കോൺഗ്രസിന് വേണ്ടി അനലിറ്റിക്കയുടെ പദ്ധതി
April 17, 2018, 12:10 am
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നേരിടുന്ന ബ്രട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയിൽ 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിക്കാൻ പദ്ധതി തയാറാക്കിയിരുന്നുവെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസിന് വേണ്ടി വിവരങ്ങൾ ശേഖരിക്കുന്നതിനും അതിനനുസരിച്ച് പ്രചാരണം നടത്തുന്നതിനും രണ്ടരക്കോടിയുടെ പദ്ധതി രൂപരേഖ സമർപ്പിച്ചിരുന്നതായി എൻ.ഡി.ടി.വിയാണ് റിപ്പോർട്ട് ചെയ്തത്. അനലിറ്റിക്ക കമ്പനി മേധാവി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടിലുണ്ട്.

വോട്ടർമാരുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി വിവരങ്ങൾ ചോർത്തി, അത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമാക്കുന്നതിനുള്ള പദ്ധതി 2017 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് തയാറാക്കപ്പെട്ടത്. 'ഡേറ്റാ ഡ്രിവൻ കാംപെയ്ൻ - ദി പാത്ത് ടു ദി 2019 ലോക്‌സഭ' എന്ന തലക്കെട്ടിലാണ് 50 പേജുള്ള ഈ പദ്ധതി രേഖ സമർപ്പിക്കപ്പെട്ടത്.

നിലവിൽ സസ്പെൻഷനിലുള്ള അനലിറ്റിക്ക സി.ഇ.ഓ അലക്സാണ്ടർ നിക്സാണ് പദ്ധതിയുമായി കോൺഗ്രസിനെ സമീപിച്ചത്. മാത്രമല്ല, അന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി, മുൻ കേന്ദ്രമന്ത്രിമാരായ ജയറാം രമേശ്, പി.ചിദംബരം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും എൻ.ഡി.ടി.വി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ചർച്ചകൾ നടന്നിരുന്നതായും എന്നാൽ, കമ്പനിയുമായി യാതൊരു തരത്തിലുള്ള ഉടമ്പടികളും ഇല്ലെന്നുമാണ് കോൺഗ്രസ് വൃത്തങ്ങളുടെ പ്രതികരണം.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം ഉപയോഗിച്ചതിന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കോൺഗ്രസിന് പുറമെ രാജ്യത്തെ മറ്റ് രാഷ്ട്രീയ പാർട്ടികളും കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം സ്വീകരിച്ചതായി ആരോപണമുണ്ട്.

''ഒരു ചർച്ചയിൽ പങ്കെടുത്തുവെന്ന് കരുതി, വ്യാവസായിക ആവശ്യത്തിനായി നമ്മെ സമീപിച്ചവരുമായി ഉടൻതന്നെ കരാറിലെത്തിയെന്ന് എങ്ങനെ പറയാൻ കഴിയും''- പ്രവീൺ ചക്രവർത്തി( കോൺഗ്രസിന്റെ ഡേറ്റാ അനലിറ്റിക്സ് വിഭാഗം തലവൻ)

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ