ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ
April 16, 2018, 6:38 pm
തിരുവനന്തപുരം: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.പി.ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ഷുഹൈബിന്റെ പിതാവ് സി.മുഹമ്മദ് ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവ് നശിപ്പിക്കുന്നതിന് മുമ്പ് കേസ് സി.ബി.ഐയ്‌ക്ക് വിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

നേരത്തെ ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസിന്റെ അന്വേഷണം സി.ബി.ഐയ്‌ക്ക് വിട്ടിരുന്നു. എന്നാൽ ഇതിനെതിരായ സർക്കാർ അപ്പീലിനെ തുടർന്ന് ഈ ഉത്തരവ് ഹൈക്കോടതിയുടെ തന്നെ ഡിവിഷൻ ബെഞ്ച് താത്‌കാലികമായി സ്‌റ്റേ ചെയ്‌തു. ഈ കേസിന്റെ വിചാരണ മധ്യവേനൽ അവധിക്ക് ശേഷം നടത്തുമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ കാലയളവ് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും കാട്ടിയാണ് പിതാവിന്റെ ഹർജി.

കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ഷുഹൈബി (29)നെ തെരൂർ തട്ടുകടയിൽ വച്ചു വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ പ്രതികളായ 11 സി.പി.എം പ്രവർത്തകരെ പൊലീസ് പിടികൂടിയെങ്കിലും ഇപ്പോൾ അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലാണെന്നാണ് ആരോപണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ