ഒറ്റനോട്ടത്തിൽ: ഷുഹൈബ്, ഡോക്‌ടർമാരുടെ സമരം, വരാപ്പുഴ കസ്‌റ്റഡി മരണം
April 16, 2018, 8:12 pm

1. മട്ടന്നൂർ ശുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി. മുഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചു. ശുഹൈബിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്, ഹൈക്കോടതി സ്‌റ്റേ നീക്കണം എന്നാവശ്യപ്പെട്ട്. പൊലീസ് അന്വേഷണം കാര്യക്ഷമം അല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുൻപ് കേസ് അടിയന്തരമായി സി.ബി.ഐയ്ക്ക് വിടണം എന്നും ഹർജിയിൽ ആവശ്യം.

2. ശുഹൈബ് വധക്കേസ് പ്രതികൾക്ക് സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തു. കേസ് മധ്യവേനൽ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി മാറ്റി.

3. ഹൈക്കോടതി കേസ് മാറ്റിവെച്ചതോടെ ഒന്നരമാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശുബൈഹിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്‌ളോക്ക് പ്രസിഡന്റായിരുന്ന എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്, കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രി പത്തോടെ. സംഭവത്തിൽ ഇതുവരെ 11 സി.പി.എം പ്രവർത്തകർ അറസ്റ്റിലായിരുന്നു.

4. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പിലേക്ക്. കെ.ജി.എം.ഒ.എ ഭാരവാഹികൾ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തി. മൂന്ന് ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഒ.പി നടത്താം എന്ന് ഡോക്ടർമാർ. സായാഹ്ന ഒ.പിയുമായും ആർദ്രം പദ്ധതിയുമായും സഹകരിക്കും എന്നും ചർച്ചയിൽ കെ.ജി.എം.ഒ.എയുടെ ഉറപ്പ്

5. സമരവുമായി മുന്നോട്ടുപോകും എന്ന പ്രഖ്യാപനത്തിൽ നിന്ന് കെ.ജി.എം.ഒ.എ പിന്മാറിയത്, വിഷയത്തിൽ സർക്കാർ നിലപാട് കടുപ്പിക്കുകയും ഐ.എം.എ ഇടപെടുകയും ചെയ്ത സാഹചര്യത്തിൽ. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ജോലി ക്രമീകരിക്കണം എന്ന് ഡോക്ടർമാർ. നിർദ്ദേശങ്ങൾ വാക്കാൽ സർക്കാരിനെ അറിയിച്ചു. എന്നാൽ ആവശ്യങ്ങൾ രേഖാമൂലം അറിയിക്കണം എന്ന് സർക്കാർ നിലപാട് എടുക്കുക ആയിരുന്നു

6. രോഗികളെ വലച്ച് സംസ്ഥാനത്തെ ഡോക്ടർമാരുടെ സമരം നാലാംദിവസത്തിലേക്ക് കടതോടെ സർക്കാർ സ്വീകരിച്ചത് കടുത്ത നടപടികൾ. അന്യായ പണിമുടക്ക് പിൻവലിക്കണം എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സമരം നിറുത്തിയാൽ മാത്രമേ ഡോക്ടർമാരുമായി ചർച്ചയുള്ളൂ എന്നും മന്ത്രി നിലപാട് കടുപ്പിക്കുക ആയിരുന്നു. ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് ആയിരുന്നു മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ

7. വരാപ്പുഴ കസ്റ്റഡി മരണത്തിൽ അന്വേഷണം പുരോഗമിക്കവെ പൊലീസിനെ പ്രതിക്കൂട്ടിലാക്കി മരിക്കുന്നതിന് മുൻപുള്ള ശ്രീജിത്തിന്റെ മൊഴി പുറത്ത്. തന്നെ മർദ്ദിച്ചത് കസ്റ്റഡിയിൽ എടുത്തവർ എന്ന് ശ്രീജിത്തിന്റെ മൊഴി. സിവിൽ വേഷത്തിൽ എത്തിയ രണ്ട് പൊലീസുകാർ വീടിന് സമീപത്ത് വച്ച് തന്നെ അവശനാക്കി എന്നും ശ്രീജിത്ത്. ആശുപത്രിയിലെ ഡോക്ടർമാരോടാണ് ശ്രീജിത്ത് ഇക്കാര്യം പറഞ്ഞത്

8. കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ആർ.ടി.എഫ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത് അന്വേഷണസംഘം. പ്രതികളെ പിടിക്കാൻ പോയത് പരാതിക്കാരൻ വാസുദേവന്റെ സഹോദരൻ ഏർപ്പാടാക്കി തന്ന ഓട്ടോയിൽ എന്ന് മൊഴി. പ്രതികളെ പിടികൂടിയ വാഹനങ്ങളിൽ ഒന്ന് കടന്നുപോയത് മുനമ്പം സ്‌റ്റേഷനിലേക്ക്. രണ്ടാമത്തെ വാഹനം പോയത് എങ്ങോട്ട് എന്ന് അറിയില്ലെന്നും മൊഴി

9. മർദ്ദനം നടന്നതിനെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട് എങ്കിലും മരണകാരണമായ മർദ്ദനം ആര് നടത്തി എന്നതിൽ വ്യക്തത തേടുകയാണ് അന്വേഷണസംഘം. ഇന്നത്തെ ചോദ്യം ചെയ്യലിൽ അതിന് ഉത്തരം ലഭിക്കും എന്നാണ് സൂചന. കസ്റ്റഡിയിൽ എടുത്ത രാത്രി ആണ് ശ്രീജിത്തിന് ക്രൂരമർദ്ദനം ഏറ്റത് എന്ന നിഗമനത്തിൽ ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും. അതേസമയം, ശ്രീജിത്തിന് മർദ്ദനമേറ്റത് ലോക്കപ്പിനുള്ളിൽ വച്ചുതന്നെ എന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്ത്

10. ഹൈദരാബാദ് മെക്ക മസ്ജിദ് സ്‌ഫോടന കേസ് വിധി പറഞ്ഞ ജഡ്ജി രാജിവച്ചു. ചീഫ് ജസ്റ്റിസിന് രാജിക്കത്ത് നൽകിയത്, എൻ.ഐ.എ കോടതി ജഡ്ജി രവീന്ദർ റെഡ്ഡി. കേസിലെ മുഴുവൻ പ്രതികളെയും രാവിലെ എൻ.ഐ.എ കോടതി വെറുതെ വിട്ടിരുന്നു. സ്വാമി അസീമാനന്ദ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയത്, പ്രതികൾക്ക് എതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ആരോപിച്ച്. വിധിക്ക് എതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. വിചാരണയ്ക്ക് വിധേയരാക്കിയത്, കേസിലെ എട്ടുപ്രതികളിൽ അഞ്ചുപേരെ.

11. കുറ്റാരോപിതരായ സന്ദീപ് ദാങ്കെ, രാംചന്ദ്ര കൽസങ്ക്ര എന്നിവർ ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയായ ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി വിചാരണയ്ക്കിടെ കൊല്ലപ്പെട്ടു. 2007 മെയ് 18ന് ആണ് രാജ്യത്തെ പ്രമുഖ മുസ്ലീംപള്ളിയായ ചാർമിനാർ പള്ളിയിൽ സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐയ്ക്ക് കൈമാറുക ആയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ