മോദിക്ക് ആർഎസ്.എസിന്റെ തിരുത്ത്, ഇന്ത്യയൊരിക്കലും ക്യാഷ്‌ലെസ് ആകില്ല
April 16, 2018, 10:59 pm
ന്യൂഡൽഹി: ഇന്ത്യയെ പണരഹിതം(ക്യാഷ്‌ലെസ്) ആക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമങ്ങൾക്ക് വിലങ്ങുവച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) തലവൻ മോഹൻ ഭഗവത് രംഗത്തെത്തി. സാങ്കേതിക രംഗത്ത് ഏറെ പുരോഗമിച്ചാലും ഇന്ത്യയ്‌ക്ക് ഒരിക്കലും പണരഹിത സമൂഹമായി മാറാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോബയ് സ്‌റ്റോക് എക്‌‌സ്ചേഞ്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ പണരഹിത സമൂഹമാക്കി മാറ്റാനുള്ള പദ്ധതികൾക്ക് മികച്ച ലക്ഷ്യങ്ങളുണ്ടെങ്കിലും ഇതിൽ ചില പോരായ്‌മകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ഈ ആശയത്തിന് അതിന്റെ പ്രഖ്യാപിത ലക്ഷ്യം നേടാനാകില്ല. ഇന്ത്യയ്‌ക്ക് എപ്പോൾ വേണമെങ്കിലും പണരഹിതമാകാമെങ്കിലും ഒരിക്കലും പൂർണ ക്യാഷ്‌ലെസ് എന്ന ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രവുമല്ല, കടത്തിൽ നട്ടം തിരിയുന്ന എയർ ഇന്ത്യയെ ഇന്ത്യയിലെ തന്നെ ഏതെങ്കിലും ഒരു കമ്പനിക്ക് ഏറ്റെടുക്കാൻ അവസരമൊരുക്കണമെന്നും ഇതിൽ നിന്നും വിദേശ കമ്പനികളെ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ എയർ ഇന്ത്യയെ ഒരു ഇന്ത്യൻ കമ്പനിയെ ഏൽപ്പിക്കുകയാണ് വേണ്ടത്. ജർമനി പോലുള്ള രാജ്യങ്ങളെ ഇക്കാര്യത്തിൽ മാതൃകയാക്കണം. സ്വന്തം ആകാശം മറ്റൊരു രാജ്യത്തിന് പണയം വയ്‌ക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ