തിക ബലാബലത്തിന്റെയും കുറച്ചു കൂടി കടുത്ത വേദിയാണ്. മറ്റുള്ളവരുടെ താത്‌പര്യങ്ങൾ ഹനിച്ചുകൊണ്ട് അത്യാഗ്രഹപരമായ നിലപാടുകളാണ് രാഷ്‌ട്രങ്ങൾ പലപ്പോഴും അന്താരാഷ്‌ട്ര പ്രശ്‌നങ്ങളിൽ അവലംബിക്കാറുള്ളത്. ദേശീയ താത്‌പര്യം സംരക്ഷിക്കുന്നു എന്ന ന്യായം പറഞ്ഞാണ് നീതിരഹിതമായ ഇത്തരം നിലപാടുകൾ ന്യായീകരിക്കുന്നത്. അതുകൊണ്ടാണ് വലിയ വിഭാഗം ജനങ്ങൾക്കും യുദ്ധത്തിൽ താത്‌പര്യമില്ലെങ്കിലും രാഷ്‌ട്രങ്ങൾ യുദ്ധത്തിൽ ഏർപ്പെടുത്തുന്നത്.
ലോകരാഷ്‌ട്രീയത്തിന്റെ ഒരു പ്രധാന സ്വഭാവമാണ് ഘടനാപരമായ അരാജകത്വവും , പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു നിയമസംവിധാനത്തിന്റെയും പരമാധികാരിയുടേയും അഭാവവും. ഐക്യരാഷ്‌ട്രസഭയും മറ്റ് സംവിധാനങ്ങളും ഉണ്ടെങ്കിലും നിർണയക ഘട്ടങ്ങളിൽ അവയെല്ലാം നിഷ്‌ഫലമാണ് . അതുകൊണ്ടുതന്നെ രാഷ്‌ട്രങ്ങൾ പരസ്‌പരം അവിശ്വസിക്കുകയും തങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാത്തരം കുതന്ത്രങ്ങളും പ്രയോഗിക്കുകയും ചെയ്യും. അധികാരക്കൊതിയും മേധാവിത്വ മനോഭാവവും ഇത്തരം നിലപാടുകൾ എടുക്കാൻ രാഷ്‌ട്രങ്ങളെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ലോകചരിത്രത്തിലെ മിക്കവാറും യുദ്ധങ്ങളും കലഹങ്ങളും രാഷ്‌ട്രങ്ങളുടെ , മുകളിൽ സൂചിപ്പിച്ച സഹജസ്വഭാവം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്.

സിറിയ - യുദ്ധമയം
സിറിയയിലെ നിലവിലെ സാഹചര്യവും അമേരിക്കൻ നേതൃത്വത്തിൽ നടത്തിയ വ്യോമാക്രമണവും മുകളിൽ സൂചിപ്പിച്ച ഭയപ്പെടുത്തുന്ന യുദ്ധസമാനമായ മാനസ്സികാവസ്‌ഥ സൃഷ്‌ടിക്കുന്നുണ്ട്. സകല മൂല്യങ്ങളും കാറ്റിൽപ്പറത്തി സ്വന്തം താത്‌പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി സിറിയൻ ആഭ്യന്തര രാഷ്‌ട്രീയത്തിലെ സർക്കാരും വിമതരും വിവിധ തീവ്രവാദ സംഘങ്ങളും , വിഘടിതമായ പശ്‌ചിമേഷ്യൻ ശാക്‌തിക ചേരികളും , ലോക മേധാവിത്വത്തിനായി തയാറായി നിൽക്കുന്ന അമേരിക്ക, റഷ്യ തുടങ്ങിയ വൻശക്‌തികളും ചേർന്ന് രൂപപ്പെടുത്തുന്ന സങ്കീർണവും ഭയാനകവുമായ സാഹചര്യം യുദ്ധം വാതിൽപ്പടിയിൽ എന്ന തോന്നൽ സൃഷ്‌ടിക്കുന്നു. ഇവിടെ രാഷ്‌ട്രങ്ങൾ പരസ്‌പരം വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല കുതികാൽവെട്ടാനും തയാറായി നിൽക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിലെ ചെറിയൊരു പിഴവോ തെറ്റിദ്ധാരണയോ യുദ്ധത്തിലേക്ക് നയിച്ച അവസരങ്ങൾ അനവധിയുണ്ട്.


ലക്ഷ്യമെന്ത് ?

സിറിയയിലെ വ്യോമാക്രമണം യുദ്ധഭീതി ഉയർത്തുന്നു. എന്നാൽ ഈ അക്രമത്തിന്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കിയാൽ ഇത് മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കുമോ എന്ന് നോക്കിക്കാണാവുന്നതാണ്. അമേരിക്കൻ ആക്രമണത്തിന്റെ ലക്ഷ്യങ്ങൾ, രാസായുധം ഉപയോഗിച്ച് സിറിയയെ ശിക്ഷിക്കുക, ഇനി രാസായുധം ഉപയോഗിക്കുന്നത് തടയുക, സിറിയൻ ഭരണാധികാരി ആസാദിന്റെ ശക്‌തി പരിമിതപ്പെടുത്തുക, പാശ്‌ചാത്യ ശക്‌തികളെ വെല്ലുവിളിക്കുന്ന റഷ്യയ്‌ക്ക് മുന്നറിയിപ്പ് നൽകുക, പ്രശ്‌നപരിഹാര ചർച്ചയിൽ തങ്ങളുടെ പക്ഷം ശക്‌തിപ്പെടുത്തുക, ഇറാനെതിരെയുള്ള പശ്‌ചിമേഷ്യൻ സഖ്യം ശക്‌തിപ്പെടുത്തുക, പാശ്‌ചാത്യ സഖ്യം ശക്‌തമായി തുടരുന്നു എന്ന സന്ദേശം നൽകുക കൂടാതെ ദുർബലമായിക്കൊണ്ടിരിക്കുന്ന ട്രംപ് പ്രസിഡന്റ്‌സിയെയും അമേരിക്കൻ അധീശത്വത്തെയും താങ്ങി നിറുത്തുക എന്നിവയാണ് . ഈ ലക്ഷ്യങ്ങൾ നേടാൻ ഒരു മൂന്നാം ലോക യുദ്ധത്തിന്റെ ആവശ്യമില്ല.

ലക്ഷ്യം നേടുമോ?
അക്രമം കഴിഞ്ഞയുടനെ 'ലക്ഷ്യം നേടി ' എന്നാണ് ട്രംപ് ട്വീറ്റ് ചെയ്‌തത്. എന്നാൽ ഈ അക്രമം കൊണ്ട് ഭാവിയിൽ ആസാദ് രാസായുധം പ്രയോഗിക്കില്ലെന്ന് ഉറപ്പില്ല. ആസാദിന്റെ അന്തിമ ലക്ഷ്യം സിറിയയെ പൂർണമായും തന്റെ നിയന്ത്രണത്തിലാക്കുക എന്നതാണ്. ഇപ്പോൾ സിറിയയുടെ 60 ശതമാനം പ്രദേശത്ത് മാത്രമാണ് അദ്ദേഹത്തിന് നിയന്ത്രണമുള്ളത്. അമേരിക്ക നടത്തിയ അക്രമം കൊണ്ട് ഇനി ആസാദ് അടങ്ങിയിരിക്കുമോ എന്ന് ഉറപ്പില്ല. യഥാർത്ഥത്തിൽ അമേരിക്കയ്‌ക്ക് ഒരു സമഗ്ര സിറിയൻ നയമില്ല എന്നതാണ് പ്രശ്‌നം. ആസാദ് , സിറിയയിലെ യുദ്ധം ഏതാണ്ട് ജയിച്ച് കഴിഞ്ഞു. അദ്ദേഹത്തിന്റെ അധികാര പരിധി പരിമിതപ്പെടുത്തുക എളുപ്പമല്ല. ഈ സാഹചര്യത്തിൽ അമേരിക്കയെ സിറിയയിൽ കുടുക്കിയിടാൻ ട്രംപ് തയാറല്ല. അതുകൊണ്ടാണ് സൈന്യത്തെ അവിടെ നിറുത്താൻ ഉദ്ദേശ്യമില്ലെന്ന് ആക്രമണത്തിന് ശേഷവും ട്രംപ് സൂചിപ്പിച്ചത്. ചുരുക്കത്തിൽ സിറിയയിലെ പ്രശ്‌നം എങ്ങനെയൊക്കെ ആണെങ്കിലും വലിയ ഒരു അമേരിക്കൻ സൈനിക ഇടപെടൽ തത്‌കാലം ഉണ്ടാവില്ല.

ചേരിതിരിവും നവശീതയുദ്ധവും
സിറിയൻ പ്രശ്‌നത്തിൽ ഉടനെ ഒരു ലോകയുദ്ധത്തിന് സാദ്ധ്യതയില്ലെങ്കിലും ലോകരാഷ്‌ട്രീയത്തിലെ ചേരിപ്പോര് ഊട്ടിയുറപ്പിക്കുന്ന നവശീതയുദ്ധത്തിന്റെ പുകച്ചിൽ നന്നായി വായിച്ചെടുക്കാം. പ്രധാനപ്പെട്ട കാര്യം രണ്ടാംലോക മഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്‌ചാത്യ ശാക്‌തിക ചേരി എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഒറ്റക്കെട്ടായി നിൽക്കും. മറ്റൊന്ന് സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞെങ്കിലും അമേരിക്കയെ വെല്ലുവിളിക്കാൻ സൈനികമായും മാനസികമായും ശക്‌തിയുള്ള രാജ്യം റഷ്യയാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങൾ ഇവർ നേതൃത്വം നൽകുന്ന ചേരിയിൽ, ഭാവിയിൽ അണിനിരക്കും. സിറിയൻ പ്രശ്‌നത്തിൽ ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിൽ നടന്ന വോട്ടെടുപ്പിൽ ഒരു ചേരിയായി നിന്ന് ചൈനയും റഷ്യയും വോട്ട് ചെയ്‌തത് ഇതിന്റെ സൂചനയാണ്. ഭാവിയിൽ നേതൃത്വം റഷ്യയിൽ നിന്ന് ചൈനയിലേക്ക് മാറിയാലും ഈ ചേരിക്ക് മാറ്റമുണ്ടാകാനിടയില്ല. ലോക രാഷ്‌ട്രീയത്തിൽ ആര് ആർക്കൊപ്പം എവിടെ നിൽക്കുന്നു എന്നതാണ് അമേരിക്കൻ വ്യോമാക്രമണത്തിലൂടെ മറനീക്കി പുറത്തു വന്നത്.


ആർക്കും വേണ്ടാത്ത യുദ്ധം

യഥാർത്ഥത്തിൽ വൻശക്‌തികൾ തമ്മിലുള്ള സമഗ്രമായ ഒരു ലോക യുദ്ധത്തിന് നിലവിൽ സാദ്ധ്യതയില്ല. പ്രധാന കാരണം അണുവായുധ ശേഷിയുള്ള വൻ ശക്‌തികൾക്ക് പരസ്‌പരം പല പ്രാവശ്യം നശിപ്പിക്കാൻ ആവശ്യത്തിലധികമായ സംഹാര ശേഷിയുണ്ട്. ആണവശേഷിയുള്ള വടക്കൻ കൊറിയ എന്ന കൊച്ചുരാജ്യത്തിനെതിരെ ലോക പൊലീസായ അമേരിക്ക യുദ്ധത്തിന് മടിക്കുന്നത് , യുദ്ധത്തിൽ തങ്ങൾക്ക് അസ്വീകാര്യമായ നഷ്‌ടം ഉണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. അല്ലെങ്കിൽ എന്നേ അമേരിക്ക, ലിബിയൻ, ഇറാക്ക് രാഷ്‌ട്രത്തലവൻമാരെ കൊന്നുതള്ളിയതു പോലെ , വടക്കൻ കൊറിയയിലെ കിം ജോംഗ് ഉന്നിനെ കാലപുരിക്ക് അയച്ചേനെ.
മൂന്നംലോക യുദ്ധം അല്ലെങ്കിൽ പിന്നെന്ത് സംഭവിക്കും ? രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1990 കൾ വരെ ലോക രാഷ്‌ട്രീയത്തിൽ പരിമിതമായ യുദ്ധങ്ങളാണ് നടന്നത്. അത്തരത്തിലുള്ള നിയന്ത്രിത യുദ്ധങ്ങൾക്കാണ് സിറിയ പോലുള്ള പ്രശ്‌നങ്ങളിൽ സാദ്ധ്യത. അമേരിക്ക, റഷ്യ, ചൈന , ഇന്ത്യ തുടങ്ങിയ ആണവശക്‌തികൾ നേരിട്ട് കൊമ്പുകോർത്താൽ പോലും അത് പ്രാദേശികമായും ആയുധ ഉപയോഗത്തിലും പരിമിത യുദ്ധങ്ങൾ (Limited War ) ആയിരിക്കും. അതുകൊണ്ടാണ് സിറിയൻ പ്രശ്‌നം ലോക യുദ്ധഭീതി ഉളവാക്കുന്നുവെങ്കിലും അതൊരു ലോക യുദ്ധമായി മാറാൻ സാദ്ധ്യതയില്ലാത്തത്.

ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ