സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു, നായകനായി ഫഹദ്
April 14, 2018, 5:08 pm
മലയാളത്തിലെ മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായിരുന്ന സത്യൻ അന്തിക്കാടും ശ്രീനിവാസനും പതിനാറ് വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ നായകനാകുന്ന 'മലയാളി' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സത്യൻ അന്തിക്കാട് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

'പി ആർ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥയാണ് ചിത്രം പറയുന്നത്. 'ജോമോന്റെ സുവിശേഷങ്ങൾ'ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നി‌ർമിക്കുന്നത്. എസ്. കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
പല കഥകളും ആലോചിച്ചു.
പലതും ആരംഭത്തിൽ തന്നെ വിട്ടു.
'എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്' ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
'കഥ കിട്ടി'
ശ്രീനി പറഞ്ഞു.
'കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ.'
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

'നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, 'പി ആർ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.' പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശൻ.

'ജോമോന്റെ സുവിശേഷങ്ങൾ'ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെ ഈ സിനിമയും നിർമ്മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം. എസ്.കുമാർ ആണ് ഛായാഗ്രഹണം. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

'മലയാളി' എന്നാണ് സിനിമയുടെ പേര്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ