എന്താണ് ഞാൻ പോസ്‌റ്റ് ചെയ്യേണ്ടത്, രോഷം പ്രകടിപ്പിച്ച് പൃഥ്വി
April 14, 2018, 5:11 pm
എന്താണ് ഞാൻ പോസ്‌റ്റ് ചെയ്യേണ്ടത്. തന്റെ ടൈംലൈനിൽ തുടർച്ചയായി വന്ന ഒരു മെസേജിന് മറുപടിയെന്നോണം യുവതാരം പൃഥ്വി ഫെയ്‌സ്ബുക്കിൽ കുറിച്ച വരികളാണിത്. കത്വയിൽ എട്ടുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതിൽ രാജുവിൽ നിന്നും ഒരു പോസ്‌റ്റ് പ്രതീക്ഷിക്കുന്നു എന്ന സന്ദേശങ്ങമാണ് പൃഥ്വിയെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.

'കാശ്‌മീരിൽ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജുവേട്ടനിൽനിന്നും ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ ടൈംലൈനിൽ ഈ മെസേജാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. എന്താണ് ഞാൻ പോസ്റ്റ് ചെയ്യേണ്ടത്? എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്ത് വച്ച് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്യുകയും അതിനു ശേഷം അവളെ കല്ലുപയോഗിച്ച് തലയ്‌ക്കടിച്ച് കൊല്ലുകയും മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്‌തത് തെറ്റാണെന്നോ? അതല്ല ഇത് സംഭവിക്കാൻ ഒരു കാരണമുണ്ടെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നോ, ഇത് ചെയ്‌ത കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരരുതെന്നാണോ? അതല്ല ഈ സംഭവം വർഗീയവൽക്കരിക്കുന്നത് തെറ്റാണെന്നോ, അതല്ല ഒരു കൊച്ചുകുട്ടിയുടെ മരണം മതത്തിന്റെ പേരിൽ നിറംപൂശുന്നത് തെറ്റാണെന്നോ? അതല്ല ഇതൊരു രാഷ്ട്രീയ മുതലെടുപ്പ് ആക്കി തിരഞ്ഞെടുപ്പ് വോട്ടാക്കി മാറ്റുന്നത് തെറ്റാണെന്നോ? ഇതൊക്കെ തെറ്റാണോ?സത്യമായിട്ടും? നമ്മൾ ദുഃഖിക്കേണ്ട ആവശ്യമുണ്ടോ? എനിക്ക് ഒന്നും പറയാനില്ല.. ഒന്നും…'

'ആ കുട്ടിയുടെ പിതാവിനെപ്പോലെ എല്ലാ ദിവസവും ഞാൻ രാവിലെ ഉറക്കമുണരുന്നത് എന്റെ മകളെ കണ്ടുകൊണ്ടാണ്. ഒരു അച്ഛനെന്ന നിലയിൽ ഞാൻ ഭയപ്പെടുന്നു. ഒരു ഭർത്താവെന്ന നിലയിൽ ഇക്കാര്യത്തിലെ അവളുടെ അമ്മയുടെ ഭയവും ഞാൻ മനസിലാക്കുന്നു. ഇതിനെല്ലാം ഉപരി ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നിങ്ങളോരോരുത്തരെയും പോലെ ഞാനും ലജ്ജിക്കുന്നു. ഇത്തരത്തിലുളള നാണക്കേടുകളെ ഉൾക്കൊളളാൻ നമ്മൾ പരിചിതരായിക്കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലജ്ജ തോന്നുന്നു.. ഇന്ത്യ'.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ