ഡോക്‌ടറാവാനുള്ള മോഹം, എയിംസിൽ 19കാരൻ വിലസിയത് മാസങ്ങളോളം
April 16, 2018, 5:30 pm
ന്യൂഡൽഹി: ഡോക്‌ടറാവാനും അതുപോലെ ഒരുങ്ങി നടക്കാനുമുള്ള മോഹം കലശലായപ്പോൾ 19കാരനായ അദ്‌നൻ ഖുറാം മറ്റൊന്നും നോക്കിയില്ല. ഡൽഹി എയിംസിലേക്ക് (ആൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) തന്നെ വച്ചു പിടിച്ചു. ഡോക്‌ടർമാരെ പോലും വെല്ലുന്ന പ്രകടനമാണ് പിന്നീട് ഖുറാം പുറത്തെടുത്തത്. എന്നാൽ പിടിയിലായ ഇയാളുടെ മെഡിക്കൽ വിജ്ഞാനം മനസിലാക്കിയ പൊലീസുകാരാണ് യഥാർത്ഥത്തിൽ ഞെട്ടിയതെന്ന് മാത്രം.

സംഭവം ഇങ്ങനെയാണ്- ഏകദേശം രണ്ടായിരത്തിലധികം റസി‌ഡന്റ് ഡോക്‌ടർമാർ സേവനമനുഷ്‌ടിക്കുന്ന ആശുപത്രിയാണ് ഡൽഹി എയിംസ്. അതുകൊണ്ടു തന്നെ പലർക്കും വ്യക്തിപരമായി അറിയുകയുമില്ല. ഇതു മുതലാക്കിയാണ് അദ്‌നൻ ഖുറാം ഡോക്‌ടറുടെ കുപ്പായത്തിൽ കയറിപ്പറ്റിയത്. അധികൃതരെ അസലായി പറ്റിക്കാനും ഇയാൾക്ക് കഴിഞ്ഞു.

മാരത്തൺ മുതൽ ഡോക്‌ടർമാരുടെ സമരത്തിൽ വരെ ആർക്കും സംശയം തോന്നിപ്പിക്കാത്ത വിധത്തിൽ ഈ 19കാരൻ നുഴഞ്ഞു കയറി. വെള്ളകോട്ടും സ്‌റ്റെതസ്‌കോപ്പും എപ്പോഴും ഖുറാമിനൊപ്പമുണ്ടായിരുന്നു. ജൂനിയർ ഡോക്‌ടർമാരോടെല്ലാം മെഡിക്കൽ വിദ്യാർത്ഥി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്.

എന്നാൽ ഖുറാം ആഴ്‌ചകളായി തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് റെസി‌ഡന്റസ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ആർ.ഡി.എ) പ്രസി‌ഡന്റ് ഹർജിത് സിംഗ് പറഞ്ഞു. ശനിയാഴ‌്‌ച നടന്ന ഒരു പരിപാടിക്കിടെയിലെ ചോദ്യം ചെയ്യലിലാണ് ഖുറാമിനെ കൈയോടെ പിടികൂടാൻ തങ്ങൾക്ക് കഴിഞ്ഞതെന്ന് ഹർജിത് വ്യക്തമാക്കി.

ആൾമാറാട്ടത്തിന് യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ ഇയാൾക്കെതിരെ മുമ്പ് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ റോമിൽ ബാനിയ വ്യക്തമാക്കി. ബിഹാർ സ്വദേശിയായ അദ്‌നൻ ഖുറാം ‌ഡൽഹിയിൽ ജാമിയ നഗറിനടുത്ത് ബാട്‌ല ഹൗസിലാണ് താമസം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ