കോൺഗ്രസും ജെ.ഡി.എസും കൈകോർത്തു, കുമാരസ്വാമി മുഖ്യമന്ത്രിയാവും
May 15, 2018, 4:25 pm
ബംഗളൂരു: കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി  അധികാരത്തിൽ എത്തുന്നത് തടയുന്നതിന് വേണ്ടി കോൺഗ്രസ് ജനതാദൾ എസുമായി സഖ്യധാരണിയിലെത്തി. തനിച്ച് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ 39 സീറ്റുള്ള ജനതാദൾ എസിനെ കൂട്ടുപിടിച്ച് ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റി നിറുത്തകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് നേതാവ് എച്ച്‌.‌ഡി.കുമാരസ്വാമിക്ക് കോൺഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് അദ്ധ്യക്ഷൻ എച്ച്.‌ഡി.ദേവഗൗ‌ഡയെ അറിയിച്ചു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന് ആയിരിക്കും. ഒരു ദളിത് നേതാവായിരിക്കും ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയെന്ന് അറിയുന്നു.

ഇന്ന് വൈകിട്ട് തന്നെ കോൺഗ്രസ് ജെ.ഡി.എസുമൊത്ത് ഗവർണർ വജുഭായ് വാലയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കും. അതേസമയം,​ ഗുജറാത്തിലെ മുൻ സ്‌പീക്കറും മുൻ മന്ത്രിയുമായ വജുഭായ് വാല ഏത് കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമെന്നതാണ് നിർണായകം. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സാധാരണ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയാണ് പതിവ്. ഇവിടെ എന്ത് നിലപാട് ഗവർണർ സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതൽ എം.എൽ.എമാരുള്ള കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ചരിത്രം മുന്പുണ്ട്. എ.ബി.വാജ്പേയ് പ്രധാനമന്ത്രിയായത് അങ്ങനെ ആയിരുന്നു. എന്നാൽ അന്ന് 13 ദിവസത്തിന് ശേഷം വാജ്പേയി രാജിവയ്ക്കുകയായിരുന്നു. എന്നാൽ, അന്തിമ ഫലം വരുന്നത് വരെ ഗവർണർ ഒരു കക്ഷിയേയും കാണില്ലെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം തങ്ങളുടെ വാഗ്ദ്ധാനം കുമാരസ്വാമി അംഗീകരിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ്  ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസിന് 20ഉം ദളിന് 14 മന്ത്രിമാരും ഉണ്ടാകുമെന്നാണ്  സൂചന. മാത്രമല്ല 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യവും തുടരാൻ ഇരു നേതാക്കളും തമ്മിൽ ധാരണയായിട്ടുണ്ട്.  തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 76 സീറ്റാണ് കിട്ടിയത്. ജെ.ഡി.എസിന്റെ 39 സീറ്റ് കൂടി ലഭിച്ചാൽ കോൺഗ്രസിന് ആകെ 115 സീറ്റാവും. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. രണ്ട് സ്വതന്ത്രന്മാരെയും കൂടെ നിറുത്താനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ബി.ജെ.പിക്ക് 104 സീറ്റാണുള്ളത്.

കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ദേവഗൗഡയുമായി ഫോണിൽ ചർച്ച നടത്തി. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിറുത്തുന്നതിന് ജെ.‌ഡി.എസിനെ നിരുപാധികം പിന്തുണയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയയും  അറിയിച്ചിട്ടുണ്ട്. മന്ത്രിമാരെ തീരുമാനിക്കാനുള്ള അവകാശവും നൽകാമെന്ന് കോൺഗ്രസ് ജെ.ഡി.എസിന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. ഭരണത്തിലിരുന്ന കർണാടകയിൽ ഇനി അധികാരരാഷ്ട്രീയം ഇല്ലെങ്കിലും സാരമില്ല എന്ന നിലപാടിലാണ് തൽക്കാലം കോൺഗ്രസുള്ളത്. ബി.ജെ.പി അധികാരത്തിൽ എത്തുന്നത് എങ്ങനെയും തടയുക എന്നതിനാണ് കോൺഗ്രസ്  പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ സർക്കാരുണ്ടാക്കിയാൽ കോൺഗ്രസിന് ജെ.ഡി.എസ് മന്ത്രിപദം നൽകുമെന്നത് ഉറപ്പാണ്.

അതേസമയം,​ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണറെ കണ്ട് അവകാശം ഉന്നയിക്കുമെന്ന് സംസ്ഥാന കോൺഗ്രസിന്റെ ചുമതലയുള്ള എ.​ഐ.​സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. കുമാരസ്വാമി മുഖ്യമന്ത്രിയാവുമെന്ന് ജെ.ഡി.എസ് വക്താവ് ഡാനിഷ് അലിയും പറഞ്ഞു.

എന്നാൽ,​ കോൺഗ്രസ് സർക്കാരുണ്ടാക്കുന്നതിനെ ചെറുക്കാൻ ബി.ജെ.പിയും രംഗത്തുണ്ട്. ഗവർണറെ കണ്ട്  സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല കേന്ദ്രമന്ത്രിമാർ ഉടൻ തന്നെ ബംഗളൂരുവിലെത്തും. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ