അക്ഷയതൃതീയ: വൻ വില്‌പന പ്രതീക്ഷിച്ച് സ്വർണ വിപണി
April 15, 2018, 12:10 am
അനിൽകുമാർ ശർമ്മ
കൊച്ചി: മാന്ദ്യകാലത്തിന് വിടപറഞ്ഞ് സ്വർണ വിപണിയിൽ അക്ഷയതൃതീയയുടെ ആവേശക്കൊടിയേറ്റ്. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും മൂലം കഴിഞ്ഞ രണ്ടു വർഷക്കാലമായി തളർച്ചയിലായിരുന്ന സ്വർണ വ്യാപാരമേഖല, അക്ഷയതൃതീയയോട് അനുബന്ധിച്ചുള്ള മികച്ച ബുക്കിംഗിന്റെ കരുത്തിൽ നേട്ടത്തിന്റെ പാതയിലേറിക്കഴിഞ്ഞു. വിഷുവിന് പുറമേ, കല്യാണ സീസൺ കൂടിയാണ് ഇതെന്നതും മികച്ച വില്‌പന പ്രതീക്ഷയുയർത്തുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നോട്ട് ക്ഷീണം, ജി.എസ്.ടി എന്നിവമൂലം 40 ശതമാനത്തോളം വില്‌പനയിടിവ് സ്വർണവിപണി നേരിട്ടിരുന്നു. പ്രതിദിനം 200 - 250 കോടി രൂപയുടെ വില്‌പന കേരളത്തിലെ സ്വർണ വിപണിയിൽ നടക്കുന്നുണ്ട്. അക്ഷയതൃതീയയിൽ ഇത് 1,000 - 1,500 കോടി രൂപവരെ ഉയരും. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇതേ നിലവാരത്തിൽ വില്‌‌പനനേട്ടം അക്ഷയതൃതീയയ്‌ക്കുണ്ടായി. 2016ൽ 35 ശതമാനവും 2017ൽ 30 ശതമാനവുമായിരുന്നു വളർച്ച. കഴിഞ്ഞ വർഷത്തേക്കാൾ ഇക്കുറി വില കൂടിയിട്ടുണ്ടെങ്കിലും ബുക്കിംഗിനെ ബാധിച്ചിട്ടില്ല.
1,000 കോടി രൂപയിൽ കുറയാത്ത കച്ചവടം ഇക്കുറിയും ഉറപ്പാണെന്ന സൂചനയാണ് ബുക്കിംഗ് ട്രെൻഡ് നൽകുന്നതെന്ന് വ്യാപാരികൾ പറയുന്നു. അര ഗ്രാം, ഒരു ഗ്രാം, അരപ്പവൻ എന്നിങ്ങനെ അളവിലാണ് അക്ഷയതൃതീയയ്ക്ക് കൂടുതൽ ബുക്കിംഗ് നടക്കുന്നത്. കല്യാണ സീസണായതിനാൽ ബൾക്ക് ബുക്കിംഗുമുണ്ട്. അക്ഷയതൃതീയ പ്രമാണിച്ച് ഏറെ ഡിമാൻഡുള്ള മഹാലക്ഷ്‌മി ലോക്കറ്റ്, ഗുരുവായൂരപ്പൻ ലോക്കറ്റ്, മൂകാംബികയിൽ പൂജിച്ച നാണയങ്ങൾ തുടങ്ങിവയുടെ പ്രത്യേക കൗണ്ടറുകളും ഷോറൂമുകളിൽ തുറന്നിട്ടുണ്ട്. നറുക്കെടുപ്പിലൂടെ വിജയികൾക്ക് ആഡംബര കാറുൾപ്പെടെയുള്ള സമ്മാനങ്ങൾ വ്യാപാരികൾ ഓഫർ ചെയ്യുന്നതും ബുക്കിംഗ് കൂടാൻ സഹായകമായിട്ടുണ്ട്.

ആശങ്കയായി വിലക്കയറ്റം
കഴിഞ്ഞവർഷം നോട്ട് ക്ഷാമമാണ് അക്ഷയതൃതീയ വിപണിയെ വലച്ചതെങ്കിൽ ഇക്കുറി ആശങ്കപ്പെടുത്തുന്നത് വിലക്കയറ്റമാണ്. കഴിഞ്ഞവർഷം ഗ്രാമിന് വില 2,600 രൂപയായിരുന്നു. ഇന്നലെ വില 2,870 രൂപ. പവൻവില 20,800 രൂപയിൽ നിന്ന് ഇന്നലെ 22,960 രൂപയിലുമെത്തി. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയും കൂടി!

വിലക്കുതിപ്പ്
(കഴിഞ്ഞ 4 ദിവസത്തെ ഉയർന്ന വില, ബ്രാക്കറ്റിൽ വർദ്ധിച്ച നിരക്ക്)
പവൻവില : ₹23,120 (₹160)
ഗ്രാമിന് : ₹2,890 (₹20)
ന്യൂഡൽഹി (10ഗ്രാം) : ₹32,150 (₹300)
രാജ്യാന്തര വില : $1,350 (ഒരാഴ്‌ചമുമ്പ് $1,250)

വിലക്കയറ്റത്തിന് പിന്നിൽ
 മികച്ച വില്‌പന ട്രെൻഡ്
 ഡോളറിന്റെ മുന്നേറ്റം
 അമേരിക്ക - ചൈന വ്യാപാരയുദ്ധം മൂലം ഓഹരി വിപണി നേരിടുന്ന തളർച്ച. സ്വർണനിക്ഷേപത്തിനാണ് ഇപ്പോൾ കൂടുതൽ സ്വീകാര്യത


 പ്രതീക്ഷ ₹1000 കോടി
കേരളം രേഖപ്പെടുത്തുന്ന പ്രതിദിന സ്വർണവില്‌പന 150 കോടി രൂപ മുതൽ 250 കോടി രൂപ വരെയാണ്. അക്ഷയതൃതീയ നാളിൽ മാത്രം വില്‌പന 1,000 - 1,​250 കോടി രൂപവരെ ഉയരാറുണ്ട്. ഇക്കുറിയും ആയിരം കോടി രൂപയിൽ താഴാത്ത വില്‌പനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.


ഐതീഹ്യതൃതീയ!
സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ഐശ്വര്യപൂർണമായ ദിനമായാണ് അക്ഷയതൃതീയയെ കാണുന്നത്. മഹാവിഷ്‌ണുവിന്റെ അവതാരമായ പരശുരാമന്റെ ജന്മദിനമാണ് അക്ഷയ തൃതീയയെന്ന് ഹിന്ദുമതസ്ഥർ വിശ്വസിക്കുന്നു. ഒരക്ഷയതൃതീയ നാളിലാണത്രേ വേദവ്യാസനും ഗണപതിയും ചേ‌ർന്ന് മഹാഭാരതം എഴുതിയത്. ദ്രൗപതിക്ക് അക്ഷയപാത്രം ലഭിച്ചതും അക്ഷയതൃതീയ ദിനത്തിലാണെന്ന വിശ്വാസമുണ്ട്. ഈ ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തിയാൽ ആയുഷ്‌കാലം മുഴുവൻ അനുഗ്രഹിക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു.


''വിഷുവും അക്ഷയതൃതീയയും വിവാഹ സീസണും ഒന്നിച്ചെത്തിയത് സ്വർണ വ്യാപാര മേഖലയ്ക്ക് ഉണർവ് പകർന്നിട്ടുണ്ട്. ഏറെക്കാലമായി നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഉൾപ്പെടെ ഒട്ടേറെ കാരണങ്ങളാൽ വില്‌പന കുറഞ്ഞു നിന്നിരുന്നു. ഇത്തവണ വലിയൊരു വില്‌പന കുതിപ്പാണ് അക്ഷയതൃതീയയ്ക്ക് വിപണി പ്രതീക്ഷിക്കുന്നത് '',
എസ്. അബ്‌ദുൾ നാസർ, ട്രഷറർ,
എ.കെ.ജി.എസ്.എം.എ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ