വാട്സ്ആപ്പ് ഹർത്താലിൽ പരക്കെ അക്രമം: മലപ്പുറത്ത് നിരോധനാജ്ഞ
April 16, 2018, 7:16 pm
മലപ്പുറം: ജമ്മുകാശ്‌മീരിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ അക്രമങ്ങളുണ്ടായ മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്‌‌റ്റേഷൻ പരിധിയിൽ ഒരാഴ്‌ചത്തേക്കാണ് നിരോധനാജ്ഞ. താനൂരിൽ കെ.എസ്.ആർ.ടി.സി ബസ് സമരക്കാർ അഗ്നിക്കിരയാക്കിയിരുന്നു. കൂടുതൽ സംഘർഷങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്ഥലത്ത് പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്.

മലബാർ മേഖലയിൽ പലയിടങ്ങളിലും അപ്രതീക്ഷിത ഹർത്താൽ നടന്നു. രാവിലെ ചിലരെത്തി കടകൾ തുറക്കരുതെന്നും വാഹനങ്ങൾ ഓടരുതെന്നും ആവശ്യപ്പെട്ടു. കാസർകോട് ജില്ലയിലെ അണങ്കൂരിൽ ഒരു സംഘമാളുകൾ കടകളടപ്പിക്കാൻ മുന്നിട്ടിറങ്ങി. പിന്നീടത് നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലും മറ്റുപല പ്രദേശങ്ങളിലും കടകളടപ്പിക്കാനും വാഹനങ്ങൾ തടയാനും ചിലർ മുന്നിട്ടിറങ്ങി. ഇതോടെ പ്രദേശത്ത് പൊലീസിനെയും വിന്യസിച്ചു.

തളിപ്പറമ്പ് മാർക്കറ്റിൽ അതിരാവിലെ തന്നെ കടകളടപ്പിക്കാൻ ഒരു സംഘം രംഗത്തുണ്ടായിരുന്നു. ചിറവക്കിൽ വച്ച് ഇവർ വാഹനം തടഞ്ഞെങ്കിലും പൊലീസ് എത്തിയതോടെ മുങ്ങി. അതേസമയം തലശേരിയിൽ കടകളടപ്പിക്കാൻ വന്ന സംഘത്തെ നാട്ടുകാർ സംഘടിച്ച് തുരത്തി. മലപ്പുറം ജില്ലയിലെ ബസുകൾ പണിമുടക്കി. ഔദ്യോഗികമായ യാതൊരു മുന്നറിയിപ്പുമില്ലാത്ത സമരം കാരണം മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേയ്ക്ക് പോകേണ്ട യാത്രക്കാർ ബുദ്ധിമുട്ടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ