കാലം മായ്ക്കാത്ത ഓർമ
May 13, 2018, 8:06 am
പ​​​യ്യ​​​ന്നൂർ കു​​​ഞ്ഞി​​​രാ​​​മൻ
കേരളകൗമുദിയിൽ ജോലി കിട്ടി. മാസം 100 രൂപ ശമ്പളം കിട്ടും. തൃശൂർക്കാരൻ സുകുമാരൻ എന്ന പേരിലാണ് ജോലിയിൽ പ്രവേശിച്ചത്. എന്റെ സ്വതസിദ്ധമായ വടക്കൻ മലബാറിലെ ഭാഷ അമർത്തിവെക്കാൻ ഞാൻ പാടുപെട്ടു. ഇതുകൊണ്ട് വളരെ അപൂർവമായേ സംസാരിച്ചിരുന്നുള്ളൂ. എന്റെ പണി കൃത്യമായും നന്നായും എനിക്കാവുന്ന വിധത്തിൽ ചെയ്തു. എഡിറ്ററായ കെ. സുകുമാരനുമായി ആലോചിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. ഞാൻ രാത്രിയും പകലും ഓഫീസിൽ തന്നെ കഴിഞ്ഞു. കേരള കൗമുദിയിലെ സ്റ്റാഫ് ആയതോടെ നന്തൻകോട് ഒരു മുറി വാടകയ്‌ക്കെടുത്ത് താമസിക്കാനുള്ള ധൈര്യം എനിക്കുണ്ടായി. എന്റെ മുറിയുടെ തൊട്ടടുത്ത മുറിയിൽ പോലീസ് ഐ ജി ഓഫീസിലെ ഒരു ക്ലർക്കാണ് താമസിച്ചിരുന്നത്. ഞങ്ങൾ സുഹൃത്തുക്കളായി. പോലീസ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന അന്വേഷണത്തിന്റെയും മറ്റു വിവരങ്ങൾ ഇയാളിൽ കൂടി ഞാൻ മനസിലാക്കിയിരുന്നു. പത്ത് മാസക്കാലം കേരളകൗമുദിയിൽ ജോലി ചെയ്തു. കേരള കൗമുദിയുമായുള്ള എന്റെ ബന്ധം വളരെ ഹൃദ്യമാണ്. വർഷങ്ങൾക്കു ശേഷം മുഖ്യമന്ത്രിയായി ഞാൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ കേരളകൗമുദി ഓഫീസിൽ പോകുകയുണ്ടായി. എഡിറ്റർ കെ. സുകുമാരൻ വൃദ്ധനായിരുന്നെങ്കിലും അദ്ദേഹത്തിന് എന്നോടുണ്ടായിരുന്ന വാത്സല്യം അപ്പോഴുമുണ്ടായിരുന്നു. '' കാലം മായ്ക്കാത്ത ഓർമ്മകൾ. മേയ് 19 ഇ.കെ.നായനാരുടെ ചരമദിനം. ചരിത്രമെന്നത് അനുഭവമാണെന്നും ഔദാര്യമല്ലെന്നും പറഞ്ഞുകൊണ്ടിരുന്ന ആ ജനകീയ മുഖ്യമന്ത്രി കല്യാശേരിയിലെ രാഷ്ട്രീയബോധത്തിൽ നിന്നും വളർന്നുവന്ന നേതാവാണ്.

കല്യാശേരിയിൽ ഏറംപാല നായനാർ കുടുംബം പണ്ട് കോലത്തിരി രാജാവിന്റെ പ്രഭുക്കന്മാരായിരുന്നു. നാടകൻ എന്ന അർത്ഥത്തിലാണ് നായനാർ എന്ന പദം ഉപയോഗിക്കുന്നത്. തന്റെ ആദ്യത്തെ മംഗലാപുരം സന്ദർശനത്തെക്കുറിച്ച് ഇ.കെ.നായനാർ അനുസ്മരിക്കുന്നുണ്ട്. എന്റെ ഗ്രാമത്തിൽ നിന്നും വ്യത്യസ്തമായ കാഴ്ചകളാണ് അവിടെ കണ്ടതെന്ന് അദ്ദേഹം വിവരിക്കുന്നു. ''മംഗലാപുരത്തെ തെരുവിൽ വച്ചാണ് ഞാൻ ആദ്യമായി യാചകരെ കണ്ടത്. മില്ലുകളും പീടികകളും പണ്ടകശാലകളും എല്ലാം ഞാൻ കണ്ടു. തൊഴിലാളിയും മുതലാളിയും എന്താണെന്ന് ഞാൻ മനസിലാക്കി. അവരെയും ഈ നഗരത്തിൽ വെച്ചാണ് കണ്ടത്. അവിടെ വെച്ച് തെരുവുകളിൽ ഉറങ്ങുന്നവരെ ഞാൻ കണ്ടു. പൊടിനിറഞ്ഞ തെരുവുകളിൽ ആഹാരം പിടിച്ചുപറിച്ച് വഴക്കടിക്കുന്ന കുട്ടികളെയും കാണാൻ കഴിഞ്ഞു. മംഗലാപുരം എന്റെ ധാരണയ്ക്ക് മാറ്റം വരുത്തി. പുതിയ വിജ്ഞാനം എനിക്കു ലഭിച്ചു.''

സ്‌കൂളിൽ പഠിക്കുമ്പോൾ ഗാന്ധിത്തൊപ്പിയിട്ട് ക്ലാസിൽ പോയ അനുഭവം നായനാർ വിവരിക്കുന്നുണ്ട്. അന്ന് ഖദർ ധരിക്കുന്നത് ബ്രിട്ടീഷുകാരോടുള്ള വെല്ലുവിളിയായി കണക്കാക്കിയിരുന്നു. ഒരു ദിവസം അദ്ദേഹം കൂട്ടുകാർക്കൊപ്പം ഗാന്ധിത്തൊപ്പികളുമായി ക്ലാസിൽ ചെന്നു. തൊപ്പി കുപ്പായത്തിന്റെ കീശയിൽ മടക്കിവെച്ചിരിക്കുകയായിരുന്നു. രാവിലെ പത്ത് മണിക്ക് ബെല്ലടിച്ചു. ക്ലാസ് ആരംഭിച്ചു. പ്രധാന അധ്യാപകൻ കടന്നുവന്നു. പെട്ടെന്ന് ക്ലാസിലൊരു ശബ്ദം. അതൊരു സൂചനയായിരുന്നു. നാല് കുട്ടികളും തൽക്ഷണം ഗാന്ധിത്തൊപ്പിയെടുത്ത് ധരിച്ചു. ഹെഡ്മാസ്റ്റർ നോക്കിയപ്പോൾ നായനാരടക്കം നാലുകുട്ടികൾ ഗാന്ധിത്തൊപ്പിയിട്ടിരിക്കുന്നു. അദ്ദേഹം കോപാകുലനായി, തൊപ്പിയെടുത്ത് മാറ്റാൻ കല്പിച്ചു. നായനാർ മിണ്ടാതെയിരുന്നതേയുള്ളൂ. അടുത്ത ക്ലാസിലുള്ളവരെല്ലാം ഇത് ശ്രദ്ധിക്കുകയായിരുന്നു. പിന്നെയും തൊപ്പിയൂരാൻ അധ്യാപകൻ കല്പിച്ചെങ്കിലും കുട്ടികൾ വഴങ്ങിയില്ല. അധ്യാപകൻ ചൂരലുമായി നായനാരുടെ മുന്നിൽ വന്നു നിന്നു. ഇപ്പോൾ അടി വീഴും എന്ന് എല്ലാവരും കരുതി. എന്നാൽ ആർക്കും അടി കിട്ടിയില്ല. ഗാന്ധിത്തൊപ്പിയിട്ടവരെ ബെഞ്ചിൽ കയറ്റിനിർത്തി. നായനാർ അന്തസ്സോടെ തലയുയർത്തി ബെഞ്ചിൽ നിന്നു. അന്ന് കുട്ടികളുടെ നേതാവായി വളർന്ന നായനാർ പിൽക്കാലത്ത് കേരളീയരുടെയെല്ലാം സഖാവും നേതാവുമായി തീർന്നു.
കല്യാശേരി ഗ്രാമത്തിൽ ഒരു ഹയർ എലിമെന്ററി സ്‌കൂളുണ്ടായിരുന്നു. നായനാരുടെ അമ്മാവനാണ് ആ സ്‌കൂൾ ആരംഭിച്ചത്. അഞ്ചാം വയസിൽ നായനാരും അവിടെ ചേർന്നു. അക്കാലത്ത് പ്രധാനപ്പെട്ടൊരു സംഭവം നടക്കുകയുണ്ടായി. ഹരിജൻ കുട്ടികൾക്ക് അന്ന് സ്‌കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ ഒരു ദിവസം കോൺഗ്രസ് പ്രവർത്തകർ രണ്ട് ഹരിജൻ കുട്ടികളെ സ്‌കൂളിൽ ചേർത്തു. ഇതറിഞ്ഞ് നായനാരുടെ പിതാവും ഗ്രാമത്തലവനായ അമ്മാവനും എതിർപ്പുമായി രംഗത്തെത്തി. അടുത്ത ദിവസം ഹരിജൻ കുട്ടികളെ സ്‌കൂളിൽ നിന്നും അടിച്ചോടിച്ചു. പിറ്റേന്നുമുതൽ സ്‌കൂളിന്റെ മുന്നിൽ ആൾക്കൂട്ടമുണ്ടായി. മൂന്നാം ദിവസം ആ ഹരിജൻ കുട്ടികളെയും കൂട്ടി ഒരു കൊച്ചു മനുഷ്യൻ സ്‌കൂളിലേക്ക് കയറിവന്നു. അത് കേളപ്പനായിരുന്നു. ഓരോ ദിവസവും രാവിലെ കേളപ്പൻ ഹരിജൻ കുട്ടികളെയും കൊണ്ട് സ്‌കൂളിൽ വരും. വൈകുന്നേരം വീട്ടിൽ കൊണ്ടുചെന്ന് വിടും. ഇതറിഞ്ഞ് നാടിന്റെ പല ഭാഗത്തുനിന്നും ആൾക്കാരെത്തി. വീടുവീടാന്തരം കയറിയിറങ്ങി അയിത്തോച്ചാടനത്തെപ്പറ്റി പ്രചാരണം നടത്തി. ഹരിജനങ്ങൾക്കുവേണ്ടി നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളിൽ ഭാഗവാക്കാകുവാൻ തനിക്കും കഴിഞ്ഞുവെന്ന് നായനാർ സ്മരിക്കുന്നു.

നായനാരുടെ പത്നി ശാരദടീച്ചറുടെ ഓർമയിൽ അദ്ദേഹം നിറഞ്ഞുനിൽപ്പുണ്ട്. കല്യാശേരിയിലെ ശാരദാസ് എന്ന വീട്ടിലേക്ക് ആര് കടന്നെത്തിയാലും വരാന്തയിൽ പുഞ്ചിരിച്ചുനിൽക്കുന്നുണ്ടാകും ശാരദടീച്ചർ. വീടെടുക്കുമ്പോൾ മക്കളുടെ പേരിടണമെന്ന് ടീച്ചറാഗ്രഹിച്ചിരുന്നു. നായനാർ സമ്മതിച്ചില്ല. നിന്റെ പേരു തന്നെ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ശാരദാസ് എന്ന് പേരിട്ടത്. വീട് സാധാരണ മട്ടിലുള്ളതാണ്. ഒറ്റ കാര്യമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. ഇരുന്നെഴുതാൻ സൗകര്യമുള്ള ഒരു മുറി പ്രത്യേകം ഉണ്ടാകണം. പുസ്തകങ്ങളും അലമാരകളും സൂക്ഷിക്കാൻ സ്ഥലം വേണം. അങ്ങനെയാണ് മുകളിലത്തെ മുറി ഒരുക്കിയതെന്ന് ശാരദ ടീച്ചർ ഓർമ്മിച്ചു. വീടുകാണാൻ പലരും വരാറുണ്ട്. കണ്ണൂരിൽ വന്ന് പോകുന്നവർക്ക് നായനാരുടെ വീട് തീർത്ഥാടനകേന്ദ്രമാണ്. കല്യാശേരി സ്‌കൂളിൽ അധ്യാപികയായിരിക്കുമ്പോഴാണ് വിവാഹാലോചന വന്നത്. അന്ന് നായനാർക്ക് മുപ്പത്തെട്ട് വയസ് പ്രായമാണ്. വിവാഹം വേണ്ടെന്ന് വച്ച് കഴിഞ്ഞുകൂടുകയായിരുന്നു. പാർട്ടി പ്രവർത്തകരാണ് നിർബന്ധിച്ചത്. തന്നെപോലെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന ഒരാൾക്ക് വിവാഹ ജീവിതം നയിക്കുക എളുപ്പമല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. 1958 സപ്തംബർ 28ന് ശാരദ ടീച്ചറുടെ കഴുത്തിൽ നായനാർ പൂമാലചാർത്തി. വിവാഹത്തിന് പ്രത്യേക ക്ഷണം നടത്തിയിരുന്നില്ല. നോട്ടീസടിക്കുകയായിരുന്നു. ശാരദടീച്ചറും കൃഷ്ണൻ നായനാരും തമ്മിൽ വിവാഹിതരാകുകയാണ്. എല്ലാവരും ചടങ്ങിൽ സംബന്ധിക്കണം ഇതായിരുന്നു നോട്ടീസിലെ വാചകം. കല്യാശേരി സി.ആർ.സി. വായനശാലയിൽ വെച്ചാണ് മാലയിടൽ ചടങ്ങ് നടന്നത്. വിവാഹം കഴിഞ്ഞ് അന്നുതന്നെ നായനാരോടൊപ്പം ശാരദടീച്ചറും തിരുവനന്തപുരത്തേക്ക് വണ്ടി കയറി. അടുത്ത ദിവസം പാർട്ടി സ്റ്റേറ്റ് കമ്മറ്റി ഉണ്ടായിരുന്നു.

ശാരദ ടീച്ചറുടെ കുടുംബജീവിതം സംതൃപ്തി നിറഞ്ഞതാണ്. എന്നും രാവിലെ ഉണരുന്ന പതിവ് നായനാർക്കുണ്ട്. അല്പം വ്യായാമം ചെയ്യും, അതു കഴിഞ്ഞ് ചായ. കൂടെ പത്രപാരായണം. കുളിയും ഒരുങ്ങലും എല്ലാം കഴിഞ്ഞ് ഓഫീസിലേക്ക് പുറപ്പെടും. ഇടയിൽ കുടിക്കാനുള്ള ജീരകവെള്ളം കുപ്പിയിലാക്കി ടീച്ചർ കാറിൽ വെച്ചുകൊടുക്കും. ഉച്ചയൂണ് സുഭിക്ഷമാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. മീൻ കറി കൂട്ടാതെ പറ്റില്ല. പ്രാതലിന് പുട്ടും കടലയുമുണ്ടെങ്കിൽ ബഹുകുശാലായി. രാത്രിയിൽ കഞ്ഞിയോ ചപ്പാത്തിയോ ഒരുക്കും. പരാതി പറയാത്ത ഭാര്യ എന്ന നിലയിലാണ് നായനാർ ടീച്ചറെ പരിചയപ്പെടുത്താറ്. തന്റെ കൂടെ വന്നിട്ടും സുഖമെന്തെന്ന് അനുഭവിച്ചറിയുവാൻ കഴിഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർക്കും. വീട്ടുകാര്യങ്ങളിലൊന്നും നായനാർ ഇടപെടാറില്ല. അതൊക്കെ ശാരദയുടെ ഡിപ്പാർട്ട്‌മെന്റ് എന്ന് അദ്ദേഹം പറയും.

രാഷ്ട്രീയ ജീവിതത്തിലെ അപൂർവ്വചാരുതയായിരുന്നു ഇ.കെ.നായനാർ. ആദർശദീപ്തിയും ആത്മവിശ്വാസവും തുടിച്ചു നിന്ന ആ രാഷ്ട്രീയ നേതാവ് വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഇടപെട്ട് എതിരാളിയുടെ മുനയൊടിക്കുന്ന പ്രസംഗശൈലി കൊണ്ട് അദ്ദേഹം അസാമാന്യ പ്രതിഭാവാനായി അറിയപ്പെട്ടു. ഒരു പക്ഷേ എ.കെ.ജി.യ്ക്കുശേഷം കേരളം കണ്ട ഏറ്റവും ജനപ്രിയനായ നേതാവും അദ്ദേഹമാകണം. മലയാളികളെ അദ്ദേഹം ഉണർച്ചയിലേക്കും ഉയരങ്ങളിലേക്കും നയിച്ചു. ചേലക്കോടൻ ആയിഷുമ്മ അക്ഷരം പഠിച്ചതും കേരളം സമ്പൂർണസാക്ഷരത നേടിയതും നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. തുടർ വിദ്യാഭ്യാസ പ്രക്രിയക്ക് തുടക്കമിട്ടതും അദ്ദേഹം തന്നെ.

രാഷ്ട്രീയക്കാരനായ നായനാരുടെ ജീവിതത്തിൽ കൗതുകം കലർന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്. അദ്ദേഹം ഉലുവപ്രിയനാണ്. നരസിംഹറാവുവിന് അദ്ദേഹം ഉലുവ കൊടുത്ത കഥ പ്രസിദ്ധമാണ്. നരസിംഹറാവു കേന്ദ്രമന്ത്രിയായപ്പോഴാണ് നായനാർ കാണാൻ ചെന്നത്. കുറേ സമയം നായനാർക്ക് കാത്തുനിൽക്കേണ്ടിവന്നു. ക്ഷമിക്കണം നായനാർ, ഞാനൊരു ഡയബറ്റിക് പേഷ്യന്റാണെന്ന് നരസിംഹറാവു പറഞ്ഞു. താനും ഡയബറ്റിക് പേഷ്യന്റാണെന്ന് നായനാർ സൂചിപ്പിച്ചു. എന്നാൽ ആയുർവേദിക് മെഡിസിനാണ് ഉപയോഗിക്കുന്നതെന്ന് സൂചിപ്പിച്ചു. തന്റെ കൈയിലുള്ള ഉലുവപ്പൊടി റാവുവിന് നൽകി. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശേഷവും ഉലുവപ്പൊടി അയച്ചുകൊടുത്തുവത്രേ.

2004 മെയ് 20ന്റെ പത്രങ്ങൾ പുറത്തിറങ്ങിയത് നായനാരുടെ ചരമവാർത്തയോടെയാണ്. ദില്ലിയിലെ ഓൾ ഇൻഡ്യ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ മെയ് 19ന് വൈകുന്നേരം അഞ്ചു മണിക്കായിരുന്നു അന്ത്യം. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് നായനാരാണ്. പ്രാദേശിക തലത്തിൽ നിന്ന് പടിപടിയായി വളർന്ന് പോളിറ്റ് ബ്യൂറോ വരെ ചെന്നെത്തി. നായനാർ മലയാളികളുടെ സ്വന്തമാണ്. ഏതു പ്രതിസന്ധിയിലും നർമ്മഭാഷണം കൊണ്ട് അയവുവരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൊച്ചുകുട്ടിയെപോലെ പൊട്ടിക്കരഞ്ഞ സന്ദർഭവുമുണ്ട്. കൊച്ചുകേരളത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പ്രക്ഷോഭ സമരങ്ങളുടെ മുന്നിൽ കൊടുംകാറ്റായി അദ്ദേഹം വീശിയടിച്ചിരുന്നു. പിന്നെയും പിന്നെയും ചുവക്കുന്ന ആകാശത്തിൽ പുതുമഴയുടെ കുളിർ സ്പർശമായി നായനാരുടെ സ്മരണകൾ പെയ്തിറങ്ങുന്നു. പുലരികൾ സ്വപ്നം കണ്ട് പുതുവഴികൾ തെളിയിച്ചെടുക്കുന്നവർക്ക് നായനാരുടെ കാല്പാടുകൾ എന്നും പിൻബലമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ