പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയ കർണാടക
May 16, 2018, 12:10 am
സുധാ മേനോൻ
പ്രവചനങ്ങളെയും മുൻവിധികളെയും, സർവോപരി ഇന്ത്യയിലെ ചുരുങ്ങി വരുന്ന ലിബറൽസെക്കുലർ പൊതുസമൂഹത്തിന്റെ ശുഭാപ്തിവിശ്വാസത്തെയും പാടെ കടപുഴക്കിക്കൊണ്ട് കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെയും സിദ്ധരാമയ്യയെയും പരാജയപ്പെടുത്തി ബി.ജെ.പിയെ ഒറ്റക്കക്ഷിയാക്കി എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇനിയുള്ള നാൾവഴികളിൽ തുടർചലനങ്ങൾ ഉണ്ടാക്കും എന്നുറപ്പാണ്. ഒരുപാട് അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും, മുൻകാലങ്ങളെ അപേക്ഷിച്ച് ചിട്ടയായ പ്രവർത്തനം നടത്തിയിട്ടും, ജനക്ഷേമകരമായ ഭരണം നടത്തിയ, മതേതര ഇമേജ് ഉള്ള ഒരു പ്രാദേശികമുഖം മുന്നിൽ നിന്ന് നയിക്കാൻ ഉണ്ടായിട്ടും, ഹൈന്ദവ ധ്രുവീകരണത്തിന് എതിരെ 'അഹിന്ദ' എന്ന പിന്നാക്ക ദളിത് മുസ്ലിം വോട്ടുബാങ്ക് സൃഷ്ടിച്ചിട്ടും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. മറ്റു പല സംസ്ഥാനങ്ങളിലും ഇങ്ങനെ ഒരുമേൽക്കൈ കോൺഗ്രസിന് ഉണ്ടായിരുന്നില്ല. പക്ഷേ, ഭരണവിരുദ്ധ തരംഗം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, സാമുദായിക സ്വത്വരാഷ്ട്രീയം കളി നിയന്ത്രിക്കുന്ന കർണാടകയിൽ സാമുദായിക ധ്രുവീകരണവും, ബി.ജെ.പിയുടെ ചാണക്യതന്ത്രവും, അവസാനനാളുകളിലെ മോദിയുടെ വൈകാരികപ്രസംഗങ്ങളും മറ്റു സംസ്ഥാനങ്ങളിലെ പോലെ പ്രധാന വിഷയങ്ങളെ അപ്രസക്തമാക്കി കൊണ്ട് മുന്നോട്ടു വന്നു എന്ന് തന്നെ പറയണം.
ജനതാദൾ പ്രതീക്ഷിച്ചത്‌ പോലെ കിംഗ്‌മേക്കർ ആയെങ്കിലും, കർണാടക ഭരിക്കാൻ കുമാരസ്വാമിക്ക് കഴിയുമോ എന്ന് പറയാറായിട്ടില്ല. പിന്തുണയുമായി കോൺഗ്രസ് മുന്നോട്ടു വന്നത് എന്തായാലും ബി.ജെ.പിയുടെ അധികാര സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടുന്നുണ്ട്.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വോട്ട് ശതമാനത്തിൽ അത്രയേറെ തിരിച്ചടി നേരിട്ടിട്ടില്ല. ഏതാണ്ട് ബി.ജെ.പിയോടൊപ്പം തന്നെ നിൽക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ബി.ജെ.പി കർണാടകയിൽ കുതിച്ച് കയറിയത്?
ഒന്നാമത്തേതും, ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം, കർണാടക സമൂഹത്തിന്റെ അടിത്തട്ടിൽ പോലും എത്തിച്ചേരുന്ന തരത്തിലുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വ്യാപകമായ നിർവ്യാപനം തന്നെയാണ്. ഈയൊരു ധ്രുവീകരണത്തിന്റെ അപാരസാദ്ധ്യതകൾ നന്നായി മനസിലാക്കി കൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പ് തന്ത്രം ആയിരുന്നു ബി.ജെ.പി കർണാടകയിൽ സമർത്ഥമായി പയറ്റിയത്. നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ആയിരുന്നു ബി.ജെ.പിയുടെ പ്രചാരണരംഗത്തെ സ്റ്റാർ പെർഫോമർമാർ. കഴിഞ്ഞ കുറെ നാളുകളായി തീരദേശത്തു മാത്രം ഒതുങ്ങിയിരുന്ന ഹൈന്ദവ ധ്രുവീകരണം, മറ്റുമേഖലകളിലേക്ക് കൂടി വ്യാപിച്ചു. കോൺഗ്രസിന്റെ ജനക്ഷേമപരിപാടികളുടെ ഗുണം ആവോളം ലഭിച്ച ഹൈദരാബാദ് കർണാടകയിലെ പിന്നാക്കബെൽറ്റിൽ പോലും ബി.ജെ.പി മുന്നിട്ടു നിന്നത്, എക്കാലത്തും സാമൂഹ്യനീതിയുടെയും, റാഡിക്കൽ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയം മുന്നോട്ടുവച്ച മതേതര കന്നഡസമൂഹം കാവിയിലേക്ക് മാറുന്നതിന്റെ നേർക്കാഴ്ചയാണ് നൽകുന്നത്. ഇതിനെ പ്രതിരോധിക്കാൻ സിദ്ധരാമയ്യ മുന്നോട്ടു വച്ച 'അഹിന്ദ' തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് കാണാം. അമിത്ഷാ സിദ്ധരാമയ്യയെ വിശേഷിപ്പിച്ചിരുന്നത് അഹിന്ദു എന്നായിരുന്നു. ഇതും, വോട്ടർമാർക്കിടയിൽ ഒരു ഹൈന്ദവ ധ്രുവീകരണം ഉണ്ടാക്കിയെന്നുവേണം കരുതാൻ. തീരദേശത്തെ മുസ്ലിം സ്ഥാനാർത്ഥികൾ നേടിയ വോട്ടു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും, ഹൈന്ദവ ധ്രുവീകരണത്തിന്റെ ആഴം.
രണ്ടാമത്തെ ഘടകം, ബി.ജെ.പിയുടെ 'ബ്രഹ്മാസ്ത്രം' എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും പ്രകടനവും ആണ്. തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ, ഗുജറാത്തിലെ പോലെ തന്നെ അത് വരെയുള്ള എല്ലാ സമവാക്യങ്ങളെയും അപ്രസക്തമാക്കി മോദി നടത്തിയ വൈകാരിക പ്രസംഗങ്ങളും 21 റാലികളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കലയിൽ തന്നെ വെല്ലാൻ മറ്റാരും ഇല്ലെന്നു തെളിയിക്കുന്നതായിരുന്നു. വികസനമോ, നോട്ടു നിരോധനമോ, തൊഴിലില്ലായ്മയോ ചർച്ച ചെയ്യുന്നതിന് പകരം, എതിരാളികളെ അബദ്ധജടിലമായ ചരിത്രം കൊണ്ട്‌ നേരിടാനാണ് അദ്ദേഹം ശ്രമിച്ചത്. ചരിത്രത്തിലെ വസ്തുതകൾ അന്വേഷിച്ചുപോകാൻ മെനക്കെടാത്ത സാധാരണ ജനത്തിനെ സ്വാധീനിക്കാൻ ഇത്തരം വൈകാരിക പ്രസംഗങ്ങൾ മതിയാകും. ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ബി.ജെ.പിയെ ബഹുദൂരം കുതിക്കാൻ മോദി സഹായിച്ചു എന്ന് ഉറപ്പിച്ചു പറയാം. ടിപ്പുസുൽത്താൻ, ഭഗത് സിംഗ് എന്നിവർക്കൊപ്പം കരിയപ്പാ തുടങ്ങിയ ചരിത്രബിംബങ്ങൾ ദേശീയ-ഉപദേശീയ വികാരങ്ങളെ ജ്വലിപ്പിക്കാൻ അത്യാവശ്യമാണെന്ന്‌ നേരത്തേ ഗുജറാത്തിൽ പരീക്ഷിച്ചു വിജയം കണ്ട ഫോർമുലയാണ്.
മൂന്നാമത്തെ ഘടകം, സിദ്ധരാമയ്യയുടെ പാളിപ്പോയ 'സോഷ്യൽ എൻജിനിയറിംഗ് ' ആണ്. ലിംഗായത്ത്‌ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ വേണ്ടി വാഗ്ദാനം ചെയ്ത ന്യൂനപക്ഷ പദവി അനുകൂലമായി ഒരു ചലനവും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, മറ്റു സമുദായങ്ങളെ കോൺഗ്രസിൽ നിന്ന് അകറ്റാനും ഇടയാക്കി. സിദ്ധരാമയ്യ പിന്നാക്ക സമുദായങ്ങളെയും ദളിതുകളെയും പ്രീണിപ്പിക്കുന്നു എന്ന് പ്രചാരണം നടത്തി സവർണവോട്ടുകൾ ഒന്നടങ്കം നേടാനും ബി.ജെ.പിയെ സഹായിച്ചു. ലിംഗായത്ത്‌ വോട്ടുകളുടെ ധ്രുവീകരണത്തിനു വേണ്ടി ആയിരുന്നു യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി ബി.ജെ.പി ഉയർത്തിക്കാട്ടിയത്. മറ്റെല്ലാറ്റിനും ഉപരിയായി, അവർ അഭിമാനപ്രശ്നമായി കണ്ടത് ഒരു ലിംഗായത്ത് കർണാടകയുടെ മുഖ്യമന്ത്രി ആകുന്നതു തന്നെ ആയിരുന്നു. ഈ ഞാണിന്മേൽ കളിക്ക് സിദ്ധരാമയ്യയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ലിംഗായത്ത്‌ കോട്ടകളിൽ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം വ്യക്തമാണ്. അതോടൊപ്പം തന്നെ ജനതാദളിലെ പരമ്പരാഗത വോട്ടുബാങ്കായ വൊക്കലിംഗ സമുദായം, ഒറ്റക്കെട്ടായി അവർക്ക് പിന്നിൽ നിന്നു. അതേസമയം, അഹിന്ദ എന്ന 'അമൂർത്ത' വോട്ടുബാങ്ക് പൂർണമായും കോൺഗ്രസിന് ഒപ്പം നിന്നുമില്ല എന്നാണു ഫലങ്ങൾ കാണിക്കുന്നത്.
നാലാമത്തെ ഘടകം, മതേതരവോട്ടുകളുടെ ചിതറൽ ആണ്. ഒരുപക്ഷേ ഇന്ന്‌ കോൺഗ്രസും ദളും അധികാരം നിലനിറുത്താൻ ശ്രമിക്കുന്ന ഈ ആത്മാർത്ഥത തിരഞ്ഞെടുപ്പിന് മുൻപുള്ള ഒരു സഖ്യം ആയിരുന്നുവെങ്കിൽ, വ്യക്തമായ ഭൂരിപക്ഷത്തോടെ അവർക്ക് അധികാരത്തിൽ വരാൻ കഴിയുമായിരുന്നു. ബി.ജെ.പിയിൽ നിന്നും ദളിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസിന്റെ പരമ്പരാഗതവോട്ടുകൾ സംസ്ഥാനമാകെ ചിതറിക്കിടക്കുന്നതാണ്. ഒരു മേഖലയിലും കോൺഗ്രസിന് ശക്തികേന്ദ്രങ്ങൾ ഇല്ല. ഈയൊരു പരിമിതി ജനതാദളുമായുള്ള സഖ്യത്തിലൂടെ പരിഹരിക്കാമായിരുന്നു. പക്ഷേ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിൽ ആ സാദ്ധ്യതകളെ കോൺഗ്രസ് പരിഗണിച്ചില്ല. ഒപ്പം, പലയിടത്തും ദളും ബി.ജെ.പിയും രഹസ്യ ധാരണ ഉണ്ടായതായി കരുതേണ്ടിയിരിക്കുന്നു. മൈസൂർ ഹൈദരാബാദ്‌ മേഖലയിലെ ഫലങ്ങൾ കാണിക്കുന്നത് അത് തന്നെയാണ്.
അഞ്ചാമത്തെ സുപ്രധാന ഘടകം, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ബൂത്ത് മാനേജ്‌മെന്റ് തന്നെയാണ്. കോൺഗ്രസിന്റെ ഒരു തന്ത്രത്തിനും, സംഘടനാപരമായ ഉണർവിനും, ഭരണത്തിനും ഒന്നും തന്നെ ഈമേൽക്കൈ തകർക്കാൻ കഴിയുന്നില്ല എന്നത് ഒരു വസ്തുതയായി കോൺഗ്രസ് അംഗീകരിക്കണം. ഇരുപത്തിനാല് മണിക്കൂറും ചലനാത്മകമായ, ഒരു വലിയ നെറ്റ്‌‌‌വർക്ക് ആണ് അത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമുള്ള ഒരു താത്കാലിക സ്ട്രാറ്റെജിയിലൂടെ മറികടക്കാവുന്നതല്ല അത്. അവസാന നിമിഷത്തെ അടിയൊഴുക്കുകളും വൈകാരികതയും ബൂത്തിൽ ആളെ കൃത്യമായി എത്തിക്കുന്ന വിദ്യയും ഒക്കെ എല്ലാ മാദ്ധ്യമങ്ങളും ഉപയോഗിച്ച് കൃത്യമായി അവർ ചെയ്യുന്നുണ്ട്. അതിനുവേണ്ടി പണമൊഴുക്കാനും മടിയില്ല. മറ്റു പാർട്ടികളെക്കാൾ സമർത്ഥമായി ബി.ജെ.പിക്ക് ഇത് ചെയ്യാൻ കഴിയുന്നത്, ബി.ജെ.പിയുടെ ഡി.എൻ.എ, ആർ.എസ്.എസ് ആയതുകൊണ്ടാണ്. പ്രത്യയശാസ്ത്ര ഭാരമില്ലാത്ത കോൺഗ്രസിന് തങ്ങളുടെ താഴേക്കിടയിലുള്ള പ്രവർത്തകരിലൂടെ ഈ ആഗോള 'രാഷ്ട്രീയ സർവയലൻസ് സംഘത്തെ'യും അവരുടെ പ്രതിജ്ഞാബദ്ധതയെയും നേരിടാൻ കഴിയില്ല. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം, ഹിന്ദു രാഷ്ട്രമെന്ന അവരുടെ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടിയാണ് ഓരോ തിരഞ്ഞെടുപ്പും. ഇതിലും നല്ല രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിൽ അവർക്ക് ഇനി കിട്ടില്ല. അതുകൊണ്ട് തന്നെ, ഓരോ വോട്ടും കൃത്യമായി പോൾ ചെയ്യിക്കാൻ നിശബ്ദ സാന്നിദ്ധ്യമായി സംഘം ഉണ്ട്. ഈ ഒരു ഫാക്ടർ അതീവ ഗൗരവത്തിൽ എടുക്കാതെ ബി.ജെ.പിയെ നേരിടാൻ ഇനി ഒരു കക്ഷിക്കും കഴിയില്ല.
ചുരുക്കത്തിൽ, കർണാടകയിൽ കോൺഗ്രസ് - ജനതാദൾ കൂട്ടുകെട്ട് ഭരിച്ചാലും, വരുന്ന പൊതു തിരഞ്ഞെടുപ്പിൽ, ബി.ജെ.പിയെ നേരിട്ട് പരാജയപ്പെടുത്തുന്നത് ഒരു കക്ഷിക്കും എളുപ്പം ആയിരിക്കില്ല.
ബി.ജെ.പി ഇതേ തന്ത്രം ആയിരിക്കും ഇനിയും പരീക്ഷിക്കുന്നത്. മതരാഷ്ട്രീയം മാത്രമല്ല, ജാതിക്കാർഡും അനുകൂലമാക്കി എടുക്കാൻ കഴിയുമെന്ന് തെളിയിച്ചു. ഇപ്പോഴത്തെ കോൺഗ്രസ് സംഘടനാപരമായും നേതൃത്വപരമായും സംഘപരിവാറിനെ നേരിടാൻ പര്യാപ്തമല്ല. എല്ലാ വിയോജിപ്പുകളും മാറ്റിവച്ച്, മതേതരകക്ഷികളെ ഒന്നിച്ചു നിറുത്തി വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ ആണ്‌ കോൺഗ്രസ് മുന്നിൽ നിന്ന് ശ്രമിക്കേണ്ടത്. കാരണം, കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, തിരിച്ചു വരവിന്റെ പ്രശ്നം മാത്രമല്ല ഇത്. മറിച്ച്, ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം പേറുന്ന ഒരു പാർട്ടിയുടെ ആത്യന്തികമായ നിലനില്പ് കൂടിയാണ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ