ആ പൈതലിനെ ഹർത്താൽ നടത്തി ഇനിയും വേദനിപ്പിക്കരുത്: കെ.ടി ജലീൽ
April 16, 2018, 10:38 pm
തിരുവനന്തപുരം: കത്വ സംഭവത്തിൽ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗമാളുകൾ നടത്തിയ അപ്രഖ്യാപിത ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.ടി ജലീൽ. ആ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജ്യത്താകമാനം ഒരു എെക്യം രൂപപ്പെട്ടിട്ടുണ്ടെന്നും പാർട്ടിയും കൊടിയുമില്ലാത്തവർ എന്ന പേരിട്ട് ഇന്ന് നടന്നുവെന്ന് പറയപ്പെടുന്ന ഹർത്താൽ ഈ വിഷയത്തിൽ രൂപപ്പെട്ടുവന്ന ജനകീയ ഐക്യവും യോജിപ്പും തകർക്കാനേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആ പൈതലിനെ ഹർത്താൽ നടത്തി ഇനിയും വേദനിപ്പിക്കരുത് .

ആ എട്ടുവയസ്സുകാരിയുടെ ദീനരോദനം അടങ്ങാത്ത അലറലായി രാജ്യത്തിനകത്തും പുറത്തും പ്രകമ്പനം കൊള്ളുന്നത് കടുത്ത മനോവേദനക്കിടയിലും തെല്ലാരാശ്വാസം പകരുന്നുണ്ട്. ബാല്യത്തിന്റെ നിഷ്‌കളങ്കത മുഴുവൻ മുറ്റി നിൽക്കുന്ന ആ പൈതലിന്റെ കണ്ണും മുഖവും ഓരോരുത്തരുടേയും മനസിൽ അവരവരുടെ പെൺമക്കളുടെ രൂപമായി നെഞ്ചിൽ ഒരുപാട് കാലം വിങ്ങി നിൽക്കുമെന്നുറപ്പ്.

ജമ്മു താഴ്‌വരയിലെ ഒരു നാടോടി പെൺകൊടിയുടെ അറിയപ്പെടാത്ത കൊലപാതകമായി, കത്വുവയിലെ പൈശാചികത കാലയവനികക്കുള്ളിൽ മറക്കപ്പെടുമെന്ന് കരുതിയവരുടെ മനക്കോട്ടകൾ തകർത്ത് ഇന്ത്യയുടെ ആത്മാവ് ആ മഹാപാതകത്തെ സർവ്വശക്തിയും ഉപയോഗിച്ച് എതിർത്തപ്പോൾ ഒരു ജനതക്കുണ്ടായ ആത്മവിശ്വാസത്തിന്റെ വീണ്ടെടുപ്പ് അക്ഷരങ്ങൾകൊണ്ട് എഴുതാൻ കഴിയുന്നതിലും എത്രയോ അപ്പുറമാണ്.

രാജ്യത്തെ ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും, പച്ചക്ക് ആർ.എസ്.എസ് അനുകൂല നിലപാട് സ്വീകരിക്കുന്നവ ഒഴികെയുള്ള എല്ലാ വാർത്താ മാദ്ധ്യമങ്ങളും, കലാ സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന ഏതാണ്ടെല്ലാവരും, മഹാഭൂരിപക്ഷം സന്യാസിമാരും ആദ്ധ്യാത്മിക സേവകരും മത- ജാതി വ്യത്യാസമില്ലാതെ ആസിഫയെന്നെ പൊന്നോമനയെ കടിച്ച്കീറി കശക്കിയെറിഞ്ഞ നരാധമൻമാർക്കെതിരെ അമർഷത്തിന്റെയും വേദനയുടെയും പ്രതിഷേധത്തിന്റെയും, ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചത് കണ്ടവരിലും കേട്ടവരിലും ഉണ്ടാക്കിയ ആശ്വാസത്തിന് ഈ പ്രപഞ്ചത്തോളം വലിപ്പമുണ്ട്.

മോഡിക്കും ആർ.എസ്.എസിനും എതിരെയുള്ള കൂട്ടായ്‌മയുടെ ചാലക ശക്തിയായി 'ആസിഫ' എന്ന മൂന്നക്ഷരം മാറിക്കഴിഞ്ഞിരിക്കുന്നു.

ഭാരതത്തിലെ ഒരു ന്യൂനാൽ ന്യൂനപക്ഷമൊഴിയെയുള്ള എല്ലാവരും പ്രത്യേകിച്ച് ഹൈന്ദവ സമൂഹം മുഴുവനായി തന്നെ ഈ ദാരുണ സംഭവത്തിൽ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് പകരം വെക്കാൻ മറ്റൊന്നും പര്യാപ്‌തമാകില്ല. അമ്പരപ്പിക്കുന്ന ഈ ഐക്യനിരയിൽ പിളർപ്പുണ്ടാക്കുന്ന നോക്കോ വാക്കോ പ്രവൃത്തിയോ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാതെ നോക്കണം.

പാർട്ടിയും കൊടിയുമില്ലാത്തവർ എന്ന പേരിട്ട് ഇന്ന് നടന്നുവെന്ന് പറയപ്പെടുന്ന ഹർത്താൽ ഈ വിഷയത്തിൽ രൂപപ്പെട്ടുവന്ന ജനകീയ ഐക്യവും യോജിപ്പും തകർക്കാനേ ഉപകരിക്കുകയുള്ളു. ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രി കൊണ്ട് രൂപപ്പെട്ട ഹർത്താൽ ജനങ്ങളിൽ പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. ഹൃദയശൂന്യരായ ഫാസിസ്റ്റുകളും ആഗ്രഹിക്കുന്നത് ഹിന്ദു - മുസ്ലിം മൈത്രി തകരണമെന്നാണ്. അതിനു ചൂട്ടുപിടിക്കുന്ന ഏർപ്പാട് തീർത്തും അപലപനീയമാണ്. ആളും നാഥനുമില്ലാത്ത ബന്ദാഹ്വാനം ചെറുപ്പക്കാരെ തെരുവിലിറക്കി കുഴപ്പങ്ങൾക്ക് തീകൊളുത്താൻ ലക്ഷ്യം വെച്ചുള്ളതാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള മുസ്ലിം സംഘടനകളും നേതാക്കളും മൗനം വെടിഞ്ഞ് ഇത്തരം ആൾകൂട്ട പ്രഖ്യാപനങ്ങളെ തള്ളിപ്പറയാൻ തയ്യാറാകണം. 1992ൽ ബാബരീ മസ്ജിദിന്റെ തകർച്ച സൃഷ്ടിച്ച ധൂളിപടലങ്ങളിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിൽ നിന്നുണ്ടായ വിവേകത്തിന്റെ ശബ്ദം അദ്ദേഹത്തിന്റെ അനുജ സഹോദരനിൽ നിന്നുണ്ടാകാൻ ഒട്ടും സമയം വൈകിക്കൂട.

ചങ്ങനാശ്ശേരിയിലെ ഒരു ക്ഷേത്രമതിലിൽ ഇരുട്ടിന്റെ മറവിൽ എഴുതിപ്പിടിപ്പിച്ചത് ആരെന്നറിയില്ല. അത് മായ്ച്ച് മതിൽ പെയിന്റടിച്ച് പൂർവ്വസ്ഥിതിയിലാക്കി കൊടുക്കാൻ ആ പ്രദേശത്തെ വിവേകികളായ ഹൈന്ദവ - മുസ്ലിം വിഭാഗങ്ങളിലെ നല്ല മനുഷ്യർ തയ്യാറാകണം. അതിന് ആർക്കും മനസ് വരുന്നില്ലെങ്കിൽ ഈയുള്ളവൻ തന്നെ വരാം ആ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ. വർഗ്ഗീയവാദികൾ ഒറ്റപ്പെടുന്ന കാഴ്ചയാണ് ചുറ്റുവട്ടത്തെല്ലാം കാണാനാകുന്നത്. മുസ്ലിം സാന്ദ്രീകൃത പ്രദേശങ്ങുളുൾകൊള്ളുന്ന മലബാറിലെവിടെയും ഇങ്ങിനെയൊരു സംഭവം ഉണ്ടായില്ലെന്നതും ചങ്ങനാശ്ശേരിയിലെ ഒരു അമ്പല മതിലിൽ ഇത്തരമൊരു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടുവെന്നതും ദുരൂഹമാണ്. ചില ചിദ്രശക്തികൾ ആളുകൾക്കിടയിൽ കുഴപ്പമുണ്ടാക്കാൻ ബോധപൂർവ്വം നടത്തുന്ന ശ്രമമായിട്ടേ ഇതിനെ കാണാനാകൂ. ജാഗ്രതയോടെ കണ്ണും കാതും കൂർപ്പിച്ച് ഉണർന്നിരുന്ന് മാനവരാശിയുടെ ശത്രുക്കളെ ഒറ്റപ്പെടുത്താൻ നമുക്കാകുന്നത് ചെയ്യാനുള്ള സമയമാണിത്. വൈകുന്ന ഓരോ നിമിഷത്തിനും കൊടുക്കേണ്ടി വരുന്ന വില അചിന്തനീയമാകും. ആസിഫയെന്ന കൊച്ചു മിടുക്കി ഇന്ത്യയുടെ മനസ്സിനെ ഒന്നിപ്പിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തട്ടെ. താൻ ഭാരതത്തിന്റെ മനസ്സിനെ ശിഥിലമാക്കിയെന്ന് ആ കുഞ്ഞുമകൾ അറിഞ്ഞാൽ വീണ്ടുമൊരിക്കൽ കൂടി അവളുടെ മനസ്സ് വേദന കൊണ്ട് പുളയും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ