സൂറത്തിൽ കണ്ടെത്തിയത് ഒറീസയിൽ നിന്നും കാണാതായ പെൺകുട്ടിയെ?
April 16, 2018, 9:24 pm
സൂറത്ത്: ദിവസങ്ങളോളം ക്രൂരപീഡനത്തിന് ഇരയാക്കപ്പെട്ട് മരിച്ച നിലയിൽ ഗുജറാത്തിലെ സൂറത്തിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പത്താം ദിവസവും പരാജയപ്പെട്ടു. പെൺകുട്ടിയെ തിരിച്ചറിയാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണം നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. ഒറീസയിൽ നിന്നും കാണാതായ പെൺകുട്ടിയാണ് ഇതെന്ന സംശയം മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.അതിനിടെ കേസിന്റെ അന്വേഷണ ചുമതല സി.ബി.ഐ ഏറ്റെടുത്തു.

യു.പിയിലെയും കാശ്‌മീരിലെയും സംഭവങ്ങൾക്ക് പിന്നാലെയാണ് ഗുജറാത്തിലെ സൂറത്തിൽ നിന്നും മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. പതിനൊന്നിനും ഒമ്പതിനും മധ്യേ പ്രായമുള്ള പെൺകുട്ടിയെ ഏപ്രിൽ ആറിന് സൂറത്തിലെ ഭെസ്‌താൻ മേഖലയിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തുന്നത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ശരീരത്തിൽ 86 മുറിവുകൾ ഉണ്ടെന്നാണ് പോസ്‌റ്റ്മോർട്ടം നടത്തിയ സൂറത്ത് സിവിൽ ഹോസ്‌പിറ്റൽ ഫോറൻസിക് വിഭാഗം തലവൻ ഗണേഷ് ഗൊവേക്കർ വ്യക്തമാക്കിയത്. ഇതിൽ ചില മുറിവുകൾ ഏഴ് ദിവസത്തെയും മറ്റ് ചിലതിന് ഒരു ദിവസത്തെയും പഴക്കമുള്ളവയാണ്. ഇതാണ് ദിവസങ്ങളോളം ക്രൂരപീഡനത്തിന് ഇരയായെന്ന സംശയം ബലപ്പെട്ടത്. പെൺകുട്ടിയുടെ ശരീരം ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. തടികൊണ്ടുള്ള ആയുധമുപയോഗിച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചതെന്നാണ് ഫോറൻസിക് വിദഗ്‌ദ്ധരുടെ പ്രാഥമിക നിഗമനം.

അതേസമയം, കുട്ടിയെ തിരിച്ചറിയാനായി 8000ൽ അധികം കാണാതാകൽ പരാതികൾ പരിശോധിച്ചതായി പൊലീസ് വെളിപ്പെടുത്തി. കുട്ടിയുടെ ശരീരം കണ്ടെത്തിയ പ്രദേശത്ത് വീടുകൾ തോറും കയറിയിറങ്ങി പൊലീസ് പരിശോധന നടത്തി. പത്രമാദ്ധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെ പെൺകുട്ടിയെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ