കോൺഗ്രസ് എം.എൽ.എമാരെ താമസിപ്പിക്കുക ഈ റിസോർട്ടിൽ
May 16, 2018, 4:15 pm
ബംഗളൂരു: തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാതെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായ കർണാടകയിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽ നിന്ന് സ്വന്തം എം.എൽ.എമാരെ സംരക്ഷിക്കാൻ കോൺഗ്രസ് അവരെ റിസോർട്ടിൽ താമസിപ്പിക്കുന്നു. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഈഗിൾടൺ ഗോൾഫ് റിസോർട്ടിലാണ് എം.എൽ.എമാരെ കോൺഗ്രസ് താമസിപ്പിക്കുകയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇവിടെ 120 മുറികൾ ബുക്ക് ചെയ്തതായാണ് റിപ്പോർട്ട്.

കോൺഗ്രസ് ജനതാദൾ എസ് സഖ്യസർക്കാറിനെ ചില എം.എൽ.എ.മാർ എതിർത്തതിനെ തുടർന്ന് 2006 - 07 കാലത്ത് എച്ച്.ഡി. കുമാരസ്വാമി എം.എൽ.എ.മാരെ പാർപ്പിച്ചത് ഇതേ റിസോർട്ടിലായിരുന്നു. 2017 ആഗസ്റ്റിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ അഹമ്മദ് പട്ടേലിന്റെ വോട്ടുകൾ ഉറപ്പാക്കാൻ ഗുജറാത്തിലെ എം.എൽ.എമാരെ കോൺഗ്രസും ഇതേ റിസോർട്ടിൽ താമസിപ്പിച്ചിരുന്നു.

ലോകനിലവാരത്തിലുള്ള ഗോൾഫ് റിസോർട്ടാണ് ഈഗിൾടൺ റിസോർട്ട്. ആന്ധ്രാ സ്വദേശിയായ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് രാഷ്ട്രീയ നേതാക്കളുടെയും സമ്പന്നരുടെയും പ്രധാന കേന്ദ്രമാണ്. നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാർ പിഴ ചുമത്തിയ റിസോർട്ടെന്ന പേരും ഇതിനുണ്ട്. ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിന് സർക്കാർ സ്ഥലം അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് 982 കോടി രൂപയാണ് സർക്കാർ പിഴ ചുമത്തിയത്. പിഴ അടയ്ക്കുന്നില്ലെങ്കിൽ റിസോർട്ടിനായി ലഭിച്ച സ്ഥലം സർക്കാറിന് തിരിച്ച് നൽകാനും നിർദേശിച്ചിരുന്നു. ബി.ജെ.പി.ഭരണകാലത്ത് 82.69 കോടി രൂപ ഫീസായി സ്വീകരിച്ച് റിസോർട്ടിനായി 77 ഏക്കർ സ്ഥലം വിട്ടുനൽകുകയായിരുന്നു.
എന്നാൽ, ഇതു വിപണിവിലയെക്കാൾ കുറവാണെന്നുകാണിച്ചാണ് കോൺഗ്രസ് സർക്കാർ 982 കോടി പിഴ ചുമത്തിയത്. അതിനാൽ തന്നെ ഈ റിസോർട്ടുമായി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ബന്ധമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ