ഉന്നാവോ പെൺകുട്ടിയെ കാണാൻ സമയമില്ല, നൈറ്റ് ക്ലബ് ഉദ്ഘാടനമെങ്കിൽ ഒക്കെയെന്ന് സാക്ഷി മഹാരാജ്
April 16, 2018, 8:09 pm
ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എ പീഡിപ്പിച്ചതുമായ വിവാദം കത്തിനിൽക്കുന്നതിനിടയിൽ ഉത്തർപ്രദേശിലെ ഉന്നാവോയിലെ ലോക്‌സഭാംഗം സാക്ഷി മഹാരാജ് ലക്‌നൗവിൽ നൈറ്റ് ക്ലബ്ബ് ഉദ്ഘാടനം ചെയ്‌തു. ലെറ്റ്‌സ് മീറ്റ് എന്ന് പേരിട്ടിരിക്കുന്ന നൈറ്റ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് ബി.ജെ.പി നേതാവായ സാക്ഷി എത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതോടെ പാർട്ടി നേതൃത്വം വീണ്ടും വെട്ടിലായി.

എന്നാൽ റെസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ ചടങ്ങിനെത്തിച്ചതെന്ന് സാക്ഷി മഹാരാജ് പ്രതികരിച്ചു. പാർട്ടിയിലെ ഒരു നേതാവാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷി മഹാരാജ് അടക്കമുള്ള അതിഥികൾക്ക് നൽകിയ നോട്ടീസിൽ നൈറ്റ് ക്ലബ് എന്ന വാചകം തെറ്റായി ഉൾപ്പെടുത്തിയതാണെന്നും ശരിക്കും റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം തന്നെയാണ് നടന്നതെന്നും, ഇക്കാര്യം വിവാദമായതോടെ സ്ഥാപനത്തിന്റെ ഉടമയും പ്രതികരിച്ചു.

ബി.ജെ.പി എം.എൽ.എ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട തന്റെ മണ്ഡലത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ഇതുവരെയും സന്ദർശിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൽ നിന്നും നിരന്തര വിമർശനം ഉയരുന്നതിനിടെയാണ് നൈറ്റ് ക്ലബ് ഉദ്ഘാടനത്തിന് സാക്ഷിയെത്തിയത്. നിരവധി അവസരങ്ങളിൽ സ്ത്രീ വിരുദ്ധ പ്രസ്‌താവനകൾ നടത്തി വിവാദത്തിൽ പെട്ട സാക്ഷി മഹാരാജ് നൈറ്റ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാനെത്തിയത് ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ