മക്ക മസ്ജിദ് സ്‌ഫോടനക്കേസ്: വിധി പറഞ്ഞ ജഡ്‌ജി രാജിവച്ചു
April 16, 2018, 6:53 pm
ഹൈദരാബാദ്: 2007ലെ ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധി പറഞ്ഞ ജഡ്‌ജി രാജിവച്ചു. എൻ.ഐ.എ കോടതി ജഡ്‌ജി രവീന്ദർ റെഡ്ഡിയാണ് രാജിവച്ചത്. വിധി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് റെഡ്ഡിയുടെ രാജിയെന്നത് ദുരൂഹതയുണർത്തുന്നതാണ്. അതേസമയം രാജിക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.

കേസിൽ സ്വാമി അസീമാനന്ദ അടക്കമുള്ള അഞ്ച് പ്രതികളേയും എൻ.ഐ.എ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ.ഐ.എ സ്‌പെഷ്യൽ ജഡ്‌ജിയായ രവീന്ദർ റെഡ്ഡി എല്ലാവരെയും കുറ്റവിമുക്തമാക്കിയത്. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ പ്രമുഖ മുസ്ലിം ആരാധനാലയമായ മക്ക മസ്ജിദിൽ 2007 മേയ് 18നാണ് സ്‌ഫോടനം നടത്തിയത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയപ്പോഴുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോബി എന്ന ദേവേന്ദ്ര ഗുപ്‌ത, അജയ് തിവാരി എന്ന ലോകേഷ് ശർമ, നബാകുമാർ ശർമ എന്ന സ്വാമി അസീമാനന്ദ, ഭാരത് ബായ് എന്ന ഭാരത് മോഹാൽ രാദേശ്വർ, രജീന്ദർ ചൗധരി എന്നിവരായിരുന്നു കേസിലെ പ്രതികൾ. സന്ദീപ് വി.ഡാങ്കെ,​ രാമചന്ദ്ര കൽസൻഗ്ര എന്നിവർ ഇപ്പോഴും ഒളിവിലാണ്. സുനിൽ ജോഷി എന്ന പ്രതി വിചാരണയ്ക്കിടെ മരിച്ചു. കേസിൽ 226 സാക്ഷികളെ ഹാജരാക്കിയിരുന്നെങ്കിലും മലേഗാവ് സ‌്ഫോടനകേസിലെ പ്രതിയ ലഫ്. കേണൽ ശ്രീകാന്ത് പുരോഹിത് ഉൾപ്പെടെ 64 പേർ വിചാരണ സമയത്ത് മൊഴി മാറ്റി.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറി. അവർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ,​ 2011ൽ കേസ് എൻ.ഐ.എ ഏറ്റെടുത്തു. എൻ.ഐ.എ പത്ത് പേരെ പ്രതികളാക്കിയെങ്കിലും കുറ്റപത്രം സമർപ്പിച്ചപ്പോൾ അഞ്ച് പ്രതികളായി ചുരുങ്ങി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ