പാഠം പഠിപ്പിക്കാൻ 'കൂട്ടമണി'യുമായി രണ്ട് ടീച്ചർമാർ
May 14, 2018, 6:53 am
തൃശൂർ: നാട്ടിൻപുറത്തെ അച്ഛനമ്മമാർ പോലും സി.ബി.എസ്.ഇയുടെയും ഐ.സി.എസ്.ഇയുടെയും പിന്നാലെ ഒാടുന്നതുകണ്ട് രണ്ട് ടീച്ചർമാർ എല്ലാവരെയും ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു; പാഠപുസ്തകം കൈയിലെടുത്തല്ല, സിനിമ നിർമ്മിച്ച് !

വെറും മുപ്പതോളം വിദ്യാർത്ഥികൾ മാത്രമായി നിലനിൽപ്പുപോലും ഭീഷണിയിലായ വാക മാലതി എയ്ഡഡ് യു.പി. സ്‌കൂളിലെ അറബി, സംസ്‌കൃതം അദ്ധ്യാപികമാരായ ഷംനയും നിഷയുമാണ് സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നൻമയ്ക്കും പെരുമയ്ക്കും അടിവരയിടുന്ന അര മണിക്കൂർ ദൈർഘ്യമുള്ള ഹ്രസ്വസിനിമ 'കൂട്ടമണി' യു‌ടെ നിർമ്മാതാക്കളായത്.

രണ്ട് പതിറ്റാണ്ടു മുൻപ് 600 ഒാളം വിദ്യാർത്ഥികളുണ്ടായിരുന്നു ഇൗ സ്കൂളിൽ. കൂണുപോലെ മുളച്ചുപാെന്തിയ സ്വകാര്യ സ്കൂളുകൾക്കു മുന്നിൽ മാലതി സ്കൂളിന്റെ മരണമണി മുഴങ്ങുമ്പോഴാണ് പഞ്ചായത്ത് അംഗങ്ങളും പൂർവവിദ്യാർത്ഥികളും മാനേജ്മെന്റും നാട്ടുകാരും കൈകോർത്ത് 'കൂട്ടമണി' ഒരുക്കിയത്. സംസ്കൃതം അദ്ധ്യാപിക മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറിപ്പോയി. 75, 000 രൂപയോളം മുടക്കി രണ്ട് അദ്ധ്യാപികമാരും മുന്നിട്ടിറങ്ങിയതോടെ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം നാലുമാസത്തിനകം പൂർത്തിയായി.

ഒരു ദരിദ്രകുടുംബത്തിലെ പെൺകുട്ടി സർക്കാർ വിദ്യാലയത്തിലും ആൺകുട്ടി സി.ബി.എസ്.ഇയിലും പഠിക്കുമ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകളും തിരിച്ചറിവുകളുമാണ് ഹ്രസ്വസിനിമയുടെ ഇതിവൃത്തം. ഒടുവിൽ, സിനിമയുടെ ടീസർ സമൂഹ മാദ്ധ്യമങ്ങളിലൂടെ കാണിച്ച് രക്ഷിതാക്കളെ ബോധവത്കരിച്ച് ഇൗ വർഷം കുറച്ച് വിദ്യാർത്ഥികളെ തേടിപ്പിടിച്ച് സ്കൂളിൽ ചേർത്തിയിട്ടുണ്ട്.

 ശതാഭിഷേകത്തിനിടെ മരണമണി
ആയിരം പൂർണ്ണചന്ദ്രൻമാരെ കണ്ട് 84-ാം വയസിൽ ശതാഭിഷേകത്തിന് ഒരുങ്ങുമ്പോഴാണ് വാക മാലതി സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്. ശാസ്ത്രജ്ഞരും ഡോക്ടർമാരും എൻജിനിയർമാരുമെല്ലാം പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ, അഞ്ചുപേരടങ്ങുന്ന മാനേജ്മെന്റിന്റേതാണ് ഭരണം. മാലതി യു.പി സ്‌കൂളിന്റെ ബാനറിൽ ചിത്രകാരനും വാകയിലെ പൂർവ വിദ്യാർത്ഥിയുമായ ബാബു വാകയാണ് സംവിധാനം നിർവ്വഹിച്ചത്. മറ്റൊരു പൂർവ വിദ്യാർത്ഥിയും ഗണിത ശാസ്ത്രജ്ഞനുമായ ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട്‌ തിരക്കഥയും സംഭാഷണവും ഒരുക്കി. സഹസംവിധാനം: ഡോ. സാബിൻ ജോർജ്, ഛായാഗ്രഹണം: അരുൺ. മുരളി പുറനാട്ടുകര, യതീന്ദ്രദാസ് തൃക്കൂർ എന്നിവരുടെ വരികൾക്ക് വിനോദ്കുമാർ, സുനിത വാക എന്നിവർ സംഗീതം പകർന്നു. സുനിൽ സിത്താര, ശിവദാസ് വാക, ശ്രീഭദ്ര സുനിൽ, ദൃശ്യ, മുജീബ് റഹ്മാൻ എന്നിവരുടേതാണ് ആലാപനം. ഉണ്ണി അരിയന്നൂർ, വേണു പാഴൂർ, ശിവദാസ്‌ വാക, ഗോപു മൂക്കോല, രവീന്ദ്രൻ കെ. മേനോൻ, റസാഖ്, മുഹമ്മദ്, ഷിജു, ലേഖ ദിലീപ്കുമാർ, മഞ്ജു സുഭാഷ്, ജയശ്രീ, ഷംന തുടങ്ങിയവരോടൊപ്പം സ്കൂളിലെ വിദ്യാർത്ഥികളും സിനിമയിൽ വേഷമിട്ടു.

 മന്ത്രിയുടെ പിന്തുണ
സിനിമ കണ്ട് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പിന്തുണയും സഹകരണവും അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിലും വിദ്യാലയങ്ങളിലും ചിത്രം പ്രദർശിപ്പിക്കാനാണ് ലക്ഷ്യം. അതിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം കാത്തിരിക്കുകയാണിവർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ