മകൻ പത്താം ക്ലാസ് തോറ്റു, നാട്ടുകാർക്ക് ഗംഭീര പാർട്ടിയൊരുക്കി അച്ഛൻ
May 15, 2018, 5:48 pm
ഭോപ്പാൽ: പത്താം ക്സാസ് തോറ്റ മകന് അച്ഛൻ നൽകിയ സമ്മാനം കണ്ട് അമ്പരന്ന് നിൽക്കുകയാണ് മദ്ധ്യപ്രദേശിലെ ഗ്രാമവാസികൾ. പരീക്ഷയിൽ തോറ്റതിനെ ഓർത്ത് സങ്കടപ്പെടാതെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഗംഭീര പാർട്ടി നൽകിയാണ് ഈ അച്ഛൻ മകനെ സന്തോഷിപ്പിച്ചത്. പടക്കം പൊട്ടിച്ചും, നാടാകെ മധുരം വിതരണം ചെയ്തും ഒരു നേരത്തെ ഭക്ഷണം നൽകിയുമാണ് നാട്ടുകാരെയും പ്രിയപ്പെട്ടവരെയും പിതാവ് പറഞ്ഞയച്ചത്.

ശിവാജി വാ‌ർഡ് സ്വദേശിയും സിവിൽ കോൺട്രാക്ടറുമായ സുരേന്ദ്ര കുമാർ വ്യാസാണ് മകന്റെ തോൽവി വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചത്. ഇങ്ങനെയാണ് എനിക്ക് എന്റെ മകനെ പ്രോത്സാഹിപ്പിക്കേണ്ടത്. മിക്ക കുട്ടികളും പരീക്ഷയിൽ തോറ്റാൽ വിഷാദത്തിലേക്ക് വീണു പോകാറാണ് പതിവ്. ചിലർ ആത്മഹത്യയ്ക്ക് മുതിരാറുണ്ട്. ബോർഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാനത്തെ പരീക്ഷയെന്നാണ് എനിക്ക് കുട്ടികളോട് പറയാനുളളത്. ഇനിയും അവർ മുന്നോട്ട് പോകാനുണ്ട്', അദ്ദേഹം പറഞ്ഞു.

കൂടാതെ അടുത്ത വർഷം മകന് പരീക്ഷ വീണ്ടും എഴുതാൻ കഴിയുമെന്ന പ്രതീക്ഷയും സുരേന്ദ്ര കുമാർ പ്രകടിപ്പിച്ചു. പിതാവിന്റെ പ്രവൃത്തിയിൽ മകനും ഏറെ സന്തോഷത്തിലാണ്. തന്നെ ഇത് പ്രചോദിപ്പിക്കുന്നതായും ജീവിതത്തിൽ മുന്നോട്ട് പോകാൻ ഇത് സഹായിക്കുമെന്ന് മകൻ അഷു കുമാർ പറഞ്ഞു. 'എന്റെ അച്ഛനെ ഞാൻ അഭിനന്ദിക്കുന്നു. നല്ല മാർക്കോടെ അടുത്ത വർഷം ജയിക്കാൻ ഞാൻ പരിശ്രമിക്കും'- അഷു പറഞ്ഞു.

അതേസമയം, മദ്ധ്യപ്രദേശ് ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്ത ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്ന് മണിക്കൂറുനുള്ളിലാണ് കുട്ടികൾ ആത്മഹത്യ ചെയ്തത്. മദ്ധ്യപ്രദേശിലെ വിവിധ ജില്ലകളിലെ വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ