നിഗൂഢയാമങ്ങൾ - 18
May 15, 2018, 11:05 am
ആദ്യമായി മദ്യപിക്കുകയാണ്.
ആദ്യം അതു കഴിക്കുന്ന ഒരുവന് എന്തുമാത്രം അളവാകാമെന്ന് അറിയില്ലല്ലോ. അതുതന്നെയാണ് വിഷ്ണുവിനും സംഭവിച്ചത്!
നീലി നിറച്ചു നിറച്ചു തന്നു.
താനത് വാങ്ങി വാങ്ങിക്കുടിച്ചു.

ആദ്യത്തെ ഗ്ലാസ് തീർക്കാനേ കുറച്ചു ബുദ്ധിമുട്ടു തോന്നിയുള്ളൂ. പിന്നെ അതൊരാഗ്രഹമായി. ആവേശമായി. എത്ര വേണമെങ്കിലും ആവാമെന്നൊരു ധൈര്യമായി.
താൻ ആരാണെന്ന കാര്യം പോലും വിഷ്ണു മറന്നുപോയിരിക്കുന്നു. എത്തിയിരിക്കുന്നത് എവിടെയാണെന്നും.

ഒഴിച്ചു തരുന്ന മദ്യത്തേക്കാൾ അതൊഴിച്ചു തന്ന നീലിയുടെ ഗന്ധം മറ്റൊരു ലഹരിയായി. മുന്നിലേക്കു കുനിഞ്ഞുനിന്ന് അവൾ തന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ തന്റെ മിഴികൾ അവളുടെ ബ്ളൗസിനുള്ളിലായിരുന്നു. ''കൊച്ചമ്പ്രാൻ നേരത്തെ ഇവിടെ എത്തേണ്ടതായിരുന്നു. ങാ... സാരമില്ല. ഇനിയും വൈകിയിട്ടൊന്നുമില്ലാ കേട്ടോ!''
നീലി കുലുങ്ങിച്ചിരിച്ചു.
''എനിക്ക് കൊച്ചമ്പ്രാനെ തൊടാവോ?''
''ചോദിക്കും മുൻപെ അവളുടെ കൈ വിഷ്ണുവിന്റെ കവിളത്ത് ഉരസിയിരുന്നു. അവിടെ നിന്ന് അത് അവന്റെ മീശയിൽ, പിന്നെ കഴുത്തിൽ...!
വിഷ്ണു ആ തൂവൽ സ്പർശമേറ്റ് കോൾമയിർകൊണ്ടു.

''വാസുദേവൻ....! വാസുദേവനെവിടെ''?
വിഷ്ണുവിന്റെ നാവു കുഴഞ്ഞു.
''ഓ... അയാള് പോയിക്കാണും. കൊച്ചമ്പ്രാനെന്താ പേടിയാവുന്നോ? എന്തിനാ പേടിക്കണെ? ഞാനില്ലേ ഇവിടെ...?''
നീലി കുലുങ്ങിച്ചിരിച്ചു.
വിഷ്ണു ഒരു വിഡ്ഢിയെപ്പോലെ മിഴിച്ചുനോക്കി.
''കൊച്ചമ്പ്രാൻ ആദ്യമാണല്ലേ? ഓരോരുത്തരുടെയും ആദ്യാനുഭവങ്ങളെല്ലാം എല്ലാക്കാലത്തും ഓർമ്മിക്കുമെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. വരൂ, ഈ നീലി കൊച്ചമ്പ്രാനെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ മറ്റൊന്നുകൂടി സൂക്ഷിച്ചുവച്ചിട്ടുണ്ട്.''

വിഷ്ണുവിനെ പിടിച്ചെണീപ്പിക്കേണ്ടിവന്നു.
നീലി നയിച്ചിടത്തേക്ക് നടക്കുമ്പോൾ ആകാശത്തു പറക്കുന്ന ഒരപ്പൂപ്പൻതാടിയായിരുന്നു വിഷ്ണു. വീണുപോകാതിരിക്കാൻ വിഷ്ണുവിനെ നീലി താങ്ങിപ്പിടിച്ചു.
മണ്ണെണ്ണ വിളക്കിന്റെ നേർത്ത പ്രകാശം. കയറുവരിഞ്ഞ കട്ടിലിട്ട ഇടുങ്ങിയ മുറി. നീലിയുടെ ഗന്ധമുള്ള പുൽപ്പായ.
വിരലുകൾ പരതുന്നിടത്തെല്ലാം ആ കറുത്ത പൊന്നിന്റെ നിബിഡമായ മാംസളത!
പിന്നെയൊന്നും വിഷ്ണുവിനോർമ്മയില്ല.

ഒന്നുമൊന്നും ഓർമ്മയില്ല!
ഉച്ചകഴിഞ്ഞ നേരത്ത് ഇല്ലപ്പൂമുഖത്തു നിന്ന് ഉണരുമ്പോൾ വിഷ്ണുവിന്റെ മനസ്സിൽ അച്ഛന്റെ ചിത്രമുണ്ടായിരുന്നില്ല. രസനീയമായ മറ്റേതോ അനുഭൂതിയുടെ ആന്ദോളനമാണാഹൃദയത്തിൽ.
ഇന്നും നീലിയെ കാണണം!
ആ ഒരൊറ്റ വിചാരമാണ് ഉള്ളിൽ.
അമ്മയുടെയും സഹോദരിയുടെയും കണ്ണീരവൻ കണ്ടില്ല.
അച്ഛന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചില്ല.
വിഷ്ണു തൊടിയിലേക്കിറങ്ങി.
നീലിക്ക് ഇന്നലെ പണം കൊടുത്തില്ല. ഇന്ന് അതു കൊടുക്കണം. ഏതായാലും അച്ഛന്റെ പെട്ടിയിൽ നിന്നെടുക്കേണ്ട. വിളഞ്ഞു പാകമായ നാളികേരം തോപ്പിലുണ്ട്. അത് സ്ഥിരമായി വാങ്ങുന്ന മാപ്പിളയെ കാണണം. കുറെ പണം വാങ്ങണം.

പുറത്തേക്കിറങ്ങി നടക്കുമ്പോൾ വിഷ്ണുവിന്റെ ഉദ്ദേശ്യങ്ങൾ അതായിരുന്നു.
പിന്നിൽ നിന്ന് അമ്മ വിളിച്ചെങ്കിലും വിഷ്ണു ചെവികൊടുത്തില്ല. ഓടിച്ചെന്ന് അവനെ തടയാനോ എങ്ങോട്ടു പോകുന്നു എന്ന് തിരക്കാനോ അവർക്കു കഴിഞ്ഞില്ല. കരയാനല്ലാതെ അവരെക്കൊണ്ട് ഒന്നിനു കഴിയുമായിരുന്നില്ല.

ആ ഇല്ലത്തെ ഓരോരുത്തരെയും നിയന്ത്രിച്ചു കൊണ്ടിരുന്നത് യഥാർത്ഥത്തിൽ അവരായിരുന്നില്ലെന്ന് മാത്രം ആരും അറിഞ്ഞിരുന്നില്ല. അവരുടെയൊക്കെ നിയന്ത്രണം ഭൈരവന്റെ മനസ്സിലായിരുന്നു.
അവൻ മനസ്സിൽ വിചാരിക്കുന്നതുപോലെയൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോന്നിനും ഓരോ സമയം കണ്ടിട്ടുണ്ട്. ഓരോന്നിന്റെയും സമയത്ത് അതു നടന്നിരിക്കും!
കൈമളെ ഭയപ്പെടുത്തി വിട്ടതോടെ ചെറിയൊരു ആശങ്കയുണ്ടായിരുന്നതും തീർന്നു.'' ഇനി അയാളായിട്ട് കവടി നിരത്തി തന്നെ കണ്ടെത്താൻ പോണില്ല!

അതോടെ മറ്റൊന്നുകൂടി മനസ്സിലായി. അത്തരം സൂക്ഷ്മകാര്യങ്ങളിൽപ്പോലും സജീവശ്രദ്ധ വച്ചുകൊണ്ടിരിക്കണം. ഒന്നുരണ്ടു മാസത്തിന്റെ താമസമേയുള്ളൂ. അത്രയും കാലം കൊണ്ട് ഇളങ്കരയില്ലം കുത്തുപാളയെടുക്കും.
ഭൈരവൻ ഇലച്ചാൽ കവലയിലേക്കാണ് നടന്നത്. അവനവിടെയെത്തുമ്പോൾ നാണു നായരുടെ ചായക്കടയിൽ തിരക്കിട്ട ചർച്ചകളാണ്. ഗ്രാമത്തിലെ വേണ്ടപ്പെട്ടവരൊക്കെ അവിടെ കൂടിയിട്ടുണ്ട്. വിഷയം ഇളങ്കരയില്ലം തന്നെ.

ചായക്കടയുടെ ഒരു മൂലയിൽ നിന്ന് ഭൈരവൻ ഒതുങ്ങിനിന്നു. അവൻ കടന്നുചെന്നെന്നു കരുതി സംസാരം ഇടമുറിഞ്ഞില്ല.

പറയുന്നത് രഹസ്യമോ ഭൈരവൻ ഒഴിവാക്കേണ്ട ആളോ അല്ലല്ലോ! പോരെങ്കിൽ അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ ഇല്ലത്തെ തലപ്പുലയ സ്ഥാനത്തിന്റെ ഇന്നത്തെ അവകാശി. ഒരുപക്ഷേ.. അവസാനത്തെ അവകാശി!(തുടരും)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.