കുന്നംകുളത്തെ ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചോ? സത്യമിതാണ്
May 15, 2018, 9:21 pm
തിരുവനന്തപുരം: കുന്നംകുളത്തെ ഹോട്ടലിൽ നടത്തിയ റെയിഡിൽ പട്ടിയിറച്ചി പിടിച്ചുവെന്ന വാർത്ത കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിന്റെ സത്യാവസ്ഥ തിരക്കി നിരവധി പേരാണ് കുന്നംകുളം പൊലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുന്നത്. കോളുകൾക്കെല്ലാം മറുപടി പറഞ്ഞ് മടുത്ത പൊലീസ് ഒടുവിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തി.

കുന്നംകുളത്തെ അശോക എന്ന് പേരുള്ള ഒരു ഹോട്ടലിൽ നിന്നാണ് പട്ടിയിറച്ചി പിടിച്ചതെന്നാണ് സോഷ്യൽ മീഡിയ സന്ദേശത്തിൽ പറഞ്ഞിരുന്നത്. എസ്.ഐ കാട്ടുമാന്തി വേലായുധന്റെ നേതൃത്വത്തിലാണ് പട്ടിയിറച്ചി പിടിച്ചത്. കശാപ്പ് ചെയ്‌തതും അല്ലാതെയും സൂക്ഷിച്ചിരുന്ന പട്ടികളെ ഇവിടെ നിന്നും കണ്ടെത്തിയതായും സന്ദേശത്തിൽ പറഞ്ഞിരുന്നു. സംഗതി വൈറലായതോടെ പുലിവാൽ പിടിച്ചത് കുന്നംകുളം പൊലീസാണ്.

പട്ടിയിറച്ചി പിടിച്ചോ സാറേ എന്ന് ചോദിച്ച് കൊണ്ട് ഫോൺകോളുകൾ വരാൻ തുടങ്ങിയതോടെ വിശദീകരണം നൽകാൻ മാത്രം ഒരാളെ ഡ്യൂട്ടിക്ക് നിറുത്തേണ്ട ഗതികേടിലായി കുന്നംകുളം പൊലീസ്. അശോക എന്ന പേരിലുള്ള ഒരു ഹോട്ടൽ കുന്നംകുളത്തില്ല. പ്രചരിക്കുന്നത് വ്യാജവാർത്തയാണ്. ചിത്രത്തിലുണള്ളത് ഇതരസംസ്ഥാനക്കാരാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും. ആരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും കുന്നംകുളം പൊലീസ് അറിയിച്ചു. ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ കേസിൽ കുരുങ്ങിയേക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ