മന്ത്രിയുമായി നടത്തിയ ചർച്ച വിജയം, ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു
April 16, 2018, 10:40 pm
തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്തെ സർക്കാർ ഡോക്‌ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

അവശ്യ സർവീസുകളിൽ ഉൾപ്പെട്ട ഡോക്‌ടർമാർ, രാത്രിയിൽ പ്രഖ്യാപിച്ച് പിറ്റേന്ന് മുതൽ പണിമുടക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഇത്തരം നടപടികൾ ഇനി ആവർത്തിക്കരുതെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം രീതികൾ സർക്കാർ ഒരിക്കലും അംഗീകരിക്കില്ല. മുൻകൂട്ടി അറിയിക്കാതെ സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

വൈകുന്നേരത്തെ ഒ.പിയിൽ മൂന്ന് ഡോക്‌ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് സമരക്കാരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായെന്ന് മന്ത്രി വിശദീകരിച്ചു. ആർദ്രം പദ്ധതിയുമായി സഹകരിക്കാമെന്ന് ഡോക്‌ടർമാർ ഉറപ്പ് നൽകി. ഡോക്‌ടർമാർ ലീവെടുക്കുന്ന ദിവസം പകരം സംവിധാനം ഏർപ്പെടുത്താൻ ജില്ലാ സമിതികളെ നിയോഗിക്കും. ജോലിക്ക് ഹാജരാകാത്തതിന്റെ പേരിൽ സസ്‌പെൻഷനിലായ ഡോക്‌ടർ ഇനി തെറ്റ് ആവർത്തിക്കില്ലെന്ന് എഴുതി നൽകിയാൽ തിരികെയെടുക്കും. എന്നാൽ ഇത് തികച്ചും നിയമപരമായ രീതിയിലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ