ബി. ജെ. പിയുടെ യാഗാശ്വം ഇനി സ്വന്തം നാടുകളിലേക്ക്
May 16, 2018, 1:21 am
യുദ്ധമുറകളും തന്ത്രങ്ങളും എത്ര തന്നെ പാളിയാലും രാഷ്‌ട്രീയത്തിൽ യുദ്ധങ്ങൾ അവസാനിക്കുന്നില്ല. ക‌ർണാടകത്തിലെ അങ്കത്തിനു ശേഷം പുതിയ അടവുകളുമായി രാഷ്ട്രീയ പാ‌ർട്ടികൾ ഒരുങ്ങുന്ന സംസ്ഥാനങ്ങളാണ് മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവ.

നിലവിൽ ബി.ജെ.പി ഭരിക്കുന്ന മൂന്നിടത്തും അടുത്ത വർഷം ജനുവരിയിൽ സർക്കാരുകളുടെ കാലാവധി തീരും. മൂന്നിടത്തും ഇക്കൊല്ലം അവസാനം തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് ഏപ്രിൽ - മേയിൽ നടക്കണം. അതിന് മുൻപുള്ള അവസാനത്തെ അസംബ്ലി തിരഞ്ഞെടുപ്പാവും ഈ സംസ്ഥാനങ്ങളിലേത്. ബി. ജെ. പി. അശ്വമേധം തുടരുന്ന പശ്ചാത്തലത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തേയാക്കി ഒപ്പം ഈ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടത്തിയേക്കാം. കർണാടകത്തിലെ ബി. ജെ. പിയുടെ വലിയ നേട്ടം ഈ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് കൂടുതൽ വീറ് പകരും.

 മദ്ധ്യപ്രദേശ്
പതിനഞ്ച് വർഷമായി മദ്ധ്യപ്രദേശ് ബി. ജെ. പി ഭരണത്തിലാണ്. മൂന്ന് തവണയായി ശിവരാജ് സിംഗ് ചൗഹാനാണ് മുഖ്യമന്ത്രി. 230 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 2013ലെ തിരഞ്ഞെടുപ്പിൽ 165 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് നേടിയത് 58 സീറ്റുകളും. മൂന്നാമത്തെ കക്ഷിയായ ബി.എസ്.പി 4 സീറ്റും മറ്റുള്ളവർ 3 സീറ്റും നേടി. ഭരണത്തുടർച്ചയ്‌ക്കായുള്ള കരുക്കളാകും ബി.ജെ.പി പയറ്റുക. നിലവിലെ സർക്കാരിന്റെ കാലാവധി 2019 ജനുവരി 7 വരെയാണ്. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് ഉണ്ടാവും.

 ഛത്തീസ്ഗഡ്
ഡോ.രമൺ സിംഗിന്റെ ബി.ജെ.പി സർക്കാ‌രാണ് മൂന്നുതവണയായി ഭരണം. നാലാം തവണയും വിജയം തന്നെ ബി.ജെ.പി ആഗ്രഹിക്കുന്നത്. 90 സീറ്റിൽ 50 എണ്ണം ബി.ജെ.പിക്കാണ്. 39 സീറ്റുമായി കോൺഗ്രസ് മുഖ്യപ്രതിപക്ഷമാണ്. രാജ്യമാകെ മോദി - അമിത് ഷാ തരംഗം വീശിയടിക്കുമ്പോൾ ബി. ജെ. പിയുടെ അധീനതയിലുള്ള ഛത്തീസ്ഗഡിൽ കോൺഗ്രസിന് എന്തുചെയ്യാൻ കഴിയുമെന്നത് ചോദ്യ ചിഹ്നമാണ്.

 രാജസ്ഥാൻ
1990ലാണ് ബി. ജെ. പി ആദ്യമായി അധികാരത്തിലേറുന്നത്. പിന്നീട് കോൺഗ്രസും ബി. ജെ. പിയും മാറി മാറി ഭരിച്ചു. ആകെ 200 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 2013ൽ 163 സീറ്റ് ബി.ജെ.പി നേടിയപ്പോൾ അമ്പേ തറപറ്റിയ കോൺഗ്രസിനു ലഭിച്ചത് വെറും 21 സീറ്റായിരുന്നു. കനത്ത തിരിച്ചടിയിൽ നിന്നൊരു ഉയിർത്തെഴുന്നേല്പാണ് കോൺഗ്രസിന് ആവശ്യം. അതിന് കോൺഗ്രസ് ആഞ്ഞു പരിശ്രമിക്കും. അതിന് തടയിടാനുള്ള തന്ത്രങ്ങൾക്കായിരിക്കും ബി.ജെ.പിയുടെയും മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെയും പാളയങ്ങളിൽ ആവിഷ്‌കരിക്കുന്നത്. വസുന്ധര രാജെ സിന്ധ്യയുടെ പ്രതിഛായ മങ്ങിയത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും വസുന്ധര തന്നെ അടുത്ത തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുമെന്നാണ് ബി. ജെ. പി പ്രഖ്യാപിച്ചിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ