മധുരിക്കുന്ന കലാലയമുറ്റം
May 13, 2018, 2:00 pm
ഡോ. ജോമോൻ മാത്യു
വാർത്തകൾക്കും കേട്ടുകേൾവികൾക്കുമപ്പുറം തിരുവനന്തപുരം നഗരമദ്ധ്യത്തിൽ ഒരു കൊച്ചുലോകമുണ്ട്. പുറംലോകം സംശയത്തിന്റെ കണ്ണടവച്ച് മാത്രം എത്തിനോക്കിയിരുന്ന യൂണിവേഴ്സിറ്റി കോളേജ്. പാരമ്പര്യത്തിന്റെ ഈ തലയെടുപ്പിന് കീഴിൽ പഠനഗവേഷണ കലാകായിക മികവിന്റെ ഒരു സർവകലാശാല തന്നെ ഒളിച്ചിരിപ്പുണ്ടെന്ന് ഒടുവിൽ സമ്മതിക്കേണ്ടിവന്നു ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിന്. മന്ത്രാലയം പ്രസിദ്ധീകരിച്ച നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് റാങ്കിംഗ് ഫ്രെയിംവർക്ക് (ചകഞഎ) പ്രകാരം രാജ്യത്തെ മികച്ച 1500 ഓളം കോളേജുകളുടെ പട്ടികയിൽ യൂണിവേഴ്സിറ്റി കോളേജിന് പതിനെട്ടാംസ്ഥാനമാണ് ലഭിച്ചത്. കേരളത്തിൽ ഏറ്റവും ഉയർന്ന സ്ഥാനവും ആദ്യ 100 കോളേജുകളിലെ ഏക സർക്കാർ കോളേജും വിമർശകരും വിവാദങ്ങളും എഴുതിത്തള്ളിയ യൂണിവേഴ്സിറ്റി കോളേജാണ്...! ഈ നേട്ടത്തിലൂടെ വർത്തമാനകാലത്തിന് മധുരിക്കുന്ന മറുപടി നൽകിയതിന് പിന്നിൽ, കഠിനാധ്വാനത്തിന്റേയും പോരാട്ടത്തിന്റെയും ജീവിതാനുഭവങ്ങൾ സ്വന്തമായുള്ള വെറും സാധാരണ കുടുംബങ്ങളിൽ നിന്നും ബസിറങ്ങി വന്നവരാണ്. 1866 ൽ ആരംഭിച്ച കോളേജിന്റെ ചരിത്രത്തിലേക്ക് കടക്കുന്നില്ല. 150 വർഷത്തെ പാരമ്പര്യമുള്ള ഓർമ്മകളുടെ മുത്തശ്ശി മാവിൻ തണലിലാണ് യൂണിവേഴ്സിറ്റി കോളേജിന്റെ പെരുമ വളർന്നത്. ഇവിടുത്തെ ചെങ്കൽ ചുവരുകളുടെ നിഴൽപറ്റിയാണ് എണ്ണിയാൽ തീരാത്ത മഹാരഥന്മാർ മലയാള മണ്ണിലേക്ക് പ്രശസ്തിയുടെ തിളക്കമെത്തിച്ചത്. രാഷ്ട്രീയത്തിലും ഭരണരംഗത്തും കലാസാഹിത്യരംഗത്തും മാത്രമല്ല, ജീവിതത്തിന്റെ സകലതുറകളിലും ഈ കലാലയം സംഭാവന നൽകിയവർ നിരവധിയുണ്ട്. കെ.ആർ.നാരായണനും എ.ആർ. രാജരാജവർമ്മയും എസ്. ഗുപ്തൻനായരും ഒ.എൻ.വി കുറുപ്പും നരേന്ദ്രപ്രസാദും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും പി.സി. അലക്സാണ്ടറും സുഗതകുമാരി ടീച്ചറുമെല്ലാം ഈ മണ്ണിലൂടെ നടന്ന് ചരിത്രം സൃഷ്ടിച്ചവരിൽ ചിലർ മാത്രം.

പഠനവും ഗവേഷണവും
'ഇവിടെ പഠനമില്ല, സമരമേയുള്ളൂ' എന്ന പേരുദോഷം ഇനിയും യൂണിവേഴ്സിറ്റി കോളേജിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയിട്ടില്ല. എന്നാൽ 3294 ത്തോളം വരുന്ന ഇവിടുത്തെ കുട്ടികൾക്ക് 'സമരവും ഒരു പഠനമാണ് ' സമര പഠനങ്ങൾ ഇഴചേർന്ന സിലബസ് പഠിച്ചാണ് കഴിഞ്ഞ അക്കാഡമിക് വർഷം മാത്രം 1242 പേർ വിവിധ സ്‌കോളർഷിപ്പുകൾ കരസ്ഥമാക്കിയത്. 201617 ൽ 128 ഡിഗ്രി വിദ്യാർത്ഥികളും 214 പി.ജി വിദ്യാർത്ഥികളും കാമ്പസ് സെലക്ഷൻ നേടുകയും ഉണ്ടായി. ഈ വർഷത്തെ ബിരുദാനന്തര ബിരുദ ഫലം യൂണിവേഴ്സിറ്റി കോളേജിന്റെ അക്കാഡമിക് മികവിന് അടിവരയിടുന്നതാണ്. എട്ടു വിഷയങ്ങളിൽ ഒന്നാം റാങ്ക് ഉൾപ്പെടെ 29 റാങ്കുകളാണ് ഈ വർഷത്തെ പി.ജി പരീക്ഷയിൽ മിടുക്കർ സ്വന്തമാക്കിയത്. ആഘോഷങ്ങൾക്ക് അവസാനമില്ലാത്ത ഈ ചെറുതുരുത്തിൽ ഗവേഷകരായി മാത്രം 500ൽ അധികം പേരുണ്ട്. 23 പഠന വകുപ്പുകളിലെ 207 അധ്യാപകരിൽ 109 പേർക്കും ഡോക്ടറേറ്റും അതിൽ ഭൂരിഭാഗത്തിനും റിസർച്ച് ഗൈഡ്ഷിപ്പും ഉണ്ട്. ചുരുക്കത്തിൽ ഗവേഷണം ഈ കലാലയത്തിൽ ഒരു സപര്യയാണ്. അതിലേറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബോട്ടണി വിഭാഗം പ്രൊഫസർ ഡോ. പ്രീതയുടെ നേതൃത്വത്തിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയൊരു ഔഷധസസ്യം. കോളേജിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ 40 കുട്ടികൾ സ്ഥിരമായി പരിശീലനം നേടി വരുന്നുണ്ട്. കേരള യൂണിവേഴ്സിറ്റിയിലെ മികച്ച എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളിലൊന്നായ ഇവിടെ നിന്നും റിപ്പബ്ളിക് ദിന പരേഡിലും ദേശീയതല മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുന്നുണ്ട്. അതു പോലെ എൻ.സി.സിയുടെ നേവൽ യൂണിറ്റും കോളേജിൽ പ്രവർത്തിച്ചു വരുന്നു.

കലയുടെ കൂടാരം കായിക നേട്ടങ്ങളുടെയും
പരാധീനതകൾക്ക് നടുവിലെ പഴക്കമേറിയ കെട്ടിടങ്ങളുടെ കൂടാരമാണ് യൂണിവേഴ്സിറ്റി കോളേജ്. കേരളത്തിലെ ഒട്ടുമിക്ക കലാലയങ്ങൾക്കും ഉള്ളതുപോലെ മികച്ചൊരു ആഡിറ്റോറിയമോ കളിസ്ഥലമോ ഇവിടെ കണ്ടെന്നുവരില്ല. പക്ഷേ അവിടെങ്ങും ഇല്ലാത്ത പ്രതിഭകൾ ഇവിടെയുണ്ട്. താരങ്ങളുണ്ട്. വിജയം പൊരുതിനേടാനുള്ള ചങ്കുറപ്പിന്റെ ചുടുകാറ്റും ഇവിടെയുണ്ട്. ഇക്കഴിഞ്ഞ കേരള സർവകലാശാലാ യുവജനോത്സവത്തിൽ 200ഓളം കോളേജുകളോട് മത്സരിച്ച് യൂണിവേഴ്സിറ്റി കോളേജ് കരസ്ഥമാക്കിയ റണ്ണേഴ്സ് അപ് കിരീടം തന്നെ ഉത്തമ ഉദാഹരണം. പണമൊഴുക്കിന്റെ യുവജനോത്സവത്തിൽ കഴിവുകൊണ്ട് മാത്രം മാറ്റുരച്ച് നേടിയ കിരീടത്തിന് പത്തരമാറ്റാണ് ഇവിടെ മൂല്യം. 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോഴും ആ നേട്ടത്തിൽ യൂണിവേഴ്സിറ്റി കോളേജിന്റെ നെഞ്ചിടിപ്പിന്റെ താളമുണ്ടായിരുന്നു. മൂന്നരകോടി ജനതയുടെ സ്വപ്നങ്ങളുമായി കേരളത്തിന്റെ ഗോൾവല കാക്കാൻ രണ്ടാമനായി ബംഗാളിലെ പുൽമൈതാനത്തു ഉണ്ടായിരുന്നു യൂണിവേഴ്സിറ്റി കോളേജിന്റെ സ്വന്തം അജ്മൽ. ഇക്കഴിഞ്ഞ വർഷം നടന്ന ഇന്തോ - നേപ്പാൾ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണമെഡൽ നേടിയ തസ്ലീമും എല്ലാം ഈ കലാലയത്തിന്റെ തീ പാറുന്ന മണ്ണിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട ഫിനിക്സ് പക്ഷികളാണ്. തീരുന്നില്ല, കാലം തഴഞ്ഞിട്ട യൂണിവേഴ്സിറ്റി കോളേജിന്റെ വീരകഥകൾ. കാലഘട്ടത്തോട് പൊരുതാനിറങ്ങിയ നക്ഷത്രക്കണ്ണുകളിലെ പൊൻതിളക്കങ്ങൾ പാരമ്പര്യത്തിന്റെ നിഴൽപ്പാടുകൾക്കപ്പുറം ഊതിക്കാച്ചിയ 'പ്രതിഭാ'സയാത്രകൾ. ക്ലാസ് മുറിയിലും പാഠപുസ്തകത്തിലും തീരുന്നതല്ല വിദ്യാർത്ഥി ധർമ്മം എന്നറിയുന്നവരുടെ വീരചരിതം. 150ാം വാർഷികാഘോഷം കടന്നു പോയ വേളയിൽ സർക്കാരിന്റെ സ്തുത്യർഹമായ സഹായങ്ങൾ കോളേജിന് ലഭിക്കുകയുണ്ടായി. നാക്കിന്റെ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുള്ള കോളേജ് മൂന്നാംഘട്ട അക്രഡിറ്റേഷൻ നടപടികൾക്കായുള്ള തയ്യാറെടുപ്പിലാണ്. ജൂണിൽ നടക്കുന്ന നാക്ക് പരിശോധനയ്ക്കായി പ്രിൻസിപ്പൽ ഡോ. ഓമനാ പങ്കൻ, വൈസ് പ്രിൻസിപ്പൽ ജി. സന്തോഷ് കുമാർ, ഐ. ക്യു.എ.സി, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ കോളേജ് നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

(യൂണിവേഴ്സിറ്റി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ അസി. പ്രൊഫസറാണ് ലേഖകൻ. ഫോൺ: 94462 72118)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ