റഷ്യയിൽ പുട്ടിന്റെ ജൈത്രയാത്ര 'ഞാൻ സാർ ചക്രവർത്തി"
May 14, 2018, 12:24 am
ഡോ. ജോസുകുട്ടി സി.എ.
'അയാൾ ‌ഞങ്ങളുടെ സാർ (ചക്രവർത്തി)അല്ല . ' എന്ന മുദ്രാവാക്യം വിളിച്ചുപറഞ്ഞു കൊണ്ടാണ് , വ്‌ളാഡിമിർ പുട്ടിൻ നാലാം തവണ റഷ്യൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ പ്രതിപക്ഷനേതാവ് അലക്‌സൈ നവൽനി അഭിസംബോധന ചെയ്‌തത്. അദ്ദേഹം ഇപ്പോൾ ജയിലിലാണ്. എന്നാൽ ഞാൻ സാർ ചക്രവർത്തിയാണ് എന്ന് വിളംബരം ചെയ്യുന്ന തരത്തിലുള്ള പരമ്പരാഗത പ്രൗഢഗംഭീര ചടങ്ങുകളിലാണ് പുട്ടിൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌തത്. സാർ ചക്രവർത്തിമാരായ അലക്‌സാണ്ടർ, നിക്കോളാസ് തുടങ്ങിയവരുടെ സ്‌ഥാനാരോഹണ ചടങ്ങ് നടന്ന വിഖ്യാതമായ ക്രെംലിൻ മണ്‌ഡപത്തിലാണ് സത്യപ്രതിജ്ഞ അരങ്ങേറിയത്. സാർ ചക്രവർത്തിമാരുടെ കാലഘട്ടത്തിലെ സൈനിക വേഷമണിഞ്ഞ സേനാവിഭാഗങ്ങളാണ് ഗാർഡ് ഓഫ് ഓണർ ഒരുക്കിയത്. റഷ്യൻ ഓർത്ത്ഡോക്‌സ് ചർച്ചിന്റെ പാത്രിയർക്കീസ് അനുഗ്രഹം നൽകാനെത്തിയതും സാർ പാരമ്പര്യത്തിൽ പെട്ടതാണ്. ക്ഷണിക്കപ്പെട്ട ആറായിരം അതിഥികൾക്ക് മുന്നിൽ നടന്ന ചടങ്ങ് സാർ പാരമ്പര്യത്തിൽ വിളങ്ങി നിന്നു.

പുട്ടിനിസം
2000 ൽ ബോറിസ് എൽസന്റെ ഭരണത്തിൽ കടുത്ത പ്രതിസന്‌ധിയിലായിരുന്ന റഷ്യയുടെ രക്ഷകനായിട്ടാണ് വ്‌ളാഡിമിർ പുട്ടിൻ ആദ്യം പ്രസിഡന്റാകുന്നത്. സത്യസന്‌ധതയും അച്ചടക്കവും ഉള്ള നേതാവായതുകൊണ്ടാണ് മുൻ കെ.ജി.ബി. ( റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസി ) ഉദ്യോഗസ്‌ഥനായ പുട്ടിനെ ഭരണസാരഥ്യം ഏൽപ്പിക്കുന്നത്. 2008 വരെ ( നാല് വർഷം വീതം രണ്ട് തവണ ) അദ്ദേഹം പ്രസിഡന്റായി തുടർന്നു. ഭരണഘടനാ പ്രകാരം രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റാവാൻ നിയമം അനുവദിക്കാത്തതു കൊണ്ട് 2008 മുതൽ 2012 വരെ പ്രധാനമന്ത്രിയായി. പിന്നീട് ഭരണഘടന ഭേദഗതി ചെയ്‌ത് പ്രസിഡന്റിന്റെ കാലാവധി ആറ് വർഷമാക്കി 2018 വരെ റഷ്യ ഭരിച്ചതിന് ശേഷം ഇക്കഴിഞ്ഞ മാർച്ചിൽ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇനി 2024 ലാണ് കാലാവധി അവസാനിക്കുന്നത്. റഷ്യൻ വിപ്ളവത്തിന് ശേഷം ജോസഫ് സ്‌റ്റാലിൻ മാത്രമാണ് ഇതിനേക്കാൾ കൂടുതൽ കാലം റഷ്യ ഭരിച്ചിട്ടുള്ളത്.
ഇങ്ങനെ നിരന്തരം അധികാരത്തിൽ തുടരുന്നതിനെ അദ്ദേഹം വളർത്തിയെടുത്ത പുട്ടിനിസം എന്ന് വിശേഷിപ്പിക്കാം. വ്യക്‌തി സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ( സോവിയറ്റ് യൂണിയനിൽ ഇല്ലാതിരുന്നത് ) ഒരു ഏകാധിപതിയെപ്പോലെ അധികാരം തന്നിലേക്ക് കേന്ദ്രീകരിച്ച് പേരിന് മാത്രം ജനാധിപത്യം നടപ്പിലാക്കി വേണ്ടപ്പോൾ ദേശീയതയും അരക്ഷിതാവസ്‌ഥയും കൂട്ടിക്കലർത്തിയാണ് പുട്ടിൻ അധികാരത്തിൽ തുടർന്നത്. ഇത് വെറും ഏകാധിപത്യമായിരുന്നില്ല. 2000- 2008 കാലഘട്ടത്തിൽ റഷ്യയുടെ മൊത്തവരുമാനം പ്രതിവർഷം ഏഴ് ശതമാനമാണ് വളർന്നത്. സ്‌റ്റാലിന്റെ കാലഘട്ടത്തിലുണ്ടായ വ്യാവസായിക വളർച്ചയെക്കാൾ ഉയർന്നതാണ് ഈ വളർച്ചാ നിരക്ക്. തകർന്ന് തരിപ്പണമായിരുന്ന റഷ്യയെ സാമ്പത്തികമായും രാഷ്‌ട്രീയമായും കരകയറ്റിയത് പുട്ടിനിസമാണെന്ന കാര്യത്തിൽ സംശയമില്ല.

മഹത്തായ റഷ്യ
' റഷ്യയെ സേവിക്കുക എന്നതാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം . ' എന്ന് പറഞ്ഞാണ് 2012 ൽ പുട്ടിൻ പ്രസിഡന്റായി അധികാരമേറ്റത്. 2018 ൽ റഷ്യയെ സാമ്പത്തികവും രാഷ്‌ട്രീയവുമായി സമ്പന്നമാക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. പട്ടിണി തുടച്ചു നീക്കുക, വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, 2024 ആകുമ്പോഴേക്കും ജീവിതദൈർഘ്യം 72 വയസിൽ നിന്ന് 78 ആക്കുക, അടിസ്‌ഥാനസൗകര്യം യൂറോപ്യൻ രാജ്യങ്ങൾക്ക് ഒപ്പമാക്കുക തുടങ്ങിയവയാണ് പുട്ടിൻ ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിരോധ ബജറ്റ് മൂന്ന് ശതമാനമായി കുറച്ചിരിക്കുകയാണ്. ഈ പ്രഖ്യാപനങ്ങൾ വെറും പാഴ്‌വാക്കല്ല. ചുരുങ്ങിയ കാലയളവിൽ റഷ്യയുടെ വരുമാനം ഇരട്ടിയാക്കിയും കടങ്ങൾ തീർത്തും ഊർജ്ജ വിഭവങ്ങൾ തന്ത്രപരമായി വ്യാപാരം ചെയ്‌തും പ്രാദേശികവും അന്തർദേശീയവുമായ സ്വാധീനം വർദ്ധിപ്പിച്ചും തകർന്നടിഞ്ഞ റഷ്യയെ പുനർപ്രതിഷ്‌ഠിച്ച നേതാവാണ് പുട്ടിൻ. പ്രതീകാത്മകമായും പുട്ടിൻ റഷ്യയിൽ ഈ കാലയളവിൽ നിറഞ്ഞു നിന്നു. ആയോധനകലയിലെ അഭ്യാസപ്രകടനങ്ങൾ കൊണ്ടും കുതിരപ്പുറത്തേറി വേട്ടയാടിയും അദ്ദേഹം റഷ്യൻ മനസുകളിൽ സ്‌ഥാനമുറപ്പിച്ചു. ഇതെല്ലാം ചേർത്താണ് ഓഗസ്‌ റോസ്ബർഗ് പുട്ടിനെക്കുറിച്ചുള്ള തന്റെ കൃതിക്ക് 'ശക്‌തിമാൻ' എന്ന് നാമകരണം ചെയ്‌തത്.

ലോകനേതൃത്വം
ലോകനേതൃത്വം കൊതിക്കുന്ന രാജ്യമാണ് റഷ്യ. ശീതസമരത്തിന് ശേഷം ചിന്നഭിന്നമായ സോവിയറ്റ് യൂണിയന് പുല്ലുവില കൊടുക്കാൻ പാശ്‌ചാത്യ ശക്‌തികൾ തയാറായിരുന്നില്ല. രണ്ടായിരാമാണ്ടിൽ ഒന്നുമല്ലാതിരുന്ന റഷ്യയെ ആണ് പുട്ടിൻ ഇന്ന് അമേരിക്കയെ വെല്ലുവിളിക്കാൻ പ്രാപ്‌തിയുള്ള ശക്‌‌തിയാക്കി മാറ്റിയത്. യുക്രെയിനിൽ നിന്ന് ക്രിമിയ പിടിച്ചെടുത്തതും സിറിയയിലെ റഷ്യയുടെ ഇടപെടലും അമേരിക്കക്കാരനായ എഡ്വേർഡ് സ്‌നോഡന് അഭയം നൽകാൻ കാട്ടിയ ചങ്കൂറ്റവും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്ത്രപരമായ ഇടപെടലും റഷ്യയെ നവശീതയുദ്ധത്തിൽ അമേരിക്കൻ വിരുദ്ധ ചേരിയുടെ തലപ്പത്ത് പ്രതിഷ്‌ഠിച്ചു. ഇന്ന് റഷ്യ ലോകരാഷ്‌ട്രീയത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ്. ഇറാൻ ആണവകരാറിൽ നിന്ന് പിൻവാങ്ങിയ അമേരിക്കയ്‌ക്ക് ചുട്ട മറുപടിയുമായാണ് റഷ്യ രംഗത്തുള്ളത്. ഇറാനുമായി സാമ്പത്തികബന്‌ധം ശക്തിപ്പെടുത്തുമെന്നാണ് റഷ്യ പറഞ്ഞിട്ടുള്ളത്. ചൈനയാണ് ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെങ്കിലും , രണ്ടാമത്തെ രാഷ്‌ട്രീയ സൈനിക ശക്‌തിയായി റഷ്യയാണ് അമേരിക്കയെ വെല്ലുവിളിക്കുന്നത്. ഇത് പുട്ടിന്റെ നേട്ടമാണ്.

ആഭ്യന്തര പ്രശ്‌നങ്ങൾ
ഒട്ടനവധി നേട്ടങ്ങളുണ്ടെങ്കിലും സങ്കീർണമായ ആഭ്യന്തര പ്രശ്‌നങ്ങൾ റഷ്യയിലുണ്ട്. 12 ശതമാനം റഷ്യക്കാർ ദാരിദ്ര്യത്തിലാണ്. കഴിഞ്ഞ നാല് വർഷമായി വരുമാനം തുടർച്ചയായി കുറയുകയാണ്. സാമ്പത്തിക അസമത്വം വർദ്ധിക്കുന്നു എന്ന് മാത്രമല്ല, പഠനങ്ങൾ പ്രകാരം 45 ശതമാനം പുട്ടിനെ അതിന്റെ ഉത്തരവാദിയായും കാണുന്നു. പലപ്രദേശങ്ങളിലും വിദ്യാഭ്യാസം ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യങ്ങൾ കുറവാണ്. ഇക്കാരണങ്ങളാൽ തന്നെ പ്രതിഷേധം വളരെ ശക്തമാണ്. സത്യപ്രതിജ്ഞാവേളയിൽ വൻപ്രതിഷേധമാണ് പുട്ടിനെതിരെ ഉയർന്നത്. ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി പ്രതിപക്ഷത്തെ തടവിലാക്കുകയാണ് പുട്ടിന്റെ നയം. പ്രതിപക്ഷ സ്‌ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ളവരെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെയാണ് പുട്ടിൻ ഭരണത്തിൽ തുടരുന്നത്. ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അധികാരത്തിൽ തുടരുക എളുപ്പമാകില്ല.

ദേശീയതയും സുരക്ഷയും
ഒരു പ്രത്യേകമായ ആശയത്തിന്റെ വക്താവല്ല പുട്ടിൻ. എന്നാൽ യഥാസമയം ദേശീയതയും പാശ്ചാത്യ വിരുദ്ധതയും ആളിക്കത്തിച്ച് പ്രതിഷേധങ്ങളെ അടിച്ചൊതുക്കി അധികാരം കൈയാളുവാൻ പുട്ടിന് അസാമാന്യ വിരുതാണ്. അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഇടപെടലും ഇറാന് കൊടുക്കുന്ന പിന്തുണയുമൊക്കെ പുട്ടിനെ ഭരണത്തിൽ തുടരാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഏറ്റവും പുതിയ ആണവായുധങ്ങൾ പ്രദർശിപ്പിച്ച് അവകൊണ്ട് അമേരിക്കയെ നിഷ്‌പ്രയാസം തകർക്കുമെന്ന് വീമ്പിളക്കിയാണ് പുട്ടിൻ തിരഞ്ഞെടുപ്പ് ജയിച്ചുകയറിയത്. ഭരണത്തിൽ തുടരാൻ ആവശ്യമായ ഇത്തരം അമ്പുകൾ പുട്ടിന്റെ ആവനാഴിയിൽ ആവോളമുണ്ട്.
റഷ്യയെ നവീകരിച്ചിട്ടുള്ള പല ചരിത്രപുരുഷൻമാരും പുട്ടിനെ വളരെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാ അധികാരങ്ങളും തങ്ങളിലേക്ക് കേന്ദ്രീകരിച്ചിരുന്ന സാർ ചക്രവർത്തിമാർ മിക്കവാറും തങ്ങളുടെ മരണത്തോടുകൂടിയാണ് ഭരണസിംഹാസനം ഒഴിഞ്ഞത്. 1894 മുതൽ 1917 വരെ റഷ്യ ഭരിച്ചിരുന്ന അവസാന സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമനും ജീവിതാവസാനം വരെ ഭരണത്തിൽ തുടർന്നിരുന്നു . 23 വർഷമാണ് നിക്കോളാസ് രണ്ടാമൻ റഷ്യ ഭരിച്ചത്. 2024 വരെ പുട്ടിൻ ഭരണത്തിൽ തുടർന്നാൽ 24 വർഷം പൂർത്തിയാക്കും . 2024 ൽ വ്‌ളാഡിമിർ പുട്ടിൻ കളം വിടുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. സംശയം വേണ്ട, 21 - ാം നൂറ്റാണ്ടിലെ റഷ്യയുടെ സാർ ചക്രവർത്തിയാണ് പുട്ടിൻ.

( ലേഖകൻ കേരള സർവകാലാശാലയിൽ പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : )
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ