സഖ്യത്തിൽ വിള്ളൽ വീഴ്‌ത്താൻ ബി.ജെ.പി, എം.എൽ.എമാരെ നാടുകടത്താൻ കോൺഗ്രസ്
May 15, 2018, 7:39 pm
ബംഗളൂരു: കർണാടകയിൽ സർക്കാരുണ്ടാക്കാൻ ധാരണയിലെത്തിയ കോൺഗ്രസ് - ജനതാദൾ എസ് സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ നിർണായകവുമായി ബി.ജെ.പി. ജനതാദളുമായി കൂട്ടുകൂടുന്നതിൽ എതിർപ്പുള്ള കോൺഗ്രസ് അംഗങ്ങളെ സഖ്യത്തിൽ നിന്നും അടർത്തിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ലിംഗായത്ത് വിഭാഗത്തിൽ പെട്ട 10 കോൺഗ്രസ് എം.എൽ.എമാരുമായി ബി.ജെ.പി നേതാക്കൾ ചർച്ച നടത്തുന്നുവെന്നാണ് വിവരം. ചില കോൺഗ്രസ് അംഗങ്ങൾ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന് കാട്ടുന്ന കത്ത് ബി.ജെ.പി ഗവർണർക്ക് കൈമാറിയതായും സൂചനയുണ്ട്.

അതേസമയം, ഗവർണറുടെ തീരുമാനം തങ്ങൾക്ക് പ്രതികൂലമാകുകയാണെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ. ജനതാദൾ എസുമായി സഖ്യത്തിലെത്തിയ തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും അതിനാൽ തങ്ങളെ ആദ്യം ക്ഷണിക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അതിനിടെ ബി.ജെ.പി കുതിരക്കച്ചവടത്തിനുള്ള നീക്കങ്ങൾ തുടങ്ങിയതോടെ തങ്ങളുടെ എം.എൽ.എമാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാൻ കോൺഗ്രസ്, ജനതാദൾ നേതൃത്വം നീക്കം ആരംഭിച്ചിട്ടുണ്ട്. ചില എം.എൽ.എമാർക്ക് ജനതാദൾ വിപ്പ് നൽകിയിട്ടുണ്ട്. ഇത് ലംഘിച്ച് വോട്ട് ചെയ്‌താൽ അയോഗ്യത നടപടികൾ നേരിടേണ്ടി വരും.

അതിനിടെ ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്‌ചത്തെ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യം ഗവർണർ വാജുഭായ് വാല അംഗീകരിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുതിർന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും അടങ്ങുന്ന സംഘം കർണാടകയിലെത്തി. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി സുഷമാ സ്വരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിർണായക യോഗം നടക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ