ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു, ഡൽഹിയെ തകർത്ത് കൊൽക്കത്ത
April 16, 2018, 11:18 pm
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരെ ഡൽഹി ഡെയർ ഡെവിൾസിന് 71 റൺസിന്റെ കനത്ത തോൽവി. വിജയലക്ഷ്യമായ 201 റൺസ് പിന്തുടർന്ന ഡൽഹി 14.2 ഓവറിൽ 129 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ സുനിൽ നരെെനും കുൽദീപ് യാദവുമാണ് കൊൽക്കയുടെ വിജയശിൽപികൾ. ഡൽഹി നിരയിൽ ഋഷഭ് പന്ത് (43), ഗ്ലെൻ മാക്സവെൽ എന്നിവർ ഒഴികെ ആർക്കും രണ്ടക്കം കാണാനായില്ല.

കൂറ്റൻ സ്കോർ പിന്തുടർന്ന ഡൽഹിക്ക് തുടക്കത്തിൽ അടിതെറ്റി. സ്കോർ നാലിൽ നിൽക്കെ കഴിഞ്ഞ കളിയിലെ താരം ജേസൻ റോയിയെ പവലിയനിലെത്തിച്ച് പിയൂഷ് ചൗള ഡൽഹിക്ക് ആദ്യ നൽകി. പിന്നാലെ ശ്രേയസ് അയ്യരും (നാല്), ക്യാപ്റ്റൻ ഗൗതം ഗംഭീറും (എട്ട്) മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 24 എത്തിയിരുന്നതേയുള്ളൂ. നാലാം വിക്കറ്റിൽ പന്തും മാക്സ്‌വെല്ലും ഒത്തുചേർന്നതോടെയാണ് ഡൽഹിക്ക് അൽപ്പമെങ്കിലും പ്രതീക്ഷയുണ്ടായിരുന്നത്. എന്നാൽ ഇരുവരും പുറത്തായതോടെ ഡൽഹിയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു.

നേരത്തെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 200 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ നിതിഷ റാണ (59) അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി കളം നിറഞ്ഞ ആന്ദ്ര റസൽ (12 പന്തിൽ 41) എന്നിവരുടെ ബാറ്റിംഗിലാണ് കൊൽക്കത്ത കൂറ്റൻ സ്കോർ ഉയർത്തിയത്. റോബിൻ ഉത്തപ്പ (19 പന്തിൽ 35), ക്രിസ് ലീൻ (31) എന്നിവരും കൊൽക്കത്തയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തെയ ട്രെന്റ് ബോൾട്ടിന്റെ തീതുപ്പുന്ന പന്തുകളാണ് സ്വീകരിച്ചത്. ആദ്യ ഓവറിൽ ബോൾട്ടിന്റെ പന്തുകൾ തൊടാൻ പോലും ലീൻ വിശമിച്ചു. തന്റെ രണ്ടാം ഓവറിൽ ഓപ്പണർ സുനിൽ നരെെനെ മടക്കി ബോൾട്ട് ഡൽഹിക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

എന്നാൽ പിന്നാലെ റോബിൻ ഉത്തപ്പ, ക്രിസ് ലീനിനെ കൂട്ടുപിടിച്ച് ഡൽഹിയെ കടന്നാക്രമിച്ചതോടെ കൊൽക്കത്തയുടെ സ്കോർ കുതിച്ചു. സ്കോർ 62ൽ എത്തിനിൽക്കെ ഉത്തപ്പയും 89ൽ ലീനൂം 117ൽ ക്യാപ്റ്റൻ കാർത്തിക്കും പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന റാണയും റസലും തകർപ്പനടികളോടെ കൊൽക്കത്തയുടെ സ്കോർ 200ൽ എത്തിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ