2019 തിരഞ്ഞെടുപ്പ്: കേംബ്രിഡ്‌ജ് അനലിറ്റിക്ക രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്
April 16, 2018, 7:20 pm
ന്യൂഡൽഹി: ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയെന്ന പേരിൽ വിവാദത്തിലായ കേംബ്രിഡ്‌ജ് അനലിറ്റിക്ക 2019 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വിവരങ്ങൾ ശേഖരിക്കാനും അതിനനുസരിച്ച് പ്രചരണങ്ങൾ നടത്തുന്നതിനുള്ള വിശദമായ പദ്ധതി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കമ്പനി ചർച്ച നടത്തിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫേസ്ബുക്ക് വിവരങ്ങൾ ശേഖരിച്ച് അതിലൂടെ ജനങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രചരണം നടത്താനുള്ള പദ്ധതിയാണ് കേംബ്രിഡ്‌ജ് അനലിറ്റിക്ക മുന്നോട്ട് വച്ചത്. രണ്ടര കോടിയുടേതായിരുന്നു പദ്ധതി. അതേസമയം, കമ്പനി അധികൃതർ കോൺഗ്രസുമായി ചർച്ച നടത്തിയിരുന്നതായി പാർട്ടിയുടെ ഡാറ്റ അനലിറ്റിക്‌സ് ഡിപ്പാ‌ർട്മെന്റ് തലവൻ പ്രവീൺ ചക്രവർത്തി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട രൂപരേഖ സമർപ്പിക്കുക മാത്രമാണ് കമ്പനി ചെയ്‌തതെന്നും യാതൊരു വിധത്തിലുള്ള കരാറിലും കോൺഗ്രസ് ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേംബ്രിഡ്‌ജ് അനലിറ്റിക്കയുടെ അന്നത്തെ മേധാവി അലക്‌സാണ്ടർ നിക്‌സിയാണ് രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്‌തതെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, ജയറാം രമേശ് എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ