പുതുജീവൻ തേടി കെ.എസ്.ആർ.ടി.സി; പൂക്കാൻ കൊതിച്ച് ഉദ്യോഗാർത്ഥികൾ
May 14, 2018, 8:50 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: അവധിയെടുത്ത് മുങ്ങിയവരെ സർവീസിൽ നിന്ന് പുറത്താക്കുന്നു. പെൻഷൻ പ്രായം 56ൽ നിന്ന് 58 ആയി വർദ്ധിപ്പിക്കേണ്ടെന്ന് മാനേജ്മെന്റ് തീരുമാനിക്കുന്നു. കെ.എസ്.ആർ.ടി.സിയെ പടുകുഴിയിൽ നിന്ന് കരകയറ്റാൻ പുതിയ സി.എം.ഡി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ നടക്കുന്ന യുദ്ധകാല നടപടികളിൽ പ്രതീക്ഷയർപ്പിക്കുന്നത് അതിലെ ജീവനക്കാരും പെൻഷൻകാരും മാത്രമല്ല, പി.എസ്.സിയുടെ അഡ്വൈസ് മെമ്മോയുമായി കണ്ടക്ടർ നിയമനം തേടി സമരപാതയിലുള്ള നൂറുകണക്കിന് യുവതീയുവാക്കളുമാണ്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനത്തിന് പി.എസ്.സിയുടെ അഡ്വൈസ് ലഭിച്ചത് 4,051 പേർക്കാണ്. ഇവരിൽ മിക്കവരും പ്രതീക്ഷ നശിച്ച് മറ്റ് ജോലികൾ തേടിപ്പോയി. 1500 ഓളം പേർ ഇപ്പോഴും നിയമനവും കാത്തിരിപ്പാണ്. മറ്റ് ജോലികൾക്ക് അപേക്ഷിക്കാൻ പ്രായപരിധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്. കഴിഞ്ഞ മൂന്നു മാസത്തോളമായി സെക്രട്ടേറിയറ്റ് നടയിൽ മഴയും വെയിലുമേറ്റ് സമരത്തിലാണ് ഇവർ.

അഡ്വൈസ് മെമ്മോ കിട്ടിയാൽ മൂന്ന് മാസത്തിനകം നിയമന ഉത്തരവ് നൽകണമെന്നാണ് നിയമം. എന്നാൽ, കണ്ടക്ടർമാരുടെ എണ്ണം കൂടുതലാണെന്ന പേരിൽ കെ.എസ്.ആർ.ടി.സി നിയമനം നടത്തിയില്ല. നിയമനം ആവശ്യപ്പെട്ട് പന്ത്രണ്ട് കത്തുകളാണ് പി.എസ്.സി അയച്ചത്. ജൂലായ് 15 മുതൽ കോർപറേഷനിൽ പൂർണമായും സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നിലവിൽ വരുമെന്നും, അപ്പോഴുണ്ടാവുന്ന ഒഴിവുകളിൽ നിയമനം നൽകാമെന്നുമായിരുന്നു കഴിഞ്ഞ വ‌ർഷം ജനുവരിയിൽ കോർപറേഷൻ നൽകിയ മറുപടി.

പ്രതീക്ഷയ്ക്ക് പിന്നിൽ
 ജനുവരിയിൽ 606 പേർ എം.ഡിയുടെ നിർദ്ദേശാനുസരണം രാജിവച്ചു
 ഏപ്രിൽ 27ന് അനധികൃത അവധിയിൽ തുടരുന്ന 450 പേരെ പിരിച്ചുവിട്ടു
 ഇതേകാരണത്താൽ മേയ് 5ന് 144 പേരെ പിരിച്ചുവിട്ടു
 466 പേർക്ക് നോട്ടീസ് നൽകി, 500 പേരുടെ ലിസ്റ്റ് തയ്യാറാകുന്നു
 ണ്ടു മാസത്തിനുള്ളിൽ 700 പേർ വിരമിക്കും
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ