ഷിരഹട്ടി പിടിച്ചപ്പോഴെ ബി.ജെ.പി വിജയം ഉറപ്പിച്ചു, അത്ഭുത മണ്ഡലത്തെക്കുറിച്ചറിയാം
May 15, 2018, 1:56 pm
ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങളെയും കടത്തി വെട്ടി വൻകുതിപ്പാണ് ബി.ജെ.പി നടത്തിയത്. അമിത് ഷായുടെ ചാണക്യതന്ത്രത്തിന് മുന്നിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സിദ്ദരാമയ്യക്കും അടിപതറുകയായിരുന്നു.

പോരാട്ടം ഇഞ്ചോടിഞ്ച് കനക്കുമ്പോഴും ഏവരുടെയും കണ്ണുകൾ ഷിരഹട്ടി എന്ന മണ്ഡലത്തിലേക്കായിരുന്നു. ഷിരഹട്ടിയിൽ വിജയിച്ചതോടെ ബി.ജെ.പി പ്രവർത്തകർ‌ ഉറപ്പിച്ചു കർണാടകയും താമര തന്നെ ഭരിക്കും. അങ്ങനെ വിചാരിക്കാൻ ഒരു കാരണമുണ്ട്. ഷിരഹട്ടി മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏത് പാർട്ടിയാണോ ജയിക്കുന്നത്, അവർ തന്നെ സംസ്ഥാനം ഭരിക്കുമെന്നാണ്. ഏഴ് അസംബ്ളി തിരഞ്ഞെടുപ്പിലും അഞ്ച് ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇതു തന്നെയായിരുന്നു അവസ്ഥ. 'ഷിരഹട്ടിയിൽ ആര് ജയിച്ചു കയറുന്നോ അവർ കർണാടകം ഭരിക്കും' എന്ന വാമൊഴി പോലും നാട്ടുകാർക്കിടയിൽ പരിചിതമായിക്കഴിഞ്ഞു.

വടക്ക് പടിഞ്ഞാറൻ കർണാടകയിലെ ഗ‌ഡാഗ് ജില്ലയിലാണ് ഷിരഹട്ടി മണ്ഡലം സ്ഥിതി ചെയ്യുന്നത്. രാമപ്പ ഷോബപ്പ ലാമനിയെയാണ് ഷിരഹട്ടിയിൽ ബി.ജെ.പി കളത്തിലിറക്കിയത്. കോൺഗ്രസിന്റെ ദോഡമണി രാമകൃഷ്‌ണ ഷിഡ്‌ലിങ്കപ്പയെയാണ് രാമപ്പ പരാജയപ്പെടുത്തിയത്.

നിലവിലെ വിവരമനുസരിച്ച് 107 സീറ്റിന്റെ ലീഡാണ് ബി.ജെ.പിക്കുള്ളത്. കോൺഗ്രസ് - 73, ജെ.ഡി.എസ്- 40, മറ്റുള്ളവർ- 02 എന്നീ നിലയിലാണ് വോട്ട് നില.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ