സി.ബി.എസ്.ഇ പരീക്ഷ: ​മാർക്കിടുന്നത് വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ
April 17, 2018, 8:00 am
പ്രഭു വാര്യർ
തൃശൂർ: സി.ബി.എസ്.ഇ പത്താം ക്‌ളാസ് സയൻസ് പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നത് വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പേപ്പറുകളുടെ മൂല്യനിർണയം നടത്തുന്നത് ഇതിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡുമുള്ള ഒരു അദ്ധ്യാപകനായിരിക്കും.ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ഉപരിപഠനം നടത്തുന്നവർക്ക് പ്‌ളസ്ടുവിന് ശേഷം ബയോളജിയുമായി ബന്ധമില്ല. ബയോളജിക്കാർക്കാവട്ടെ, കെമിസ്ട്രി, ഫിസിക്‌സ് ഇവയിൽ ഏതെങ്കിലുമൊന്ന് ഉപ വിഷയമായി പഠിച്ചാൽ മതി.

പ്ളസ്ടു പഠനത്തിന് ശേഷം തങ്ങൾക്ക് ബന്ധമില്ലാത്ത വിഷയങ്ങളിൽ മൂല്യനിർണയം നടത്തുന്നതിലുള്ള ആശങ്ക അദ്ധ്യാപകർ അറിയിച്ചെങ്കിലും ബോ‌‌ർഡിന്റെ തലപ്പത്തുള്ള ഉത്തരേന്ത്യക്കാർ ചെവിക്കൊണ്ടില്ല.

കഴിഞ്ഞ വർഷം വരെ പ്‌ളസ്ടു പഠന സൗകര്യമുള്ള സ്‌കൂളുകളിൽ സി.ബി.എസ്.ഇ പത്താം ക്‌ളാസ് പരീക്ഷ സ്‌കൂൾ കേന്ദ്രീകൃതമായിരുന്നു. ഈ വർഷം മുതലാണ് ബോർഡ് പരീക്ഷ നിർബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി ചെന്നൈ റീജിയണിൽ നിന്ന് കേരളത്തിന് മാത്രമായി പുതിയ റീജിയൺ നിലവിൽ വന്നു. ഉത്തരേന്ത്യയിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ചെത്തിയവർക്കാണ് തിരുവനന്തപുരത്തുള്ള ആസ്ഥാന കേന്ദ്രത്തിന്റെ ഭരണം. മൂല്യനിർണയത്തിൽ ഉത്തരേന്ത്യൻ മാതൃക കേരളത്തിലും നടപ്പാക്കിയത് ഇവരാണ്. പ്‌ളസ്ടുവിന് ശേഷം മൂന്ന് വിഷയങ്ങളും ഐശ്ചികമായെടുത്ത് ബിരുദം നേടിയവരാണ് ഉത്തരേന്ത്യയിൽ സയൻസ് അദ്ധ്യാപകരിൽ ഭൂരിഭാഗവും.

മാർക്കിൽ പിശുക്ക് വേണ്ടെന്ന് ബോർഡ്

വിഷുവിന് മുമ്പ് മോക്ക് മൂല്യനിർണയത്തിന് മുന്നോടിയായി നടന്ന യോഗത്തിൽ ബോർഡിന്റെ വിചിത്രമായ തീരുമാനം അറിഞ്ഞ അദ്ധ്യാപകർ ആശങ്ക പ്രകടിപ്പിച്ചു. അധികൃതരുടെ മറുപടി ഇങ്ങനെ :
' എം.എസ്.സി പാസായ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസല്ല നിങ്ങൾ മൂല്യ നിർണയം നടത്തുന്നത്. കേവലം പതിനാലോ പതിനഞ്ചോ വയസുള്ള കുട്ടിയുടേതാണ്. ചോദ്യത്തിനനുസരിച്ച് ഉത്തരമെഴുതിയാലേ മുഴുവൻ മാർക്കിടൂവെന്ന മനോഭാവം ഒഴിവാക്കണം. മാർക്കിന്റെ കാര്യത്തിൽ ഉദാരമനസ് കാണിക്കണം. പരമാവധി
മാർക്കിടണം'.

മോക്ക് ടെസ്റ്റിലേ ആശയക്കുഴപ്പം

മൂന്ന് സയൻസ് വിഷയങ്ങളും അടങ്ങുന്ന ഒരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് നൽകി നടത്തിയ മോക്ക് മൂല്യനിർണയത്തിൽ തന്നെ കല്ലുകടി. മൂന്ന് പേപ്പറുകളും നോക്കിയ ബയോളജി അദ്ധ്യാപിക നൽകിയ മൊത്തം മാർക്ക് 67. കെമിസ്ട്രി അദ്ധ്യാപിക 50 ഉം ഫിസിക്‌സ് അദ്ധ്യാപിക 48 ഉം മാർക്ക് നൽകി.

ഉദാഹരണം :

അമീബയുടെ റീ പ്രൊഡക്ഷൻ ഏത് തരത്തിലാണ് എന്നതാണ് ചോദ്യം.
ബൈനറി ഫിഷനാണ് ഉത്തര സൂചികയനുസരിച്ചുള്ള ഉത്തരം.
ഡയഗ്രം വരച്ച് ഫിഷനെന്നെഴുതിയാൽ ബയോളജി ടീച്ചർക്ക് കാര്യം മനസിലാവും. കുട്ടിക്ക് ഉത്തരമറിയാം. അബദ്ധവശാൽ ബൈനറി എന്നെഴുതാൻ വിട്ടുപോയതാണെന്ന് കരുതി മാർക്ക് നൽകും. മറ്റു വിഷയങ്ങളിലെ അദ്ധ്യാപകർ ഇതിനു മാർക്ക് നൽകില്ല. ആ ചോദ്യത്തിന് കിട്ടുന്ന മാർക്ക് പൂജ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ